ധോണിക്ക് ഇപ്പോള്‍ ഇല്ലാത്ത കുറ്റമില്ല; തലയ്ക്കുമീതെ വാള്‍; കോഹ്‌ലിയുടെ പിന്തുണ

dhoni-kohli-1
SHARE

മഹേന്ദ്ര സിങ് ധോണിക്കുമേല്‍ ഇപ്പോള്‍ ഇല്ലാത്ത കുറ്റമില്ല. റണ്‍ ഓടിത്തീര്‍ത്തില്ലെന്നും അഡ്‌ലെയ്ഡ് ഇന്നിങ്സിന്റെ അവസാനം ഇഴഞ്ഞു നീങ്ങിയെന്നും ഇനിയും ടീമില്‍ തുടരേണ്ടതില്ലെന്നും വിമര്‍ശകര്‍ പറയുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ധോണിക്ക് പിന്തുണയുമായി എത്തി. സിഡ്നിയിലെ ഏകദിനത്തില്‍ 90ലേറെ പന്ത് നേരിട്ട് നേടിയ അര്‍ധസെഞ്ചുറിയെക്കാള്‍ അഡ്‌ലെയ്ഡിലെ ഇന്നിങ്സിന് വേഗമുണ്ടായിരുന്നു. അത് വിജയത്തില്‍ നിര്‍ണായകവുമായി. 

എന്നിട്ടും ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനോട്  പ്രത്യേകിച്ച് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനോട് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണിയുടെ ചെറിയ പിഴവുകള്‍ പോലും വലുതായി കാണുന്നു ക്രിക്കറ്റ് ലോകത്തെ ഒരു വിഭാഗം.

കോഹ്‌ലിയുടെ പിന്തുണ ധോണിക്ക്

ധോണിക്കൊപ്പം ക്രീസില്‍ നിന്നപ്പോള്‍ പോസിറ്റീവ് എനര്‍ജി ലഭിച്ചെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ധാരാളം സംസാരിച്ച ധോണി പലഘട്ടത്തിലും നിര്‍ദേശങ്ങള്‍ നല്‍കിയത് പ്രചോദനം ചെയ്തു. സിംഗിളുകള്‍ ഓടിയെടുക്കേണ്ട സമയമായിരുന്നു അതോടൊപ്പം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ട ആവശ്യവുമുണ്ടായിരുന്നു. തിടുക്കം കൂട്ടേണ്ടെന്നും, ഗ്യാപ്പുകള്‍ കണ്ടെത്തി റണ്‍ നേടാമെന്നും ധോണി പറഞ്ഞത് ആത്മവിശ്വാസം നല്‍കിയെന്നും വിരാട് കോഹ്‌ലി പറയുന്നു. 

ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കുമ്പോള്‍ ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് കോഹ്‌ലി പറയാതെ പറയുന്നു.  ധോണിയും വിരാട് കോഹ്‌ലിയും ചേര്‍ന്ന് നേടിയ 82റണ്‍സ് അഡ്‌ലെ‌യ്ഡിൽ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. മല്‍സരത്തില്‍ ധോണി പുറത്താകാതെ 55റണ്‍സും കോഹ്‌ലി 104 റണ്‍സുമാണ് നേടിയത്.

ധോണിയുടെ വീഴ്ച

ധോണിയുടെ കരിയറിലെ ഈ മെല്ലെപ്പോക്ക് ഏത് ക്രിക്കറ്റ് താരത്തിന്റെയും കരിയറിന്റെ അവസാന കാലത്ത് കാണുന്നതാണ്. 2013 മുതല്‍ ധോണിയുടെ ബാറ്റിങ്ങ് നിലവാരം താഴാന്‍ തുടങ്ങിയതാണ്. 2013ല്‍ ശരാശരി 54.71 ആയിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അത് 46.41ല്‍ എത്തി. 2015ല്‍ ശരാശരി വീണ്ടും താഴ്ന്ന് 41.56ല്‍ എത്തി.  2016ലും 2017ലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായില്ല. 2018ല്‍ കളിച്ച പതിമൂന്ന് ഇന്നിങ്സില്‍ നിന്ന് നേടിയത് 275റണ്‍സ് മാത്രമാണ്. അതില്‍ ഒരു അര്‍ധസെഞ്ചുറി നേട്ടംപോലും ഇല്ല. 

dhoni-strike-rate-14

ശരാശരിയാവട്ടെ 25 ആയിരുന്നു. ഈവര്‍ഷം കളിച്ച രണ്ട് ഏകദിനത്തിലും അര്‍ധസെഞ്ചുറി നേടിയെങ്കിലും പഴയ ആധികാരികത കണ്ടില്ല. പഴയതുപോലെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും സിംഗിളുകള്‍ ഓടി നേടുന്നതിലും മികവുമില്ല. ഈ കാരണത്താലാണ് ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ധോണി വേണ്ട എന്ന ചര്‍ച്ച സജീവം ആകുന്നത്.

MORE IN SPORTS
SHOW MORE