വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ സ്വിച്ച് ഹിറ്റ്; എന്ത് വിളിക്കണമെന്ന് അറിയില്ലെന്ന് ബിസിസിഐ

rishabh-pant-india
SHARE

ധോണിക്കു ശേഷം ആര് എന്ന ചോദ്യത്തിന് ഇന്ത്യൻ സെലക്ടർമാരുടെ ഉത്തരമായിരുന്നു ഋഷഭ് പന്ത്. ടീമിൽ കരുത്തൻമാരും പ്രതിഭകളും ഏറെയുണ്ടെങ്കിലും ധോണിയുടെ അഭാവം നികത്താൻ നറുക്ക് വീണത് പന്തിനായിരുന്നു. മെൽബൺ ടെസ്റ്റിൽ ‍മഹാരഥൻമാർ ഏറെയുണ്ടെങ്കിലും മാധ്യമങ്ങളുടെയും കാണികളുടെയും കണ്ണുകൾ ഉടക്കിയത് ഈ 21 കാരനിൽ. കളിക്കളത്തിൽ മാന്യമായി പെരുമാറുന്ന പന്ത് ഇങ്ങോട്ടു വന്നു മാന്തിയാൽ െവറുതെ വിടാറുമില്ല. സ്ളെഡ്ജിങ്ങിന്റെ തലതൊട്ടപ്പൻമാരായ  ടീം ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ ചെന്നു പോരിനു വിളിച്ചാണ് പന്ത് താരമായത്.പന്തും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മിലുള്ള വാക്പോര് മൂന്നാം ടെസ്റ്റിലെ ഏറ്റവും ആവേശകരമായ കാഴ്ചകളിലൊന്നായിരുന്നു. കളിക്കളത്തിലെ പോരിന്റെ പേരിൽ മാത്രമല്ല പന്ത് താരമായത്. 

ഓരോ മത്സരത്തിലും സാഹചര്യങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് ശൈലിയിൽ മാറ്റം വരുത്താനും പന്ത് എടുക്കുന്ന പ്രയ്തനം തന്നെയാണ് ഈ യുവതാരത്തെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളിൽ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് മുഖ്യ സ്ഥാനമുണ്ടെന്ന് ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് തന്നെ പറയുന്നതും പന്തിന്റെ കഴിവിന്റെ സാക്ഷ്യവുമാണ്. ''ലോകകപ്പ് ചർച്ചകളിൽ പന്തിന് മുഖ്യ സ്ഥാനമുണ്ട്. ചാംപ്യൻ താരത്തിലേക്കുള്ള വളർച്ചയിലാണ് പന്ത്. പന്തിന്റെ പൂർണ കഴിവിനെക്കുറിച്ച് അദ്ദേഹത്തിന് തന്നെ ധാരണയുണ്ടോ എന്ന് സംശയമാണ്''-പ്രസാദ് പറഞ്ഞു.

ന്യുസീലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ പന്ത് ടീമിലുണ്ട്. മടങ്ങിവരവ് മനോഹരമാക്കാന്‍ വെല്ലിങ്ടണില്‍ നടക്കുന്ന ആദ്യ ടി20ക്ക് മുന്‍പ് കഠിനപരിശ്രമങ്ങളിലാണ് യുവതാരം. ഇന്ത്യന്‍ ടീമിനൊപ്പം പന്ത് നെറ്റ്‌സില്‍ പരിശീലനം നടത്തി.

ഋഷഭ് പന്തിന്റെ നെറ്റിലുള്ള പരിശീലന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.  ട്വന്റി20 പരമ്പരയില്‍ ടീമിലേക്ക് തിരിച്ചെത്തുന്ന പന്തിന്റെ സ്വിച്ച് ഹിറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എബി ഡിവില്ലിയേഴ്‌സ്, കെവിന്‍ പീറ്റേഴ്‌സണ്‍, ഡേവിഡ് വാര്‍ണര്‍ എന്നീ മഹാരഥന്മാര്‍ പയറ്റിത്തെളിയിച്ച ഷോട്ട് പന്തിന്റെ ബാറ്റില്‍ നിന്നും കണ്ട ആവേശത്തിലാണ് ആരാധകര്‍. ഇതിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ പന്ത് കളിച്ച ഒരു ഷോട്ടാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ക്ക് മുകളിലൂടെ സ്വിച്ച് ഹിറ്റ് ചെയ്യാനാണ് പന്ത് ശ്രമിക്കുന്നത്. ഈ ഷോട്ടിനെ എന്തു വിളിക്കുമെന്ന് ബിസിസിഐ ചോദിക്കുന്നു. 

MORE IN SPORTS
SHOW MORE