അവസാന ഓവറിൽ സിക്സർ; ധോണി റിട്ടേൺസ്; വിമർശകർക്ക് മറുപടി

dhoni-finishing
SHARE

മെല്ലെപ്പോക്ക്, ഇഴഞ്ഞ ഇന്നിംഗ്സ് എന്നെല്ലാം വിമർശിച്ചവരുടെ വായടിപ്പിച്ച് 'ഫിനിഷർ' റോൾ ഭംഗിയായി നിർവഹിച്ച് മഹേന്ദ്രസിങ് ധോണി. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഏഴ് റണ്‍സ്. ശേഷിക്കുന്നത് ആറ് പന്ത്. നിർണായക ഓവറിലെ ആദ്യ പന്തിൽ തകര്‍പ്പൻ സിക്സറടിച്ച് ധോണി സ്റ്റൈൽ ഫിനിഷിങ്. സിഡ്നിയിൽ കുറ്റപ്പെടുത്തിയവർ അഡ്‌ലെയ്ഡിൽ ധോണിയെ വാഴ്ത്തുന്ന കാഴ്ച. 

ധോണിയുടെ മെല്ലെപ്പോക്കാണ് ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ തോൽക്കാൻ കാരണമെന്ന് വിമർശനമുയർന്നിരുന്നു. 96 പന്തിൽ 51 റൺസെടുത്താണ് ധോണി പുറത്തായത്. എന്നാൽ അഡ്‌ലെയ്ഡിൽ കഥ മാറി. 54 പന്തിൽ 55 റൺസെടുത്ത് ധോണി പുറത്താകാതെ നിന്നു. സ്ട്രൈക്ക് റേറ്റ് 178.57. 

രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്‍‌ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1–1).പരമ്പരയിലെ നിർണായക മൽസരം വെള്ളിയാഴ്ച മെൽബണിൽ നടക്കും

MORE IN SPORTS
SHOW MORE