സച്ചിനും സെവാഗിനൊപ്പം എന്നെ കളിപ്പിക്കില്ലെന്ന് ധോണി വാശിപ്പിടിച്ചു; ആഞ്ഞടിച്ച് ഗംഭീർ

gambeer-dhoni-sachin
SHARE

ഇങ്ങനെയൊരു വിടവാങ്ങൽ മത്സരമല്ല ആ മനുഷ്യൻ അർഹിച്ചിരുന്നത്. ആളും ആരവങ്ങളും ഇല്ലാതെ ഗംഭീർ പാഡഴിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അതിഗംഭീരമായ വിജയങ്ങൾ നേടി കൊടുത്ത താരമാണ് ഗൗതം ഗംഭീർ. ഇതിഹാസ താരങ്ങളിലാണ് ഗംഭീറിന്റെയും സ്ഥാനം. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായിരുന്നു.  2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. സമാനതകളില്ലാത്ത ഒരു യുഗമാണ് ഗംഭീറിന്റെ വിരമിക്കലോടുകൂടി ക്രിക്കറ്റിൽ അവസാനിക്കുന്നത്.

2007 ലെ ട്വന്റി-20 ലോകകപ്പിന്റേയും 2011 ലെ ഏകദിന ലോകകപ്പിന്റേയും ഫൈനലുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാൻ ഇടയില്ല. ഗംഭീറിന്റെ അതിഗംഭീരമായ പ്രകടനത്തിലൂടെ ഇന്ത്യ കിരീടം ഉയർത്തുകയായിരുന്നുവെന്ന് പറയുന്നതാണ് കൂടുതൽ ശരി. കളിക്കളത്തിൽ ആക്രമണോത്സുകത പ്രകടപ്പിക്കുമെങ്കിലും തികഞ്ഞ മാന്യനായിരുന്നു ഗംഭീർ. പരിഭവങ്ങളില്ലാതവൻ. ആളും ആരവങ്ങളുമില്ലാതെ അർഹിക്കുന്ന അതിഗംഭീരമായ യാത്രയയപ്പ് ഇല്ലാതെ ക്രിക്കറ്റിലെ ആ  മനോഹര ഇന്നിംഗ്ങ്ങിസിന് അവസാനമായി. 

എല്ലാ വിഭാഗങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഗംഭീർ ആന്ധ്രയ്ക്കെതിരായ രഞ്ജി മത്സരത്തിലെ അവിസ്മരണീയമായ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയാണ് തന്റെ വിടവാങ്ങൽ ആഘോഷമാക്കിയത്. 185 പന്തിൽ നിന്ന് 10 ബൗണ്ടറികളുടെ അകമ്പടിയോടെ ഗംഭീർ 112 റൺസ് എടുക്കുകയായിരുന്നു. വിടവാങ്ങൽ മത്സരത്തിനു ശേഷമുളള വിടവാങ്ങൽ പ്രസംഗം വികാരനിർഭരമായിരുന്നു. താങ്ങും തണലുമായി നിന്നവർക്ക് ഗംഭീർ നന്ദി പറഞ്ഞു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ മുറിവേറ്റ നിമിഷങ്ങളെ കുറിച്ചായിരുന്നു ഗംഭീറിനു പറയാനുണ്ടായിരുന്നത്. 

എറ്റവും മികച്ച ഇന്ത്യൻ നായകന്റെ പേര് പറയാൻ പറഞ്ഞാൽ ഗംഭീർ പറയുക അനിൽ കുംബ്ലെയുടേതാകും. ധോണിയും ഗാംഗുലിയുമെല്ലാം കുംബ്ലെയ്ക്ക് ശേഷം മാത്രമാകും വരിക. ധോണിയും ഗംഭീറും നേർക്കു നേരെ കണ്ടാൽ യുദ്ധമുണ്ടാകുമെന്നു വരെ മാധ്യമങ്ങൾ എഴുതിയിരുന്നു. ഒരു ഘട്ടത്തിൽ ഇതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമെന്നായിരുന്നു ഗംഭീറിന്റെ മറുപടിയും. എന്നാൽ വിടവാങ്ങൽ മത്സരത്തിനു ശേഷവും ധോണിയെ കുറിച്ച് ഗുരുതരമായ പരാമർശങ്ങൾ നടത്തി ഗംഭീർ. 

ധോണി നായകനായിരുന്നപ്പോൾ എടുത്ത തീരുമാനത്തെയാണ് ഗംഭീർ വിമർശിച്ചത്. സച്ചിനും സെവാഗിനൊപ്പം എന്നെ കളിപ്പിക്കാൻ സാധിക്കില്ലെന്ന് ധോണി വാശിപിടിച്ചു. റോട്ടേഷൻ തീരുമാനം കാരണം പലപ്പോഴും ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുമിച്ച് കളിക്കാനായില്ല. ഇവർക്കൊപ്പം എനിക്ക് കളിക്കാൻ സാധിക്കില്ലെന്നുളളത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഞെട്ടലായിരുന്നു. ഞാനെന്നല്ല ഏതൊരു ക്രിക്കറ്റ് താരത്തിനും അതൊരു ഷോക്കായിരിക്കും. 2015ലെ ലോകകപ്പ് ടീമിനെ 2012 ൽ തന്നെ പ്രഖ്യാപിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും ഗംഭീർ പറയുന്നു. 

2012 ൽ ഓസ്ട്രേലിയയുമായുളള ത്രിരാഷ്ട്ര പരമ്പരയിൽ സച്ചിനെയും സെവാഗിെയും എന്നെയും ഒരുമത്സരത്തിൽ ഇറക്കാൻ സാധിക്കില്ലെന്ന് ധോണി തീരുമാനമെടുത്തു. യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന് വൻ പ്രതിഷേധം ഉയർന്നുവെങ്കിലും ധോണി അത് വകവെച്ചില്ല. എന്നാൽ ജയം അനിവാര്യമാകുന്ന ഘട്ടം വന്നപ്പോൾ ധോണി ആ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയി. സച്ചിനും സെവാഗും ഓപ്പണിങ്ങും ഞാൻ മൂന്നാമനുമായി ഇറങ്ങി. കോഹ്‍ലിയായിരുന്നു നാലാമൻ. 37 ഓവറിനുളിൽ ആ മത്സരം ജയിക്കണമായിരുന്നു. നമ്മൾ ജയിക്കുകയും ചെയ്തു. നിങ്ങൾ ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നിൽക്കാൻ നിങ്ങൾക്ക് കഴിയണം. അല്ലെങ്കിൽ അതിനു മുതിരരുത്. ധോണിയെ ലക്ഷ്യമിട്ട് ഗംഭീർ പറഞ്ഞു. 

MORE IN SPORTS
SHOW MORE