സിക്സർ പറത്തി കോഹ്​ലി; ഇഷ്ടം നേടി വൈറലായി ഇൗ ജീവനക്കാരൻ; വിഡിയോ

kohli-security-viral
SHARE

കളത്തിൽ ഇന്ത്യ ജയിച്ചപ്പോൾ കളത്തിന് പുറത്ത് താരമായത് ഇൗ സുരക്ഷാ ജീവനക്കാരനാണ്. സോഷ്യൽ ലോകത്തിന്റെയും ക്രിക്കറ്റ് ആരാധകരുടെയും ഇഷ്ടമാണ് ഇദ്ദേഹം കൈക്കുള്ളിലാക്കിയത്. ഇന്ത്യ– ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനിടയിലുള്ള രസകരമായ വിഡിയോയിലാണ് ഇൗ മനോഹര ക്യാച്ച്. ഗ്ലെൻ മാക്സ്‍വെല്ലിന്റെ പന്ത് വിരാട് കോഹ്‍ലി സിക്സർ പായിച്ച് ബൗണ്ടറി കടത്തിയെങ്കിലും അത് കൈപ്പിടിയിലാക്കി വിക്കറ്റ് ആഘോഷിക്കുകയായിരുന്നു ആ മനുഷ്യനും ആരാധകരും.  

ഇന്ത്യൻ ഇന്നിങ്സിന്റെ പതിനേഴാം ഓവറിലാണ് സംഭവം. ഗ്ലെൻ മാക്സ്‍വെല്ലിന്റെ പന്ത് കോഹ്‍ലി മിഡ്‍വിക്കറ്റിലൂടെ ബൗണ്ടറി പായിച്ചു. എന്നാൽ ബൗണ്ടറിക്കപ്പുറത്ത് നിന്ന സെക്യൂരിറ്റി ജീവനക്കാരൻ ആ പന്തിനെ അനായാസമായി കയ്യിലൊതുക്കി. സിക്സ‍ർ പായിച്ച കോഹ്​ലിയെയും ക്യാച്ചെടുത്ത സുരക്ഷ ജീവനക്കാരനെയും ആരാധകർ ഒരുപോലെ അഭിനന്ദിച്ചു.  

സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റ20 യിൽ മുന്നിൽ നിന്നും നയിച്ച് ജയം നേടിയ കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചത് നാലു റെക്കോർഡുകളാണ്. 41 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റൺസെടുത്താണ് താരം ടീമിനെ ജയത്തിലേക്ക് നയിച്ചത്. 

∙ ഏതെങ്കിലുമൊരു ടീമിനെതിരെ ട്വന്റി20യിൽ ഒരു താരം ഒറ്റയ്ക്കു നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടം ഇനി കോഹ്‍ലിക്കു സ്വന്തം. ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങിയ 14 മൽസരങ്ങളിലെ 13 ഇന്നിങ്സുകളിൽനിന്ന് കോഹ്‍ലിയുടെ സമ്പാദ്യം 488 റൺസാണ്. ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ പാക്കിസ്ഥാനെതിരെ 15 മൽസരങ്ങളിൽനിന്ന് നേടിയ 463 റൺസിന്റെ റെക്കോർഡാണ് കോഹ്‍ലി തിരുത്തിയത്.

∙ ട്വന്റി20യിൽ കോഹ്‍ലിയുടെ 19–ാം അർധസെഞ്ചുറിയാണ് സിഡ്നിയിൽ പിറന്നത്. ഇതോടെ, രാജ്യാന്തര ട്വന്റി20 അർധസെഞ്ചുറികളിൽ കോഹ്‍ലി, ഇന്ത്യയുടെ തന്നെ രോഹിത് ശർമയ്ക്കൊപ്പമെത്തി. 

∙ ഓസ്ട്രേലിയയ്ക്കെതിരെ കോഹ്‍ലിയുടെ അഞ്ചാം അർധസെഞ്ചുറിയാണ് സിഡിനിയിലേത്. ഒരു ടീമിനെതിരെ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ എന്ന റെക്കോർഡ് ശ്രീലങ്കൻ താരം കുശാൽ പെരേരയ്ക്കൊപ്പം പങ്കിടുകയാണ് കോഹ്‍ലി. ബംഗ്ലദേശിനെതിരെയാണ് കുശാൽ പെരേര അഞ്ച് അർധസെഞ്ചുറികൾ ട്വന്റി20യിൽ നേടിയിട്ടുള്ളത്.

∙ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ കോഹ്‍ലിയുടെ 13–ാം അർധസെഞ്ചുറിയുമാണ് ഇന്നലെ പിറന്നത്. ഇക്കാര്യത്തിൽ കോഹ്‍ലിയെ വെല്ലാൻ ആരുമില്ല

റെക്കോർഡുകൾ ഇങ്ങനെ തേടിയെത്തുമ്പോഴും ഒരു വിഷമം മാത്രം ബാക്കിയാണ് ആരാധകർക്ക്. ട്വന്റി20 യിൽ ഇതുവരെ ഒരു സെഞ്ചുറി നേടാനായിട്ടില്ല. ഇക്കാര്യത്തിൽ കോഹ്‌ലി പ്രതികരിച്ചിട്ടില്ലെങ്കിലും ആ നേട്ടത്തിനായി അദ്ദേഹം ശ്രമിക്കുമെന്നു ക്രിക്കറ്റ് ലോകത്തിനറിയാം. കാരണം. ഇത് വിരാട് കോഹ്‌ലിയാണ്. തോൽക്കാൻ മനസില്ലാത്ത യഥാർഥി പോരാളി. അതു കൊണ്ടു തന്നെ ഏറെത്താമസിയാതെ തന്നെ ആ നേട്ടം കൈവരിച്ചിരിക്കും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.