സ്റ്റിമാച്ച് വിളിച്ചു, അനസ് തിരിച്ചു വന്നു; ജിങ്കനൊപ്പം പ്രതിരോധക്കോട്ട കെട്ടും

anas-eadthodika-back-toffotball
SHARE

ഇൻറർകോണ്ടിനെൻറൽ കപ്പിനുള്ള 35 അംഗ സാധ്യതാ പട്ടിക ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചപ്പോൾ, അതിലെ സർപ്രൈസ് എൻട്രിയായിരുന്നു അനസ് എടത്തൊടിക. അനസിൻറെ വിരമിക്കൽ പ്രഖ്യാപനം പോലെ തന്നെ അപ്രതീക്ഷിതമായിരുന്നു രാജ്യാന്തര ഫുട്ബോളിലേക്കുള്ള തിരിച്ചു വരവും. ആറു മാസം മുന്പ് രാജ്യാന്തര ഫുട്ബോളിനോട് വിട പറഞ്ഞ അനസ് തിരികെ വരുന്നത് കോച്ചിൻറെ പ്രത്യേക താൽപര്യം കൊണ്ട് മാത്രമാണ്.

ഇൻറർ കോണ്ടിനെൻൽ കപ്പിലേക്ക് അനസിനെ കോച്ച് വിളിച്ചെങ്കിലും, വീണ്ടും ദേശീയ ടീമിലേക്ക് ഇല്ലെന്ന നിലപാടായിരുന്നു ആദ്യം അനസിന്. കോച്ചിനു പുറമേ അസിസ്റ്റൻറ് കോച്ച് വെങ്കിടേഷിൻറെ ഇടപെടലും അനസിൻറെ മടങ്ങിവരവിൽ നിർണായകമായി. ഇരുവരുടെയും നിർബന്ധത്തിൽ നോ പറയാൻ അനസിനായില്ല. കോച്ച് തന്നിൽ അർപ്പിച്ച വിശ്വാസത്തെ മാനിക്കുന്നുവെന്നും ഈ മാസം 25ന് മുംബൈയിൽ ആരംഭിക്കുന്ന ടീം ക്യാംപിൽ ചേരുമെന്നും അനസ് വ്യക്തമാക്കി.

"ഇന്ത്യൻ ടീമിലെ അംഗങ്ങളുമായി ഞാൻ സംസരിച്ചിരുന്നു. ഏരോ പരിശീലകർക്കും ഓരോ ശൈലികളുണ്ട്. പക്ഷേ സ്റ്റിമാച്ചിനെ കുറിച്ച് എല്ലാവർക്കും പറയാനുള്ളത് വളരെ വലിയ കാര്യങ്ങളാണ്. ടീം ക്യാംപിൽ ജോയിൻ ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു." അനസ് പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള താരമാണ് അനസെന്നും, അനസ് തിരികെ വരുന്നത് സ്വാഗതാർഹമാണെന്നും കോച്ച് ഇഗോർ സ്റ്റിമാച്ചും പറഞ്ഞു. 

കഴിഞ്ഞയാഴ്ച തായ്‌ലൻഡിൽ നടന്ന കിങ്സ് കപ്പിൽ കോച്ച് സ്റ്റിമാച്ചിന് ഏറ്റവും തലവേദന സമ്മാനിച്ചത് ഇന്ത്യയുടെ പ്രതിരോധ നിരയായിരുന്നു. സെൻറർ ബാക്കായി ജിങ്കനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ഒരു താരം ഇല്ലാതെ വന്നതോടെ കുറാസോവയ്ക്കെതിരെയുള്ള കളിയിൽ മൂന്നു തവണ ഇന്ത്യൻ പോസ്റ്റിൽ പന്തു കയറി. കുറാസവോയ്ക്കെതിരെ രാഹുൽ ബെക്കെയെ ആണ് അനസിൻറെ പൊസിഷനിൽ കളിപ്പിച്ചത്.

ബെക്കെ ദയനീയ പരാജയമായതോടെ തായ്്ലാൻഡിനെതിരെയുള്ള കളിയിൽ ഡിഫൻസീവ് മിഡ് ഫീൽഡർ ആദിൽ ഖാനെ സെൻറർബാക്കായി കളിപ്പിക്കേണ്ടി വന്നു. ഈ കളി കൈ വിട്ട കളിയാകുമെന്ന് തോന്നിയതോടെയാണ് കോച്ച് സ്റ്റിമാച്ച് അനസിനെ തിരിച്ച് വിളിക്കാൻ തീരുമാനിച്ചത്. ജിങ്കനും അനസും തമ്മിൽ പ്രതിരോധത്തിലെ ഇഴയടുപ്പവും കോച്ചിൻറെ തീരുമാനത്തിൽ നിർണായകമായി.

ഈ വർഷം ജനുവരിയിൽ എഎഫ്സി കപ്പിലെ തോൽവിക്ക് പിന്നാലെയാണഅ അപ്രതീക്ഷിതമായി അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിൽ നാലു വർഷമെങ്കിലും ബാക്കി നിൽക്കെയാണ് മുപ്പത്തിയൊന്നാം വയസിൽ ദേശീയ ടീമിൽ നിന്ന് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്.

പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് ദേശീയ ടീമിൽ നിന്ന് അനസ് പിൻമാറിയത്. പക്ഷേ ഇന്ത്യൻ ടീമിൽ അനസിന് ഒരു പകരക്കാരൻ ഇല്ല എന്ന് വ്യക്തമായതോടെയാണ് ഇഗോർ സ്റ്റിമാച്ച് താരത്തെ തിരിച്ച് വിളിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...