പരിശീലകൻ‌ അപമാനിച്ചു; തകർക്കാൻ ശ്രമം; ആഞ്ഞടിച്ച് മിതാലി രാജ്

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം പരിശീലകന്‍ രമേഷ് പവാര്‍ അപമാനിച്ചെന്ന പരാതിയുമായി ഇതിഹാസതാരം മിതാലി രാജ് . വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പിനിടെ ടീമില്‍ നിന്ന് ഒഴിവാക്കി  തന്നെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ മിതാലി ബി സി സി ഐയ്ക്ക് അയച്ച പരാതിയില്‍ പറയുന്നു . 

രണ്ട് അര്‍ധസെഞ്ചുറി നേടി മികച്ച ഫോമിലായിരുന്ന തന്നെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മല്‍സരത്തില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയതാണെന്ന് BCCIയ്ക്ക് അയച്ച കത്തില്‍ മിതാലി രാജ് ആരോപിക്കുന്നു. മിതാലി ഇല്ലാതെയിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ  തോറ്റു പുറത്തായി . പരിശീലന സമയത്തും രമേഷ് പവാര്‍ തന്നെ അവഗണിച്ചുവെന്നും മിതാലി ആരോപിക്കുന്നു . ലോകകപ്പില്‍ ന്യുസിലാന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ഓപ്പണിങ് സ്ഥാനത്തുനിന്ന് നീക്കയതിനെയും മിതാലി കത്തില്‍ വിമര്‍ശിക്കുന്നു . 

ഓസ്ട്രേലിയക്കെതിരായ ഗ്രൂപ്  മല്‍സരം നടക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മാധ്യമങ്ങളുണ്ടാകുമെന്നും രമേശ് പവാര്‍ നിര്‍ദേശിച്ചതായി മിതാലി ആരോപിക്കുന്നു  .  എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി പ്രശ്നങ്ങളില്ലെന്നും മിതാലി കത്തില്‍ വ്യക്തമാക്കി

ഫോമിലായിരുന്നിട്ടും പരിക്കുകളില്ലാതിരുന്നിട്ടും ബോധപൂർവ്വം മിതാലി രാജിനെ തഴഞ്ഞത് പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. മിതാലിയ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും കുറ്റബോധമില്ലെന്നും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ മാധ്യമങ്ങളോട് പറഞ്ഞത് വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. ഇടനെ മിതാലിയുടെ മാനേജർ അനീഷാ  ഗുപ്ത ഹർമൻ പ്രീതിനെതിരെ രൂക്ഷവിമർശനവുമായി സമൂഹമാധ്യമങ്ങഉളിൽ രംഗത്തു വരികയും ചെയ്തു. 

കാര്യങ്ങളെ വളച്ചൊടിക്കുന്ന നുണ പറയുന്ന ടീമിന് യോജിക്കാത്ത ക്യാപ്റ്റനാണ് ഹർമനെന്ന് മിതാലിയുടെ മാനേജർ ഹർമൻ പ്രീതിനെതിരെ ആഞ്ഞടിച്ചു.കമന്‍റേറ്റർമാരായ സഞ്ജയ് മഞ്ചരേക്കറും നാസർ ഹുസൈനും മിതാലിയെ ഒഴിവാക്കിയതിനെ നേരത്തെ വിമ‍ർശിച്ചിരുന്നു. നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 112 റൺസിന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോറ്റത്. മിതാലിയെ പോലെ പരിചയസമ്പന്നനായ കളിക്കാരിയെ പുറത്തിരുത്തി ഇന്ത്യ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു. നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 34 റൺസെടുത്ത സ്മൃതി മന്ദാനയും 26 റൺസ് എടുത്ത് ജെമീമാ റോഡ്രിഗസ് മാത്രമാണ് െപാരുതാനുളള മനസ് കാണിച്ചത്.