അന്ന് ഗംഭീർ പറഞ്ഞു; ആ പുരസ്കാരം കോഹ്‍ലിക്കു കൊടുത്തേക്കൂ... അമ്പരപ്പ്

virat-kohli-gambhir
SHARE

ഇന്ത്യയ്ക്ക് വേണ്ടി അതിഗംഭീരമായ വിജയങ്ങൾ നേടി കൊടുത്ത താരമാണ് ഗൗതം ഗംഭീർ. ഇതിഹാസ താരങ്ങളിലാണ് ഗംഭീറിന്റെയും സ്ഥാനം. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായിരുന്നു ഗംഭീർ.  2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഗംഭീറായിരുന്നു. സമാനതകളില്ലാത്ത ഒരു യുഗമാണ് ഗംഭീറിന്റെ വിരമിക്കലോടുകൂടി ക്രിക്കറ്റിൽ അവസാനിക്കുന്നത്.

2007 ലെ ട്വന്റി-20 ലോകകപ്പിന്റേയും 2011 ലെ ഏകദിന ലോകകപ്പിന്റേയും ഫൈനലുകൾ ഒരു ക്രിക്കറ്റ് ആരാധകനും മറക്കാൻ ഇടയില്ല. ഗംഭീറിന്റെ അതിഗംഭീരമായ പ്രകടനത്തിലൂടെ ഇന്ത്യ കിരീടം ഉയർത്തുകയായിരുന്നുവെന്ന് പറയുന്നതാണ് കൂടുതൽ ശരി. കളിക്കളത്തിൽ ആക്രമണോത്സുകത പ്രകടപ്പിക്കുമെങ്കിലും തികഞ്ഞ മാന്യനായിരുന്നു ഗംഭീർ. പരിഭവങ്ങളില്ലാതവൻ. ആളും ആരവങ്ങളുമില്ലാതെ അർഹിക്കുന്ന അതിഗംഭീരമായ യാത്രയയപ്പ് ഇല്ലാതെ ക്രിക്കറ്റിലെ ആ  മനോഹര ഇന്നിംഗ്ങ്ങിസിന് അവസാനമാകുകയാണ്. 

കൊൽക്കത്തയുടെ ഈഡൻ ഗാർഡനിൽ തനിക്ക് ലഭിച്ച പുരസ്കാരം വിരാട് കോഹ്‍ലിക്കു സമ്മാനിക്കാൻ പറഞ്ഞ ഗൗതം ഗംഭീറിനെ മറക്കാൻ ക്രിക്കറ്റ് ലോകത്തിനു കഴിയില്ല. 2009 ഡീസംബർ 24 ന് ശ്രീലയ്ക്കെതിരെയുളള മത്സരമായിരുന്നു വേദി. 316 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടരുകയാണ് ഇന്ത്യ. സെവാഗും സച്ചിനും ആദ്യം തന്നെ കൂടാരം കയറി. ഇന്ത്യ തോൽവി മണത്തു തുടങ്ങി. മൂന്നാം വിക്കറ്റിൽ ഒരു അത്ഭുതം നടന്നു. കോഹ്‍ലിയും ഗംഭീറും കൈ കോർത്തു. 224 റൺസിന്റെ കൂട്ടുകെട്ട്. ഗംഭീർ അടിച്ചു കൂട്ടിയത് 150 റൺസ്. കോഹ്‍ലിയുടെ ആദ്യ ഏകദിന സെഞ്ചുറി 107 റൺസ്. ഇന്ത്യ 48.1 ഓവറിൽ വിജയം ആഘോഷിച്ചു. 

മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തത് ഗംഭീറിനെയായിരുന്നു എന്നാൽ പുരസ്കാര സമർപ്പണ ചടങ്ങിൽ ഗംഭീർ ആ പുരസ്കാരം ഏറ്റുവാങ്ങിയില്ല. ആദ്യ സെഞ്ചുറി നേടിയ കോഹ്‍ലിക്ക് പുരസ്കാരം നൽകാൻ ഗംഭീർ ആവശ്യപ്പെട്ടു. വിരാടിന്റെ ബാറ്റിങ്ങ് രീതിയാണ് തനിക്ക് സമർദ്ദമില്ലാതെ കളിക്കാൻ വഴി ഒരുക്കിയെന്നായിരുന്നു ഗംഭീറിന്റെ ന്യായം. 

കണ്ടു നിന്നവരെല്ലാം ഒരു നിമിഷമൊന്ന് അമ്പരന്നു. പിന്നീട് ഗംഭീറിന്റെ മാന്യതയ്ക്കും കോഹ്‍ലിയുടെ നേട്ടത്തിനും അവര്‍ കൈയ്യടിച്ചു. തുടക്കകാരന്റെ അദ്ധ്വാനത്തിന് അന്ന് വിലയുണ്ടായി. 21 വയസ് മാത്രമേ വിരാടിന് അന്ന് പ്രായമുണ്ടായിരുന്നുളളു. വർഷങ്ങൾക്കു ശേഷം കോഹ്‍ലിയുമായി കളിക്കളത്തിൽ ഏറ്റുമുട്ടുന്ന ഗംഭീറിനെയും നമ്മൾ കണ്ടു. കൊല്‍ക്കത്തയുടെ നായകനായ ഗംഭീറും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നായകനായ കോഹ്‍ലിയും മൈതാനത്ത് ഏറ്റുമുട്ടുന്ന കാഴ്ച സങ്കടകരമായിരുന്നു താനും. ഗംഭീറിന് ഇന്ത്യന്‍ ടീമിന് പുറത്തേക്ക് വഴി തെളിക്കുന്നതിന് വരെ ആ സംഭവം കാരണമായെന്ന് വിലയിരുത്തുന്നവര്‍ വരെയുണ്ട്.

MORE IN SPORTS
SHOW MORE