ജയിക്കരുതെന്ന് ആഗ്രഹിച്ച് ‘മുട്ടിനിന്നു’; നന്നായി ബാറ്റ് ചെയ്യൂവെന്ന് പറഞ്ഞു: വെളിപ്പെടുത്തി സച്ചിൻ

sachin-ajit-03-05
SHARE

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ കരിയറിൽ നിർണായകമായ സ്ഥാനമുണ്ട് സഹോദരൻ അജിത് ടെൻഡുൽക്കറിന്. ഇരുവരും പരസ്പരം മത്സരിച്ച അവസരത്തിൽ തോൽക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സച്ചിന്‍. തനിക്കൊപ്പം അജിത്തും തോൽക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് സച്ചിൻ പറഞ്ഞു. 

ബാന്ദ്രയിലെ എംഐജി ക്രിക്കറ്റ് ക്ലബ്ബ് പവലിയൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിൻ. എംഐജിയെക്കുറിച്ച് ഏറ്റവും നല്ലൊരു ഓർമ്മ പങ്കുവെക്കാൻ പറഞ്ഞപ്പോഴായിരുന്നു സച്ചിന്‍ ഇക്കഥ പറഞ്ഞത്. 

''ഞാനിതുവരെ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇതാദ്യമായാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്. എത്രയോ വർഷങ്ങൾക്ക് മുൻപാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയോ എന്നുപോലും ഓർമ്മയില്ല. എന്റെ ഗ്രാഫ് പതുക്കെ മുകളിലേക്ക് ഉയരുന്ന കാലമായിരുന്നു. എംഐജിയിൽ അന്നൊരു സിംഗിൾ വിക്കറ്റ് ടൂർണമെന്റ് ഉണ്ടായിരുന്നു. ഞാനും അജിത്തും ആ ടൂർണമെന്റിൽ കളിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും രണ്ട് പൂളുകളിലായിരുന്നു. രണ്ടുപേരും അതത് പൂളുകളിൽ ജയിച്ച് മുന്നേറുകയും ചെയ്തു.

''സെമിയിലാണ് ഞങ്ങൾക്ക് പരസ്പരം കളിക്കേണ്ടി വന്നത്. ഒരുപക്ഷേ അന്നായിരിക്കാം ഞങ്ങൾ ആദ്യമായി പരസ്പരം ഏറ്റുമുട്ടുന്നത്. എനിക്ക് ബൗളറുടെ ശരീരഭാഷ നന്നായി തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. അജിത്തിന് ആ മത്സരം ജയിക്കണമെന്നേ ഉണ്ടായിരുന്നില്ല. എന്റെയും അവസ്ഥ അതുതന്നെയായിരുന്നു. അജിത് ബൗൾ ചെയ്യുന്നത് പോലെയായിരുന്നു ഞാൻ ബാറ്റ് ചെയ്തതും. 

''അജിത് നോബോളുകളും വൈഡുകളും എറിഞ്ഞുകൊണ്ടിരുന്നു. ‍ഞാൻ എല്ലാ പന്തുകളും ഡിഫൻഡ് ചെയ്തു. സിംഗിൾ വിക്കറ്റ് ക്രിക്കറ്റിൽ അങ്ങനൊരു പതിവില്ല. പിന്നീട് അജിത്ത് തന്നെ എന്നോട് നന്നായി ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ചേട്ടന്മാർ പറഞ്ഞാൽ നാം അനുസരിക്കണമല്ലോ? ഞാൻ അനുസരിച്ചു. ഞാൻ ജയിച്ചു, അജിത് തോറ്റു. രണ്ടുപേരും ഒരേ ഫലം ആഗ്രഹിച്ച മത്സരത്തിൽ നിർഭാഗ്യവശാൽ ജയം എനിക്കൊപ്പം നിന്നു, ഞാൻ ഫൈനലിലെത്തി.''- സച്ചിന്‍ പറഞ്ഞു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.