ഞാനെന്റെ രക്തവും വിയർപ്പും നൽകി; ജയങ്ങളേക്കാൾ തോൽവി; കണ്ണുനിറഞ്ഞ് യുവി

yuvraj-singh-10-06
SHARE

''ഞാൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നു, ഒപ്പം ഞാനതിനെ വെറുക്കുകയും ചെയ്യുന്നു''- യുവരാജ് ഇത് പറയുമ്പോൾ കേട്ടിരുന്ന ആരാധകരുടെ കണ്ണും നിറഞ്ഞു. ഓർത്തുവെക്കാൻ ഒരു യുഗം നല്‍കിയാണ് യുവി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞത്. താരപരിവേഷം നൽകിയ ക്രിക്കറ്റിനെക്കുറിച്ച് യുവി പറഞ്ഞതിങ്ങനെ: 

ഇന്ത്യൻ മുൻ താരം യോഗ്‌രാജ് സിങ്ങിന്റെ മകനായതിനാൽ, ക്രിക്കറ്റല്ലാതെ മറ്റൊരു കായിക ഇനത്തില്‍ പരീക്ഷണം നടത്താൻ പേടിയായിരുന്നുവെന്ന് യുവരാജ് പറയുന്നു. ''എനിക്ക് ക്രിക്കറ്റ് ഇഷ്ടമാണ്, പക്ഷേ ഞാനതിനെ വെറുക്കുകയും ചെയ്യുന്നു. ഇന്ന് എനിക്കുള്ളതെല്ലാം നൽകിയത് ക്രിക്കറ്റാണ്, അതുകൊണ്ടാണ് എനിക്ക് സ്നേഹമുള്ളത്. മാനസികമായി ഏറെ ബുദ്ധിമുട്ടാക്കിയതിനാലാണ് ക്രിക്കറ്റിനെ വെറുക്കുന്നത്''- വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപുള്ള വാക്കുകൾ. 

''ഇത് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കുമോ എന്നറിയില്ല, ഞാൻ ശ്രമിക്കാം.  അന്താരാഷ്ട്ര ക്രിക്കറ്റിലെ പതിനേഴ് വർഷം നീണ്ട യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു''- നിറകണ്ണുകളോടെ യുവരാജ് പറഞ്ഞു. ''ജയങ്ങളെക്കാൾ കൂടുതൽ തവണ പരാജയപ്പെട്ടവനാണ് ഞാൻ. പക്ഷേ രാജ്യത്തിന് വേണ്ടി ജഴ്സിയണിഞ്ഞപ്പോഴെല്ലാം ഞാനെന്റെ രക്തവും വിയർപ്പുമാണ് നൽകിയത്. റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നു എന്റെ ജീവിതം. കാൻസർ രോഗികളെ സഹായിക്കുന്നതിലായിരിക്കും ഇനിയെന്റെ ശ്രദ്ധ. 

''വിചാരിച്ചതുപോലെ ജയങ്ങളുണ്ടായിരുന്നില്ല, അവസരങ്ങളും ഇല്ലായിരുന്നു. 2000ത്തിൽ തുടങ്ങിയതാണ് ഞാൻ. 19 വർഷങ്ങളായി. കരിയറിനെ ഓർത്ത് ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. ഐപിഎൽ ഫൈനൽ കളിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി സംതൃപ്തനാകുമായിരുന്നു ഞാൻ. പക്ഷേ നഷ്ടബോധമില്ല.'

''ഇന്ത്യക്കായി നാനൂറിലധികം മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോൾ ഇത്രയൊക്കെ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനൽ, 2004ൽ ലാഹോറിൽ നേടിയ ആദ്യ ടെസ്റ്റ് സെഞ്ച്വറി, 2007ൽ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര, ആറ് സിക്സറുകൾ, 2007 ലോകകപ്പ് എന്നിവയാണ് ഓർമയിൽ എന്നുമുള്ള മത്സരങ്ങൾ. ഏറ്റവും പ്രിയപ്പെട്ടത് 2011 ലോകകപ്പ് ഫൈനൽ തന്നെ. 

''സൗരവ് ഗാംഗുലിക്ക് കീഴിലാണ് ഞാൻ തുടങ്ങിയത്. ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിനൊപ്പം കളിച്ചു, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ജവഗൽ ശ്രീനാഥ് എന്നിങ്ങനെ മുതിർന്ന താരങ്ങൾക്കൊപ്പവും കളിക്കാൻ സാധിച്ചു. എംഎസ് ധോണിക്ക് കീഴില്‍ 2011ൽ ലോകകപ്പ് നേടാനും കഴിഞ്ഞു. 

''സെലക്ടർമാർക്കും ഗാംഗുലിക്കും നന്ദി പറയുന്നു''- യുവി പറഞ്ഞു. 

MORE IN SPORTS
SHOW MORE
Loading...
Loading...