ഷൂമാക്കര്‍ ആ കിടപ്പ് കിടന്നിട്ട് അഞ്ച് വർഷം; ലോകത്തെ അമ്പരപ്പിച്ച താരം രോഗകിടക്കിയിൽ

കാര്‍ റേസിങ് ഇതിഹാസം മൈക്കേല്‍ ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ട് ഇന്ന് അഞ്ച് വര്‍ഷം. സ്കീയിങ്ങിനിടെ പരുക്കേറ്റാണ് ഷൂമാക്കര്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടത്. ഏറ്റവും കൂടുതല്‍ ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ താരമാണ് ഷൂമാക്കര്‍

വേഗം കൊണ്ട്  ഇതിഹാസമായിമാറിയ ഷൂമാക്കര്‍ റേസിങ് ട്രാക്കിനോട് വിട പറഞ്ഞ് ഇന്നേക്ക് അഞ്ച് വര്‍ഷം. ട്രാക്ക് ഒരിക്കലും കൈവിടാതിരുന്ന ഷൂമാക്കറെ ആല്‍പ്സ് ചതിച്ചു. 2013 ഡിസംബര്‍ 29 ന് മകനൊപ്പം സ്കീയിങ് നടത്തുന്നതിനിടെ കാല്‍തെന്നി പൂറക്കൂട്ടത്തില്‍ തലയടിച്ചു വീണ ഷൂമാക്കര്‍ പിന്നീട് ഒരിക്കലും എഴുന്നേറ്റില്ല. വേഗം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച താരത്തിന്റെ ജീവിതം രോഗകിടക്കിയിലേക്ക് ചുരുങ്ങി

അപകടം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നത്. ഷൂമാക്കര്‍ പൂര്‍ണബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി. അതിന് ശേഷം ഷൂമാക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് ആധികാരികമായ ഒരുവിവരവും പുറത്ത് വന്നിട്ടില്ല. 

1996 മുതല്‍ 2006 വരെ ഫെരാറി ടീമംഗമായിരുന്ന ഷൂമാക്കര്‍ തുടര്‍ച്ചയായ അഞ്ചുതവണ എഫ് വണ്‍ ലോകചാംപ്യനായി . ഷൂമാക്കര്‍ ടീമംഗമായിരിക്കെ തുടര്‍ച്ചയായ ആറുതവണയാണ് നിര്‍മാതാക്കള്‍ക്കളുടെ ചാംപ്യന്‍ഷിപ്പ് ഫെരാറി സ്വന്തമാക്കിയത് . ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ ജയിച്ചതാരം, കൂടുതല്‍ പോള്‍ പൊസിഷനുകള്‍,  ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ താരമെന്നിങ്ങിനെ നേടിയെടുത്ത റെക്കോര്‍ഡുകള്‍ അനവധിയാണ്. ജനുവരി മൂന്നിനാണ് ഷൂമാക്കറുടെ ജന്മദിനം.