'ഇഷാന്ത് 16 നോബോൾ എറിഞ്ഞു; അനുവദിച്ചത് 5 എണ്ണം; വാദം; വിവാദം

ishant-sharma-india
SHARE

അഡ്‍ലെയ്ഡ് ടെസ്റ്റിൽ ഓസീസിനെ കെട്ടുകെട്ടിച്ച് ഇന്ത്യ വിജയം നേടിയതോടെ ആരംഭിച്ച വിവാദങ്ങൾക്ക് ശമനമില്ല. ഇഷാന്ത് ശർമ്മയുടെ നോ ബോളുകൾ കണ്ടെത്തുന്നതിൽ അമ്പയർമാർ ദയനീയമായി പരാജയപ്പെട്ടുവെന്ന ആരോപണം ഉന്നയിച്ച് ഓസീസിന്റെ മുൻ നായകൻ റിക്കി പോണ്ടിങ് രംഗത്തു വന്നതിനു തൊട്ടുപിന്നാലെയാണ് തെളിവുകൾ നിരത്തി മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ  ഫോക്സ് സ്പോർട്സിന്റെ രംഗപ്രവേശനം. 

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ മാത്രം ഇഷാന്ത് ശർമ്മ എറിഞ്ഞ 16 പന്തുകൾ നോ ബോളുകൾ ആണെന്നും എന്നാൽ അഞ്ചെണ്ണം മാത്രമേ അമ്പയർ അനുവദിച്ചിരുന്നുളളുവെന്ന്  ഫോക്സ് സ്പോർട്സ് വാദിക്കുന്നു. ഒരു ഓവറിലെ ആറും പന്തും ഫ്രണ്ട് ഫൂട്ട് നോ ബോൾ ആയിരുന്നെങ്കിലും അമ്പയർ നോ ബോൾ വിളിച്ചില്ല. രണ്ട് വ്യത്യസ്ത സെഷനുകളിൽ ഇഷാന്ത് ഇതു പോലെ പന്തെറിഞ്ഞതായും ഇഷാന്തിന്റെ ബൗളിങ് വിഡിയോ വിശദമായി പരിശോധിച്ചതിനു ശേഷം ഫോക്സ് സ്പോർട്സ് വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ വിജയം ചോദ്യം ചെയ്ത് രംഗത്തു വന്ന ഫോക്സ് സ്പോർട്സിന്റെ അവകാശ വാദങ്ങളെ കുറിച്ച് ഇന്ത്യൻ ടീം പ്രതികരിച്ചില്ല. 

നാലാം ദിനത്തിൽ ഇഷാന്ത് നിരവധി ഓവർ സ്റ്റെപ്പ് നോ ബോളുകളാണ് എറിഞ്ഞത്. എന്നാൽ ഓൺ ഫീൽഡ് അമ്പയർമാരായ നിഗെൽ ലോങ്ങും കുമാർ ധർമസേനയും ഇതിനൊന്നും നോ ബോൾ വിളിച്ചില്ല. ടെലിവിഷൻ റീപ്ലേകളിൽ പല പന്തുകളും നോ ബോളായിരുന്നുവെന്ന് വ്യക്തമായിരുന്നുതാനും. ഇതിനെതിരെ പോണ്ടിങ്, ഓസീസ് മുൻ പേസ് ബൗളർ ഡാമിയൻ ഫ്ലെമിങ് എന്നിവർ രംഗത്തെത്തിയിരുന്നു ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിക്കറ്റ് വീഴുമ്പോള്‍ മാത്രമേ നോബോളിനെ കുറിച്ച് എല്ലാവരും ജാഗ്രത കാണിക്കുന്നുള്ളൂ എന്നും പോണ്ടിംഗ് ചുണ്ടിക്കാട്ടി. ഇഷാന്തിന്റെ ഒരോവറിലെ ആറ് പന്തും ലൈന്‍ മറികടന്നുള്ളതായിരുന്നു. എന്നാല്‍ അമ്പയര്‍ ഇതിനെ നോബോള്‍ വിളിച്ചില്ല. ഇത് ഗുരുതര വീഴ്ച തന്നെയാണെന്നും പോണ്ടിങ് പറയുന്നു.

ഓസീസിന്റെ രണ്ടാം ഇന്നിങ്സിൽ ആരോൺ ഫിഞ്ചിനെ വിക്കറ്റിനു പിന്നിൽ കുടുക്കിയ പന്തും നോ ബോൾ അനുവദിച്ചിരുന്നില്ല. ഫിഞ്ച് റിവ്യുവിന് പോയതോടെയാണ് ആ പന്ത് നോ ബോൾ അനുവദിച്ചത്. ഇഷാന്ത് ശര്‍മയാണ് മത്സരത്തിനിടെ എറിഞ്ഞ രണ്ടു നോബോളുകളുടെ പേരില്‍ ദു:ഖിതനായിരിക്കുന്നതെന്ന് മത്സരശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി വെളിപ്പെ‌ടുത്തിയിരുന്നു.

MORE IN SPORTS
SHOW MORE