ഇന്ത്യ പൊരുതിത്തോറ്റു; പരമ്പര ന്യൂസീലന്‍ഡിന്

india-nw
SHARE

ഹാമില്‍ട്ടണ്‍ ട്വന്റി20യിൽ  ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. അവസാനമല്‍സരത്തില്‍ ന്യൂസീലന്‍ഡിനോട് 4 റണ്‍സിന് തോറ്റു.  213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 208 റണ്‍സെടുക്കാനേ കഴി‍ഞ്ഞുള്ളൂ. കോളിന്‍ മണ്‍റോയ്ക്ക് അര്‍ധസെഞ്ചുറി. പരമ്പര 2–1 ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. 

തകർപ്പൻ പ്രകടനവുമായി ഇരുടീമുകളും കളം നിറഞ്ഞ മൽസരത്തിൽ നാലു റൺസിനാണ് ഇന്ത്യയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 16 റൺസ് വേണ്ടിയിരുന്നെങ്കിലും ക്രീസിലുണ്ടായിരുന്ന ദിനേഷ് കാർത്തിക് – ക്രുനാൽ പാണ്ഡ്യ സഖ്യത്തിന് 11 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഓപ്പണർ ശിഖർ ധവാൻ (നാലു പന്തിൽ അഞ്ച്), വിജയ് ശങ്കർ (28 പന്തിൽ 43), ഋഷഭ് പന്ത് (12 പന്തിൽ 28), ക്യാപ്റ്റൻ രോഹിത് ശർമ (32 പന്തിൽ 38), ഹാർദിക് പാണ്ഡ്യ (11 പന്തിൽ 21), എം.എസ്. ധോണി (നാലു പന്തിൽ രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ന്യൂസീലൻഡിനായി മിച്ചൽ സാന്റ്നർ, ഡാരിൽ മിച്ചൽ എന്നിവർ രണ്ടും സ്കോട്ട് കുഗ്ഗെലെയ്ൻ, ബ്ലെയർ ടിക്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. സ്കോർബോർഡിൽ ആറു റൺസ് മാത്രമുള്ളപ്പോൾ ധവാൻ പുറത്തായശേഷം രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് ശർമ – വിജയ് ശങ്കർ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. 50 പന്തിൽ ഇരുവരും 75 റൺസ് കൂട്ടിച്ചേർത്തു.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ആദ്യ ഓവറിൽത്തന്നെ സ്പിൻ കെണിയൊരുക്കിയാണ് കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ വരവേറ്റത്. മിച്ചൽ സാന്റ്നർ എറിഞ്ഞ ആദ്യ ഓവറിന്റെ മൂന്നാം പന്ത് ബൗണ്ടറി കടത്തിയ ധവാൻ ട്രാക്കിലാണെന്നു തോന്നിച്ചെങ്കിലും വെറുതെയായി. ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറിക്കരികെ ഡാരിൽ മിച്ചലിനു ക്യാച്ച് സമ്മാനിച്ച് പുറത്ത്. അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ആറു റൺസ് മാത്രം. ഇന്ത്യ മറ്റൊരു കൂട്ടത്തകർച്ചയിലേക്കെന്ന് കരുതിയിരിക്കെ, രോഹിത്തിന് കൂട്ടായി എത്തിയത് വിജയ് ശങ്കർ. പതുക്ക കളം പിടിച്ച ഇരുവരും പിന്നീട് ഗിയർ മാറ്റിയതോടെ ഇന്ത്യൻ സ്കോർ ബോർഡിലേക്ക് റൺസെത്തി. ആദ്യ ഓവറിന്റെ അവസാന പന്തു മുതൽ ഒൻ‌പതാം ഓവർ വരെ 50 പന്തുകൾ ക്രീസിൽനിന്ന സഖ്യം 75 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ സാന്റ്നറിനെ ഗാലറിയിലെത്തിക്കാനുള്ള ശ്രമത്തിൽ ഗ്രാൻ‍ഡ്ഹോമിന് ക്യാച്ച് സമ്മാനിച്ച് വിജയ് ശങ്കർ പുറത്തായി. 28 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43 റൺസായിരുന്നു സമ്പാദ്യം.

തുടർന്നെത്തിയ പന്ത് നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറി നേടി ലക്ഷ്യം വ്യക്തമാക്കി. അടുത്ത പന്ത് നേരെ ഗാലറിയിൽ. ഇതേ ആവേശം ക്രീസിൽ തുടർന്നിടത്തോളം നേരം കാത്തുസൂക്ഷിച്ച പന്ത്, 12 പന്തിൽ 28 റൺസെടുത്താണ് മടങ്ങിയത്. ഇതിനിടെ നേടിയത് ഒരു ബൗണ്ടറിയും മൂന്നു പടുകൂറ്റൻ സിക്സും. ഒടുവിൽ ബ്ലെയർ ടിക്നറിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് വില്യംസന്റെ തകർപ്പൻ ക്യാച്ചിൽ പുറത്തേക്ക്. മൂന്നാം വിക്കറ്റിൽ രോഹിത്–പന്ത് സഖ്യം കൂട്ടിച്ചേർത്തത് 40 റൺസ്. അതും വെറും 23 പന്തിൽ. 

പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ ആദ്യ പന്തു തന്നെ ഗാലറിയിലെത്തിച്ചാണ് തുടങ്ങിയത്. ഒരറ്റത്ത് ഹാർദിക് തകർത്തടിക്കുന്നതിനിടെ ഡാരിൽ മിച്ചലിന്റെ വൈഡ് പന്തിന് ബാറ്റുവച്ച് രോഹിത് പുറത്തായി. 32 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 38 റൺസെടുത്താണ് രോഹിത് മടങ്ങിയത്. എന്നാൽ തൊട്ടുപിന്നാലെ സ്കോർ 145ല്‍ നിൽക്കെ ഹാർദിക് പാണ്ഡ്യ, മഹേന്ദ്രസിങ് ധോണി എന്നിവർ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11 പന്തിൽ 21 റൺസെടുത്ത പാണ്ഡ്യയെ കുഗ്ഗെലെയ്നും ധോണിയെ ഡാരിൽ മിച്ചലുമാണ് പുറത്താക്കിയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.