ധോണി പുറത്തായത് നോബോളിലോ?; ചർച്ച കൊഴുക്കുന്നു; വിവാദം

തലനാരിഴക്ക് ഇന്ത്യക്ക് ലോകകപ്പ് ഫൈനൽ പ്രവേശം നഷ്ടമായതിന്റെ വിഷമത്തിലാണ് ആരാധകർ. മൽസരശേഷം പിച്ചിനെ ചൊല്ലിയും നോബോളുകളെച്ചൊല്ലിയും വിവാദം കൊഴുക്കുന്നുണ്ട്. 

ധോണിയും ജഡേജയും മിന്നിയ മൽസരത്തിൽ‌ ധോണിയുടെ പുറത്താകലിനെക്കുറിച്ചാണ് പുതിയ വിവാദം. 72 പന്തില്‍ നിന്ന് 50 റൺസ് എടുത്താണ് ധോണി പുറത്തായത്. ധോണിയുടെ പുറത്താകലോടെ ഇന്ത്യൻ പ്രതീക്ഷകള്‍ ഏതാണ്ട് ഇല്ലാതാകുകയും ചെയ്തു. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയിലാണ് ‌താരം റണ്‍ ഔട്ട് ആയത്. 

എന്നാൽ കിവീസ്, ഫീൽഡിങ്ങ് നിയന്ത്രണങ്ങൾ തെറ്റിച്ച പവർപ്ലേയിലായിരുന്നു ധോണിയുടെ പുറത്താകൽ എന്നാണ് പുതിയ വിവാദം.  നിയമം അനുസരിച്ച് മൂന്നാം പവര്‍പ്ലേയില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് അഞ്ചു ഫീല്‍ഡര്‍മാരിലധികം ഉണ്ടാകാന്‍ പാടില്ലെന്നാണ് നിയമം. എന്നാൽ ഈ സമയം ആറ് ഫീൽഡർമാർ ഉണ്ടായിരുന്നവെന്നാണ് സൈബര്‍ ലോകം കണ്ടെത്തിയിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ ഈ നിയമം തെറ്റിക്കൽ ചർച്ചയാകുകയാണ്. അമ്പയര്‍മാർക്കെതിരെയും വ്യാപക പരാതികളാണ് ഉയരുന്നത്. ധോണി പുറത്തായ പന്ത് നോബോൾ വിളിച്ചിരുന്നെങ്കിൽ കളിയുടെ ഗതി തന്നെ മാറുമായിരുന്നുവെന്ന് ആരാധകർ പറയുന്നു.