ഭക്ഷണം എനിക്ക്; കന്നുകാലിക്കുള്ള തവിട് കഴിച്ച് അച്ഛൻ വിശപ്പകറ്റും; ഗോമതി; കണ്ണീര്‍

gomathi-marimuthu-28
SHARE

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണം നേടിയ തമിഴ്നാട് സ്വദേശി ഗോമതി മാരിമുത്തുവിന് പറയാനുള്ളത് കഠിനാധ്വാനത്തിന്റെ കഥയാണ്. ദാരിദ്ര്യവും കഷ്ടപ്പാടും സാമ്പത്തിക ബാധ്യതയും മാത്രം നിറഞ്ഞ 30 വർഷങ്ങളെക്കുറിച്ച് പറയുമ്പോൾ ഗോമതിയുടെ കണ്ണുനിറയും. ദോഹയിൽ നിന്ന് സ്വർണവുമായി മടങ്ങിയെത്തിയ ഗോമതിയെ നാടും നാട്ടുകാരും ബന്ധുക്കളും തോളിലുയർത്തി. 

കടന്നുപോയ പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെക്കുറിച്ച് ഗോമതി പറയുന്നതിങ്ങനെ: അച്ഛനായിരുന്നു കരുത്ത്. എന്നാൽ വാഹനാപകടത്തിൽ പരുക്കേറ്റതോടെ അച്ഛന് നടക്കാൻ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്കൂട്ടറുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോ ഈ സ്കൂട്ടറായിരുന്നു ഏകരക്ഷ. ബസ് സ്റ്റോപ്പ് വരെ അച്ഛൻ ഈ സ്കൂട്ടറിൽ കൊണ്ടുവിടും'' 

വൈദ്യുതി പോലുമില്ലാത്ത തിരുച്ചിയിലെ ആ ഗ്രാമത്തിൽ അന്ന് ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടിയ കാലം ഗോമതിക്ക് മറക്കാനാകില്ല. ''പലപ്പോഴും ആകെ കുറച്ച് ഭക്ഷണമുണ്ടായിരുന്നത്. അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാൽ എനിക്ക് കൂടുതൽ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം. ഞാനും പരിശീലനത്തിന് പോകുമ്പോൾ അച്ഛൻ എനിക്കുള്ള ഭക്ഷണം എടുത്തുവെക്കും. പലപ്പോഴും അച്ഛന് കഴിക്കാൻ ഒന്നുമുണ്ടാകില്ല. കന്നുകാലികൾക്ക് കൊടുക്കാൻ വെച്ച തവിട് കഴിച്ചാകും അച്ഛൻ വിശപ്പകറ്റുക. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. ട്രാക്കിൽ നിൽക്കുമ്പോഴെല്ലാം അത് ഓർമ്മിയലെത്തും. ഈ നിമിഷത്തിൽ എന്റെ അച്ഛൻ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ ദൈവം തന്നെയാണ് അച്ഛൻ. ഗോമതി പറയുന്നു. 

MORE IN SPORTS
SHOW MORE