മെസിയും റൊണാൾഡോയും ഇല്ലാത്ത ഫൈനൽ; മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത്?

messi-ronaldo-n
SHARE

ഒരുമാറ്റം ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇക്കുറി നാം ആ മാറ്റം കാണുകയാണ്. സ്പാനിഷ് ലീഗില്‍ റയല്‍ നന്നായി തന്നെ താഴെയായി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കെങ്കേമമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡും.  2013ന് ശേഷമുള്ള ഒരുവലിയമാറ്റം. അത് ചാമ്പ്യന്‍സ് ലീഗിലാണ്. ബാഴ്സലോണയും, റയല്‍ മാഡ്രിഡും ഇല്ലാത്തൊരു ഫൈനല്‍. മെസിയും, ക്രിസ്റ്റ്യാനോയും ഇല്ലാത്തൊരു ഫൈനല്‍. 

2013ല്‍ അത് ജര്‍മന്‍ ക്ലബുകള്‍ തമ്മിലുള്ളൊരു കലാശപ്പോരായിരുന്നു. ബയോണ്‍ മ്യൂണികും, ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മിലുള്ളത്. റിബറിയുടേയും മാന്‍സൂക്കിച്ചിന്റേയും ലെവന്‍ഡോവ്സ്കിയുടേയും മുന്നേറ്റങ്ങള്‍ക്ക് കണ്ണുനട്ടത്. ബൊറുസിയയേയും ലെവന്‍ഡോവ്സ്കിയേയും രണ്ടാമതാക്കി ബയേണ്‍ സംഘം ജേതാക്കളായത്. പിന്നീട് ഓരോ വര്‍ഷവും ഒരുഭാഗത്ത് അവരില്‍ ഒരാളുണ്ടായിരുന്നു. റയലോ, ബാഴ്സയോ. മെസിയോ, ക്രിസ്റ്റ്യാനോയോ. അവരില്‍ ഒരുകൂട്ടര്‍ തന്നെയായിരുന്നു അന്തിമ ജേതാക്കളായതും. ഇക്കുറി അങ്ങനെയാകില്ല. 2013ലേത് പോലെ മറ്റൊരുകൂട്ടര്‍. 

ക്ര്യസ്റ്റ്യാനോയുടെ കൂടുമാറ്റത്തോടെ തകര്‍ന്നതാണ് റയല്‍. ലീഗില്‍ ബാഴ്സ അജയ്യരായി നിന്നു. ചാമ്പ്യല്‍സ് ലീഗില്‍ സ്തുതിപാഠകരെ ഞെട്ടിച്ച് അവശ്വസനീയമായൊരു വീഴ്ചയും. ‌സെമി രണ്ടാം പാദത്തിനിറങ്ങുമ്പോള്‍, ആദ്യപാദത്തിലെ മേല്‍ക്കൈ ഉണ്ടായിരുന്നു ടോട്ടനത്തെ നേരിട്ട അയാക്സിന്. ലിവര്‍പൂളിനെ എതിരിടാനിറങ്ങുമ്പോള്‍ ബാഴ്സക്കുണ്ടായിരുന്ന മേധാവിത്വം മൃഗീയവും. 

ഫുട്ബോള്‍ എന്നും അങ്ങനെയാണ്. അനിശ്ചിതത്വമാണ് അതിന്റെ സൗന്ദര്യം. 1974ലെ ലോകകപ്പ് ഫൈനലില്‍ നാം അത് കണ്ടതാണ്. ക്രൈഫിന്റെയും നീസ്കെന്‍സിന്റേയും നെതര്‍ലന്റ്സ് പശ്ചിമ ജര്‍മനിയ്ക്കുമുന്നില്‍ രണ്ടാം സ്ഥാനക്കാരായത്. ഫുട്ബോളിലെ ആ അനിശ്ചിതത്വം ഇപ്പോഴും അങ്ങനെതന്നെ തുടരുന്നുണ്ട്. ടോട്ടനത്തിനെതിരെ ആദ്യപാദവിജയത്തിന്റെ നിറവില്‍  ചാമ്പ്യന്‍സ് ലീഗില്‍ ഇക്കുറി ഓറഞ്ച് പൂക്കുമെന്ന് സ്വപ്നം കണ്ടവരുണ്ടാകാം. ലിവര്‍പൂളിനെ ആദ്യപാദത്തില്‍ മൂന്നുഗോളിന് മുക്കിയ ബാഴ്സയെ തള്ളിയവര്‍ വിരളമേ കാണു.

കളിക്കളത്തില്‍ വിശ്വാസപ്രമാണങ്ങള്‍ തെറ്റിക്കാന്‍ കൂട്ടായ്മയില്‍ പിറവികൊണ്ട ഒരുകൂട്ടം ചെറുപ്പക്കാര്‍ എക്കാലത്തുമുണ്ടാകും. 2016ലെ യൂറോകപ്പില്‍ അത് പ്രകടമായിരുന്നു. ക്രിസ്റ്റ്യാനോയുടെ ചിറകില്‍ ഫൈനല്‍ വരെയെത്തിയ പോര്‍ച്ചുഗല്‍. ഫൈനലില്‍ പരുക്കേറ്റ് വീണ് നായകന്‍ പുറത്തേയ്ക്കു പോകുമ്പോള്‍ സഹകളിക്കാരോടായി പെപെ പറഞ്ഞ പാചകമുണ്ട്. "അവന്‍ വീണുപോയെങ്കില്‍ അവനുവേണ്ടി നാമതുനേടണം." മാരകമായിരുന്നു പെപെയുടെ വാക്കുകളുടെ ശക്തി. ആ കൂട്ടായ്മയിലാണ് പോര്‍ച്ചുഗല്‍ ചാംപ്യൻമാരായത്. കഴിഞ്ഞലോകകപ്പിലും നാമതുകണ്ടതാണ്. ദൈവങ്ങള്‍ തോറ്റുപോയിടത്ത് കൂട്ടായ്മയുടെ കുതിപ്പ്.

'ദൈവങ്ങളെ' നിഷ്പ്രഭമാക്കിയാണ് ഫിര്‍മിനോയും, സലായുമില്ലാത്ത ലിവര്‍പൂള്‍ ബാഴ്സയെ ഗോളില്‍ മുക്കിയത്. അവസാന രണ്ടിലേയ്ക്ക് കടന്നത്. ഒരുപക്ഷേ ആദ്യപാദത്തിലെ വിജയം ബാഴ്സയെ മദോന്‍മത്തരാക്കിയിരിക്കാം. ഫിര്‍മിനോയും, സലായുമില്ലാത്ത ലിവര്‍പൂളിനെ വിലകുറച്ചുകണ്ടേക്കാം. അമിത ആത്മവിശ്വാസം നിറച്ചിരിക്കാം. നിനച്ചിരിക്കാത്ത കുതിപ്പുകള്‍ ലിവര്‍പൂള്‍ ആവര്‍ത്തിച്ചിരിക്കുന്നു എന്നതിലൊതുക്കേണ്ടതല്ല ആ വിജയത്തെ. അയാക്സ് പോയി. ടോട്ടനം മുന്നേറി. അത്രതന്നെ.

എന്തായാലും 2013ന് ശേഷം സ്പാനിഷ് ക്ലബുകള്‍ ഇല്ലാത്തൊരു ഫൈനലാണ്. ക്രിസ്റ്റ്യാനോയും മെസിയുമില്ലാത്ത ഒന്നും. അന്തിമ ജേതാക്കള്‍ ആരെന്നേ അറിയേണ്ടതുള്ളു. ഉറപ്പായും അത് ഫുട്ബോള്‍ ഏകാംഗ നാടകം എന്നുപറയുന്നവരുടേതാകില്ല,  ഫുട്ബോള്‍ സംഘനൃത്തമാണ് എന്നു വിശ്വസിക്കുന്നവരുടേതാകും...

MORE IN SPORTS
SHOW MORE