ചറപറാ സിക്സും ഫോറും, ഉഗ്രരൂപം പൂണ്ട് മോയിൻ അലി, വിതുമ്പലോടെ കുൽദീപ്

kuldeep-cry
SHARE

ബാറ്റ്സ്മാന്‍മാരുടെ മാത്രം കളിയാണോ ട്വന്റി20 ക്രിക്കറ്റ്? കൊൽക്കത്ത ഈ‍‍ഡൻ ഗാർഡൻസിൽ വീണ കുൽദീപ് യാദവിന്റെ കണ്ണീരിലുണ്ട്, കൃത്യമായ ഉത്തരം. റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മൽസരത്തിനിടെയാണ് ബാറ്റ്സ്മാന്റെ തല്ലുകൊണ്ടു വശംകെട്ട കുൽദീപ് കണ്ണീർ വാർത്തത്. കുൽദീപിനെപ്പോലെ സ്പിൻ ബോളറായ ഇംഗ്ലിഷ് താരം മോയിൻ അലിയാണ് ഈഡനിൽ കുൽദീപിന്റെ കണ്ണീർ വീഴ്ത്തിയത്

ബാംഗ്ലൂർ ഇന്നിങ്സിലെ 16–ാം ഓവറിലാണ് സംഭവം. ഈ ഓവർ എറിയാൻ സ്പിന്നർ കുൽദീപ് യാദവിനെയാണ് കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക് ഏൽപ്പിച്ചത്. ക്രീസിൽ 22 പന്തിൽ 40 റൺസുമായി മോയിൻ അലിയും നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ 42 പന്തിൽ 55 റൺസുമായി വിരാട് കോഹ്‍ലിയും. മൂന്ന് ഓവറിൽ 32 റൺസ് വിട്ടുകൊടുത്തശേഷമാണ് നാലാം ഓവർ എറിയാൻ കുൽദീപിന്റെ വരവ്. ഒരു ബോളർ കൂടിയായിട്ടും മോയിൻ അലി കുൽദീപിനോട് യാതൊരു ദാക്ഷിണ്യവും കാട്ടിയില്ല. നേരിട്ട ആദ്യ പന്തു തന്നെ കവറിലൂടെ ബൗണ്ടറി കടന്നു. ഓടിയെത്തിയ ആന്ദ്രെ റസ്സലിനും പന്തു തടയാനായില്ല. രണ്ടാം പന്ത് സ്ലോഗ് സ്വീപ്പിലൂടെ ഗാലറിയിലെത്തിച്ച മോയിൻ അലി അർധസെ‍ഞ്ചുറി പൂർത്തിയാക്കി.

ഇവിടം കൊണ്ടും നിർത്തിയില്ല അലി. കുൽദീപിന്റെ മൂന്നാം പന്ത് ലോങ് ഓണിലൂടെ ബുള്ളറ്റ് വേഗത്തിൽ ബൗണ്ടറി കടന്നു. നാലാം പന്ത് ലോങ് ഓണിൽ ക്യാച്ചാണെന്ന തോന്നലുയർത്തിയെങ്കിലും പ്രസീദ് കൃഷ്ണ കുറച്ചധികം കയറിനിന്നതു വിനയായി. താരത്തിന്റെ തലയ്ക്കു തൊട്ടുമുന്നിലൂടെ ബൗണ്ടറി കടന്നു. ഇതോടെ വിരണ്ടുപോയ കുൽദീപ് വക വൈഡ് ബോൾ. റീ ബോളിൽ അലി വക അടുത്ത സിക്സർ. ഇക്കുറി ലോങ് ഓഫിലൂടെയാണ് പന്ത് ഗാലറിയിലെത്തിയത്. അടുത്ത പന്തും ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ അലിയെ ബൗണ്ടറി ലൈനിനു സമീപം പ്രസീദ് കൃഷ്ണ പിടികൂടിയെങ്കിലും അപ്പോഴും ആറു പന്തിൽ കുൽദീപ് വഴങ്ങിയത് 27 റൺസ്. നാല് ഓവറിൽ വിട്ടുകൊടുത്തത് 59 റൺസ്. നേടിയത് ഒരു വിക്കറ്റും.

ഇതിനു പിന്നാലെയാണ് കുൽദീപ് കണ്ണീരണിഞ്ഞത്. ഓവർ പൂർത്തിയാക്കിയതിനു പിന്നാലെ അംപയറിന്റെ പക്കൽനിന്നും തൊപ്പി വാങ്ങിയ കുൽദീപ് നടന്നു നീങ്ങുന്നതിനിടെ സങ്കടം നിമിത്തം ഇതു വലിച്ചെറിഞ്ഞു. പിന്നീട് തിരികെയെടുത്ത് നടന്നു. സങ്കടത്തോടെ നീങ്ങിയ കുൽദീപിനെ ആദ്യം ക്രിസ് ലിന്നും പിന്നീട് പ്രസീദ് കൃഷ്ണയും വന്ന് തോളിൽത്തട്ടി ആശ്വസിപ്പിച്ചു. ഈ ഓവറിനു തൊട്ടുപിന്നാലെ സ്ട്രാറ്റജിക് ടൈം ഔട്ട് വിളിച്ചതോടെ കൊൽക്കത്ത താരങ്ങൾ ഗ്രൗണ്ടിൽ ഒത്തുകൂടിയെങ്കിലും കുൽദീപ് ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ആന്ദ്രെ റസ്സലെത്തി കുൽദീപിനെ വിളിച്ചെങ്കിലും താരം പോയില്ല. തുടർന്ന് സപ്പോർട്ട് സ്റ്റാഫംഗങ്ങൾ വന്നാണ് താരത്തെ കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ സഹതാരം നിതീഷ് റാണയും കുൽദീപിനെ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.

അതേസമയം, സീസണിൽ ഇതുവരെ ഫോമിലേക്ക് ഉയരാൻ സാധിക്കാത്തതും കുൽദീപിന്റെ നിരാശയ്ക്കു കാരണമായെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യൻ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ യുസ്‌വേന്ദ്ര ചാഹലിനൊപ്പം മുഖ്യ സ്പിന്നറായി കുൽദീപിനെയും ഉൾപ്പെടുത്തിയിരുന്നു. ഐപിഎൽ പന്ത്രണ്ടാം സീസണിൽ ഇതുവരെ ഒൻപതു കളികളിൽനിന്ന് നാലു വിക്കറ്റ് മാത്രമാണ് കുൽദീപിന്റെ സമ്പാദ്യം. ശരാശരി 71.50.

MORE IN SPORTS
SHOW MORE