തിരുത്താന്‍ അവസരം കിട്ടിയാല്‍ ആദ്യം തിരുത്തുക ശ്രീശാന്തിനെ തല്ലിയ തെറ്റ്: ഹര്‍ഭജന്‍

വർഷം 11 ആയിട്ടും ഹർഭജൻ സിങ്ങിന്റെ അടിയേറ്റ് കരഞ്ഞുകൊണ്ട് കളിക്കളം വിട്ട ശ്രീശാന്തിനെ ആരും മറന്നിട്ടില്ല. 2008ൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മൽസരത്തിനിടയിലാണ് സംഭവം. വർഷങ്ങൾ കഴിഞ്ഞ് ഈ സംഭവത്തെക്കുറിച്ച് ഹർഭജൻ സിങ് മനസ് തുറന്നു. ഹർഭജന്റെ വാക്കുകൾ ഇങ്ങനെ;

വർഷങ്ങൾ ഇത്രകഴിഞ്ഞിട്ടും ആളുകൾ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കഴിഞ്ഞ കാലത്തിലേക്ക് തിരികെപ്പോയി ചെയ്ത തെറ്റ് തിരുത്താൻ ഒരുഅവസരം ലഭിച്ചാൽ ഞാൻ ആദ്യം തിരുത്തുന്നത് ഈ തെറ്റ് ആയിരിക്കും. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു അന്ന് സംഭവിച്ചത്. അതൊരു തെറ്റ് തന്നെയായിരുന്നു. ശ്രീശാന്ത് നല്ല കഴിവുള്ള കളിക്കാരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ആശംസകൾ. എനിക്ക് ഇപ്പോഴും ശ്രീശാന്ത് സഹോദരതുല്യനാണ്. ജനങ്ങൾ പറയുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല– ഹർഭജൻ ഒരു മാധ്യമത്തിനോട് പറഞ്ഞു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ഹർഭജൻ സിങ്. ഐപിഎൽ വാതുവയ്പ് വിവാദത്തിന്റെ പേരിൽ ബിസിസിഐ വിലക്ക് നേരിടുകയാണ് ശ്രീശാന്ത്. 

ഐപിഎല്ലിലെ സംഭവത്തിനുശേഷം 2007 ലെ ടി ട്വന്റി ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ശ്രീശാന്തും ഹർഭജനും ഒരുമിച്ച് കളിച്ചിരുന്നു. 2011 ൽ ഇരുവരും ഉൾപ്പെട്ട ടീമാണ് ലോകകപ്പ് നേടിയത്.