ലോകകപ്പിനിടെ ശാരീരിക അസ്വാസ്ഥ്യം; വില്ലനായി കാൻസർ; ഇരുണ്ട നിമിഷം: യുവി

2011 ഏപ്രിൽ രണ്ടിന് വാങ്കഡെ സ്റ്റേഡിയത്തില്‍ അഭിമാനത്തോടെ ലോകകപ്പ് ട്രോഫിയുയര്‍ത്തിയ യുവരാജ് സിങ്. ഇതിഹാസ താരം സച്ചിൻ‌ ടെൻഡുൽക്കറെ തോളിലേറ്റി സ്റ്റേഡിയം വലംവെച്ച ഇന്ത്യൻ താരങ്ങൾ. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത രംഗങ്ങൾ. 362 റൺസും 15 വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ നട്ടെല്ല് യുവിയായിരുന്നു. ടൂർണമെന്റിലെ താരമായി തിളങ്ങിയ യുവരാജിനെ കാത്തിരുന്നത് ഒരു സങ്കടവാർത്തയാണ്. ആരാധകരെ കണ്ണീരിലാഴ്ത്തിയ വാർത്ത. 

ലോകകപ്പിലുടനീളം യുവരാജിന് ശാരീരിക അസ്വസ്ഥകളുണ്ടായിരുന്നു.  പിന്നീടാണ്  കാൻസറാണെന്ന് തിരിച്ചറിഞ്ഞതിനെ 'ഇരുണ്ട നിമിഷം' എന്നാണ് യുവരാജ് സ്വയം വിശേഷിപ്പിച്ചത്. എല്ലാ വിജയാരവവും സന്തോഷവും ആവേശവും ഒരുനിമിഷം കൊണ്ട് തകർന്നു. പെട്ടെന്നൊരു കുഴിയിലേക്ക് വീണെന്നാണ് അന്ന് ഇതേക്കുറിച്ച് യുവി പറഞ്ഞത്. 

'ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ സന്തോഷവും ഇല്ലാതായി. എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷമായിരുന്നു അത്. ലോകകപ്പ് ജയിച്ചു, ടൂർണമെന്റിലെ താരമായി, ഉയരങ്ങളിൽ നിൽക്കുകയാണ് നിങ്ങൾ. പെട്ടെന്ന് ഒരു കുഴിയിലേക്ക് വീഴുന്നു. ജീവിതമാണ്, നിങ്ങൾ പ്രതീക്ഷിക്കാത്തതാണ് സംഭവിക്കുന്നത്. തിരഞ്ഞെടുക്കാനുള്ള സാധ്യതകളൊന്നുമില്ല. -യുവി പറഞ്ഞു. 

യുഎസിലായിരുന്നു യുവരാജിന്റെ ചികിത്സ. 2012ൽ അസുഖം ഭേദമായി തിരികെ ഇന്ത്യയിലേക്ക്. 2012 സെപ്തംബറിൽ ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തിലൂടെ ക്രീസിലേക്ക് മടങ്ങിയെത്തി.