കണ്ണടച്ചു തുറക്കും വേഗത്തിൽ പറന്ന് ക്യാച്ചെടുത്ത് രാഹുൽ; പിന്നാലെ വെളിപ്പെടുത്തൽ; കയ്യടി

kl-rahul-india
SHARE

‘കണ്ണുചിമ്മരുത്, രാഹുൽ പുറത്താകും; എട്ടു മണിക്കൂർ ഉറങ്ങുക, പൂജാര ക്രീസിൽ കാണും’–  ഇന്ത്യ–ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ കളി പൂർത്തിയാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാചകമാണിത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ലോകേഷ് രാഹുൽ തുടർച്ചയായി പരാജയപ്പെടുകയും ചേതേശ്വർ പൂജാര മൂന്നാം സെഞ്ചുറിയും നേടി മിന്നിത്തിളങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഈ ട്രോൾ വൈറലായത്. കഴിവു തെളിയിക്കാൻ അവസരങ്ങൾ ധാരാളം ഉണ്ടായിട്ടും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ രാഹുലിന് കഴിഞ്ഞതുമില്ല. 

ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ ഏറ്റവും അധികം വിമർശനങ്ങൾ കേട്ട താരമാണ് കെ.എൽ രാഹുൽ. പൊരുതാൻ പോലും തയ്യാറാകാതെ ബാറ്റ് വച്ചു കീഴടങ്ങിയ രാഹുലിന്റെ ചോര‌യ്ക്ക് വേണ്ടി ദാഹിക്കുന്നവരാണ് ഭൂരിഭാഗം ആരാധകരും. എന്നാൽ സിഡ്നിയിൽ ആരാധകരും അംപയർമാരും പ്രശംസ കൊണ്ട് മൂടുകയാണ് രാഹുലിനെ. 

ഓസീസിന്റെ ഒന്നാം ഇന്നിങ്സിലെ രവീന്ദ്ര ജഡേജ എറിഞ്ഞ  14–ാം ഓവറിലാണ് സംഭവം. മാർക്കസ് ഹാരിസായിരുന്നു ക്രീസിൽ. ഹാരിസ് അടിച്ചകറ്റിയ പന്ത് നേരേ രാഹുലിന്റെ കയ്യിൽ. രവീന്ദ്ര ജഡേജ ആഘോഷം തുടങ്ങി. എന്നാൽ അവകാശവാദങ്ങൾക്കോ തേർഡ് അംപയറിന്റെ പരിശോധനകൾക്ക് കാത്തു നിൽക്കാതെ തന്നെ രാഹുൽ പറഞ്ഞു. ഹാരിസ് ഔട്ടല്ല, പന്ത് മൈതാനത്ത്  വീണതിനു ശേഷം ഉയർന്നു പൊങ്ങിയാണ് തന്റെ കൈകളിൽ എത്തിയത്. കാണികളും അംപയറും രാഹുലിന്റെ നല്ല മനസിനെയും മാന്യതയേയും അഭിനന്ദിക്കാൻ പിശകു കാണിച്ചില്ല.  അംപയർ ഇയാൻ ഗൗൾഡ് രാഹുലിനെ മൈതാനത്തു വച്ചു തന്നെ കയ്യകളടിച്ച് അഭിനന്ദിച്ചു. കാണികളും രാഹുലിന് അഭിവാദ്യം അർപ്പിച്ച് കയ്യടിച്ചു. 

MORE IN SPORTS
SHOW MORE