ആ പന്ത് പിടിക്കാൻ ക്യാപ്റ്റൻ ഓടിയത് 18 മീറ്റർ; കപിലിന്റെ ലോകകപ്പിന് 36 വയസ്

kapil-dev24
SHARE

1983 ജൂൺ 25ന് ക്രിക്കറ്റ് ലോകം പുതുവഴികള്‍ തേടിയ ദിനം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിവരച്ച ലോക കിരീടം അന്നാണ് ഇന്ത്യ നേടിയത്.  കപിലിന്റെ ചെകുത്തന്മാര്‍ എന്ന് ആക്ഷേപം കേട്ട് തലകുനിച്ച് ഇംഗ്ലണ്ടില്‍ ഇറങ്ങിയവർ ലോര്‍ഡ്സില്‍  കപ്പുയർത്തി തലയെടുപ്പോടെ മടങ്ങി.  കപില്‍ ദേവ് എന്ന ക്യാപ്റ്റന്റെ ഓള്‍റൗണ്ട് മികവും ടീമംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയുമാണ് ഇന്ത്യയെ ചരിത്ര വിജയത്തില്‍ എത്തിച്ചത്.  

ആരാണ് കപില്‍ ദേവ്

‘അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ചുകളിക്കുക. പ്രത്യേകം ഓര്‍ക്കേണ്ടത് അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി ഫീല്‍ഡില്‍ പുറത്തെടുത്താല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കുവാന്‍ പറ്റുന്ന ലോകകിരീടം ലഭിക്കും’. 1983ലെ ലോകകപ്പ് ഫൈനലിന്റെ ഇന്നിങ്സ് ബ്രേക്കിന് ഇടയില്‍ കപില്‍ ദേവ് എന്ന ക്യാപ്റ്റന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രചോദിപ്പിച്ച വാക്കുകളാണിത്. ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 183 റണ്‍സിന് പുറത്തായശേഷം ആയിരുന്നു കപിലിന്റെ ഈ പ്രചോദനം. 

183 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യയ്ക്കായി  ഗ്രീനിജിനെയും ഹെയ്ന്‍സിനെയും തുടക്കത്തിലെ പുറത്താക്കി സന്ധുവും മദന്‍ലാലും പ്രചോദിപ്പിച്ചു. പക്ഷെ വിവിയന്‍ റിച്ചാര്‍ഡ്സ് 28 പന്തില്‍ 33 റണ്‍സോടെ ഇന്ത്യയ്ക്ക് വിലങ്ങുതടിയായി. മദന്‍ലാലിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിനു ശ്രമിച്ച റിച്ചാര്‍ഡ്സിന്റെ ഷോട്ട് മിഡ്‌വിക്കറ്റിലേക്ക് ഉയര്‍‌ന്നുപൊങ്ങി,  അപ്പോള്‍ ആ ഭാഗത്തൊരു ഫീല്‍ഡര്‍ ഇല്ലായിരുന്നു. കാണികള്‍ ശ്വാസമടക്കി കാത്തിരുന്നു. റിച്ചാര്‍ഡ്സിന്റെ ബൗണ്ടറി കാണുവാന്‍, പക്ഷെ കപില്‍ ദേവ് വിട്ടുകൊടുത്തില്ല. 

ക്യാപ്റ്റന്‍  കപില്‍ ദേവ് ഓടി, ഒന്നും രണ്ടുമല്ല  18മീറ്റര്‍, അതും പുറകോട്ട് പന്ത്! കൈക്കുള്ളിലാക്കിയതോടെ മല്‍സരത്തിലെ വഴിത്തിരിവായി. മൂന്നുവിക്കറ്റ് വീതമെടുത്ത മദന്‍ലാലും മൊഹീന്ദര്‍ അമര്‍നാഥും വിന്‍ഡീസ് ബാറ്റിങ് നിരയെ എറിഞ്ഞിട്ടു. ഒടുവില്‍ മൈക്കല്‍ ഹോള്‍ഡിങ്ങിനെ അമര്‍നാഥ് വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ അട്ടിമറിയായി. ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ വിന്‍ഡീസിനെയാണ് കപിലിന്റെ ചെകുത്താന്മാര്‍ ലോര്‍ഡ്സില്‍ നിന്ന് എറിഞ്ഞോടിച്ചത്. ലോര്‍ഡ്സില്‍ കപ്പുയര്‍ത്തിയ കപില്‍ ക്രിക്കറ്റിൽ പോരാട്ടവീര്യത്തിന്റെയും മനക്കരുത്തിന്റെയും ഇന്ത്യന്‍ പ്രതീകമായി.

ലോക ക്രിക്കറ്റിലെ രാജാക്കന്മാര്‍

1983നുശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയ തേരോട്ടമാണ് ലോകം കണ്ടത്. കപിലിന്റെ ചെകുത്താന്മാര്‍ എന്നാക്ഷേപം കേട്ട ടീം ഇന്ത്യ, വളര്‍ന്നു വീണ്ടും ലോക കിരീടം നേടി. 2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ലോകകപ്പ് ഉയര്‍ത്തിയ ടീം ഇന്ത്യ 2007ല്‍ പ്രഥമ ട്വന്റി 20 ലോക ചാംപ്യന്മാരായി. ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പ് നേടി. ഐസിസി ക്രിക്കറ്റ് കിരീടം നേടി.  ലോകം കൊതിക്കുന്ന ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ക്രിക്കറ്റിലേയ്ക്ക് അടുപ്പിച്ചത് 1983ലെ ഇന്ത്യയുടെ കിരീടമാണ്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍,വീരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍ ഇങ്ങനെ നീളുന്ന സൂപ്പര്‍ താരങ്ങളുടെ തലമുറ വിരാട് കോലി, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷാമി, അശ്വിന്‍ എന്നിവരിലെത്തി നിൽക്കുന്നു‍. 

MORE IN SPORTS
SHOW MORE
Loading...
Loading...