അവസാനപന്തിൽ സിക്സ് അടിക്കാതിരിക്കാൻ ഓസീസിന്റെ 'ഉരുട്ടി ബോളിങ്' നാണക്കേടിന് 38 വയസ്സ്

underarm-delivery
SHARE

1981 ഫെബ്രുവരി 1 ക്രിക്കറ്റ് ലോകം നാണം െകാണ്ട് ശിരസ് കുനിച്ച ദിവസം. ‘അണ്ടർ ആം ബോൾ' എന്ന നാണക്കേടിന്  ഇന്നലെ 38 വയസ് തികഞ്ഞു. ഓസീസ് നായകനും മൂത്ത സഹോദരനുമായ ഗ്രെഗ് ചാപ്പലിന്റെ വാക്കു കേട്ട് അനുജനും ഓസീസ് താരവുമായ ട്രെവർ ചാപ്പൽ എറിഞ്ഞ ‘കുപ്രസിദ്ധമായ’ ആ അണ്ടർ ആം ബോൾ ഇന്നും ക്രിക്കറ്റ് ആരാധകർക്ക് സുഖമല്ലാത്ത ഓർമ്മയാണ്.

അവസാന പന്തിൽ സിക്സ് അടിച്ച് ന്യൂസീലൻഡ് ജയിക്കാതിരിക്കാനായിരുന്നു ഗ്രെഗ് ചാപ്പലിന്റെ ഉപദേശപ്രകാരം അനിയൻ ട്രെവർ ചാപ്പലിന്റെ ഈ കടുംകൈ.1981ലെ വേൾഡ് സീരിസ് കപ്പിൽ ന്യൂസീലൻഡിനെതിരെ നടന്ന മൽസരമാണു ട്രെവറിനെ വില്ലനാക്കിയത്. അവസാന പന്തിൽ കിവീസിനു ജയിക്കാൻ വേണ്ടത് ആറു റൺസ്. വാലറ്റക്കാരൻ ബ്രിയൻ മെക്കിഷിൻ 90 മീറ്റർ ദൂരമുള്ള ബൗണ്ടറി ലൈനിനു മുകളിലൂടെ പന്തടിച്ചു സിക്സർ നേടാതിരിക്കാൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലാണ് അനിയൻ ട്രെവറിനു തന്ത്രം പറഞ്ഞുകൊടുത്തത് – പന്ത് കുത്തിപ്പൊങ്ങാതിരിക്കാൻ അണ്ടർ ആം (കൈ മടങ്ങാതെ പന്തു താഴെക്കൂടി ഉരുട്ടി വിടുന്ന രീതി) ബോളെറിയുക. ട്രെവർ അത് അനുസരിച്ചു. ഉരുണ്ടു ചെന്ന പന്തിൽ സിക്സറടിക്കാൻ കഴിയാതെ ന്യൂസീലൻഡ് തോൽവി സമ്മതിച്ചു. ഉരുണ്ടുവന്ന പന്ത് തട്ടിയിട്ട മെക്കിഷിൻ ക്രുദ്ധനായി ബാറ്റു വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. അന്ന് ക്രിക്കറ്റിൽ ഈ ബോൾ നിയമവിരുദ്ധമായിരുന്നില്ല.

പക്ഷേ, ക്രിക്കറ്റ് ഇത്രയും വലിയ ജനകീയ വിനോദമാകുന്നതിനു മുൻപുള്ള കാലമായിരുന്നിട്ടുകൂടി ആരാധകർ അതു ക്ഷമിച്ചില്ല. ട്രെവർ വിവാദനായകനായി; ഓസ്ട്രേലിയൻ ക്രിക്കറ്റിനു ചീത്തപ്പേരുമായി. എന്തായാലും ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ അന്തസ്സു കളഞ്ഞ കളിക്കാരൻ എന്ന ദുഷ്പേരും ചുമന്നായിരുന്നു ട്രെവറിന്റെ പിന്നീടുള്ള ജീവിതം. അണ്ടർ ആം പന്തെറിയാൻ നിർദേശിച്ച ഗ്രെഗ് ചാപ്പൽ രക്ഷപ്പെട്ടു. പക്ഷേ, തന്റെ ജീവിതം പിന്നീട് എങ്ങനെയായെന്നു ട്രെവർതന്നെ പറയുന്നു:

‘‘ആ സംഭവം എന്നെ മാനസികമായി തളർത്തി. കുടുംബം തകർന്നു. ഭാര്യ ഉപേക്ഷിച്ചു പോയി. പിന്നീടു വിവാഹം കഴിക്കാൻ ഞാൻ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ എനിക്കു മക്കളുമില്ല. എവിടെച്ചെന്നാലും ആളുകൾ ഇപ്പോഴും അന്നത്തെ സംഭവമാണു ചോദിക്കുക. ഓസ്ട്രേലിയൻ ക്രിക്കറ്റിനു ചീത്തപ്പേരുണ്ടാക്കിയയാൾ എന്ന നാണക്കേടും ചുമന്നു ഞാനിപ്പോഴും ഒതുങ്ങിക്കൂടുന്നു.’’കുട്ടികൾക്കു ക്രിക്കറ്റ് പരിശീലനവും ഗോൾഫ് കളിയുമൊക്കെയായി ജീവിതത്തിന്റെ ഓരംപറ്റി കഴിയുകയാണിപ്പോൾ ട്രെവർ.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.