അപ്രതീക്ഷിത തോല്‍വിയില്‍ തകര്‍ന്ന് ധോണി; മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തല്‍

dhoni-ipl-final-13-05
SHARE

ഐപിഎല്‍ ഫൈനലിലെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഒരു റണ്‍ തോല്‍വിയില്‍ നിരാശരാണ് ആരാധകര്‍. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സ് ആണ് കിരീടമുയര്‍ത്തിയത്. ജയമുറപ്പിച്ചിടത്താണ് ചെന്നൈ കാലിടറി വീണത്. 

അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണിയും. ഫൈനലിന് ശേഷം ധോണി ആകെ തകര്‍ന്നെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ക്രിക്കറ്ററും അവതാരകനുമായ സഞ്ജയ് മഞ്ജ്‌രേക്കര്‍. 

''മത്സരശേഷം ധോണിയോട് സംസാരിച്ചു. അദ്ദേഹം ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഇതുവരെ ധോണിയെ അങ്ങനെ കണ്ടിട്ടേയില്ല''– മഞ്ജ്‌രേക്കര്‍ പറഞ്ഞു. ക്രിക്കറ്റിന്റെ ക്വാളിറ്റിയെപ്പറ്റി സംശയമുണ്ട്. പക്ഷേ ഏറ്റവും മികച്ച ഐപിഎല്‍ ഫൈനലുകളിലൊന്നാണിതെന്നും മഞ്ജ്‌രേക്കര്‍ പറഞ്ഞു. 

കൈവിട്ടെന്ന് ഉറപ്പിച്ച മത്സരം ലസിത് മലിംഗയുടെ അവസാന ഓവറിലാണ് മുംബൈ തിരിച്ചുപിടിച്ചത്. അവസാന ഓവറിൽ 9 റൺസ് നേടിയാൽ ചെന്നൈയ്ക്കു വിജയത്തിലെത്താമായിരുന്നു. മലിംഗയുടെ നാലാം പന്തിൽ രണ്ടാം റൺസിനായുള്ള ഓട്ടത്തിനിടെ വാട്സൻ റണ്ണൗട്ടായതാണു ചെന്നൈയ്ക്കു വിനയായത്. 2 പന്തു ബാക്കി നിൽക്കെ 4 റൺസാണ് അപ്പോൾ ചെന്നൈയ്ക്കു വേണ്ടിയിരുന്നത്.

അഞ്ചാം പന്തിൽ 2 റൺസ് നേടിയ ഷാർദൂലിനെ അവസാന പന്തിൽ മലിംഗ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ മുംബൈ താരങ്ങളും ആരാധകരും കാത്തിരുന്ന വിജയം യാഥാർഥ്യമായി.

MORE IN SPORTS
SHOW MORE