എന്തുകൊണ്ട് പന്തും റായിഡുവും പുറത്തായി? നാലാം നമ്പറിൽ തിളങ്ങുമോ വിജയ് ശങ്കർ?

ambati-rayudu-pant-15
SHARE

പതിനഞ്ചിൽ പതിമൂന്ന് താരങ്ങളെയും മുൻകൂട്ടി നിശ്ചയിച്ച ശേഷമാണ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിന് സെലക്ടർമാരും ടീം മാനേജ്മെന്റും യോഗം ചേർന്നത്. നിർണായകമായ നാലാം നമ്പർ, രണ്ടാം വിക്കറ്റ് കീപ്പർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു താരങ്ങളെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. 

കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രശംസനീയമായ പ്രകടനത്തിനൊടുവിൽ കന്നി ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു റിഷഭ് പന്ത്. എന്നാൽ വെല്ലുവിളിയായത് ദിനേശ് കാർത്തിക്. പൊരി‍ഞ്ഞ പോരാട്ടത്തിനൊടുവിൽ രണ്ടാം വിക്കറ്റ് കീപ്പറാകാൻ നറുക്ക് വീണത് കാർത്തിക്കിന്. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളിലെ ദയനീയ പ്രകടനമാണ് പന്തിന്റെ ലോകകപ്പ് മോഹങ്ങളെ പുറത്തിരുത്തിയത്. 

വിരാട് കോഹ്‍ലി നായകസ്ഥാനമേറ്റ ശേഷം നാലാം നമ്പറിൽ ഇന്ത്യ നിരവധി പരീക്ഷണങ്ങൾ നടത്തി. പതിനൊന്ന് താരങ്ങളാണ് നാലാം നമ്പറിൽ ഇറങ്ങിയത്.  നാലാം നമ്പറിലേക്ക് ഉയർന്നുകേട്ട പേരുകളിലൊന്നായിരുന്നു അമ്പട്ടി റായിഡുവിന്റേത്. വെസ്റ്റിൻഡീനെതിരായ സിസിഐ മത്സരത്തില്‍ നേടിയ സെഞ്ചുറിയും ന്യൂസിലാൻഡിലെ പ്രകടനവും റായിഡുവിന് സാധ്യതയേറ്റി. റായിഡുവിനെ വാഴ്ത്തി കോഹ്‌ലിയും രോഹിത് ശർമയും രംഗത്തുവന്നു. 

എന്നാൽ ഓസ്ട്രേലിയക്കെതിരായ ഹോം മത്സരത്തിലെ മോശം പ്രകടനം റായിഡുവിന് തിരിച്ചടിയാ‌യി. മൂന്ന് ഏകദിനങ്ങളിലായി 2, 18, 13 എന്നീ സ്കോറിൽ റായുഡുവിന്റെ റൺസൊതുങ്ങി. ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ മൂന്ന് അർധസെഞ്ചുറി നേടി മാൻ ഓഫ് ദ സീരിസ് നേടി ധോണി ശ്രദ്ധാകേന്ദ്രമായി. പിന്നാലെ നാലാം നമ്പറിലേക്ക് ധോണിയെ ഉയർത്തിക്കാട്ടി രോഹിത് ശർമ രംഗത്തെത്തി.  

ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി വിജയ് ശങ്കറുടെ ഉദയവും റായിഡുവിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. നിലവിൽ നാലാം നമ്പറിലേക്ക് വിജയ് ശങ്കറിനെയാണ് പരിഗണിക്കുന്നത്. ആ സ്ഥാനത്തേക്ക് മറ്റേറെ പേരുകളുണ്ടെന്നും സെലക്ടർമാർ  വ്യക്തമാക്കി. 

കോഹ്‌ലി നയിക്കും

ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. രോഹിത് ശര്‍മയാണ് ഉപനായകന്‍. ദിനേശ് കാര്‍ത്തിക് രണ്ടാംവിക്കറ്റ് കീപ്പര്‍. അമ്പട്ടി റായുഡുവിനെയും റിഷഭ് പന്തിനെയും ഒഴിവാക്കി. ലോകേഷ് രാഹുൽ ടീമിലിടംപിടിച്ചു. കേദാര്‍ ജാദവും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും വിജയ് ശങ്കറും ഓള്‍റൗണ്ടര്‍മാര്‍. 

ടീമില്‍ മൂന്ന് പേസ് ബോളര്‍മാര്‍ ഇടം പിടിച്ചു. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പേസര്‍മാര്‍. കുല്‍ദീപ് യാദവും ചഹലും സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. കോഹ്‌‌ലി നയിക്കുന്ന ആദ്യലോകകപ്പാണിത്.

ടീം ഇന്ത്യ:  വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിജയ് ശങ്കർ, എംഎസ് ധോണി, കേദാർ ജാദവ്,  ദിനേശ് കാർത്തിക്, ചഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീസ് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.