പൊളളാർഡിനെ ഒറ്റക്കൈ കൊണ്ട് സിക്സ് അടിച്ച് പന്ത്; അമ്പരപ്പ്: വിഡിയോ

അവസാന പന്തിൽ നാടകീയമായി വിൻഡീസിന്റെ കയ്യിൽ നിന്ന് ഇന്ത്യ വിജയം പിടിച്ചു വാങ്ങുകയായിരുന്നു. മൂന്നാം മത്സരത്തിലും ജയിച്ച് പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് ഉയര്‍ത്തിയ 182 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറിക്കടന്നത്. ശിഖാർ ധവാനും ഋഷഭ് പന്ത് ചേർന്നായിരുന്നു ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. അവസാന പന്തിൽ ഇന്ത്യ വിജയറൺ കുറിക്കുകയും ചെയ്തു.

എന്നാൽ കളിക്കിടയിൽ താരമായത് ഋഷഭ് പന്ത് ആയിരുന്നു. കാണികളെ ത്രസിപ്പിച്ചും ധവാനൊപ്പം കൃത്യമായി സ്കോർ ഉയർത്തിയുമുളള മുന്നേറ്റം. കാണികളെ ത്രസിപ്പിച്ച അതിമനോഹരമായ സിക്സും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പറന്നു. കീറോൺ പൊളളാർഡ് എറിഞ്ഞ 12–ാം ഓവറിൽ ഒറ്റക്കൈ കൊണ്ട് ഒരു അതുഗ്രൻ സിക്സർ. ഈ അത്ഭുതപ്രകടനം കണ്ട് പൊളളാർഡ് അത്ഭുതപ്പെട്ട് നിൽക്കുന്ന കാഴ്ച ഗാലറിയെ ഇളക്കിമറിക്കുകയും ചെയ്തു. 

38 പന്തിൽ 58 റൺസാണ് പന്ത് അടിച്ചുകൂട്ടിയത്. കുട്ടിക്രിക്കറ്റിൽ പന്തിന്റെ ആദ്യത്തെ അർധ സെഞ്ചുറിയാണിത്. അഞ്ച് ഫോറുകളും മൂന്ന് സിക്സും പന്ത് നേടി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അർധസെഞ്ചുറി നേടിയ നിക്കോളാസ് പൂരാന്റെ  മികവിലാണ്  ഭേദപ്പെട്ട സ്കോർ നേടിയത്. 25 പന്തില്‍ 53 റൺസ് നേടി പൂരാൻ പുറത്താകാതെ നിന്നു. 37 പന്തിൽ 43 റൺസെടുത്ത് ബ്രാവോയും പിന്തുണ നല്‍കി. 51 റൺസിലാണ് വിൻഡീസിന് ആദ്യവിക്കറ്റ് നഷ്ടമാകുന്നത്. ഷായ് ഹോപ് ഇരുപത്തിനാലും ഷിമ്രോൻ ഹെയ്റ്റ്മർ ഇരുപത്തിയാറും ദെനേഷ് രാംദിൻ പതിനഞ്ചും റൺസ് നേടി. 

രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡ‍് രോഹിത് ശര്‍മക്ക് ഇക്കുറി സ്വന്തമാക്കാനായില്ല. നേട്ടത്തിന് 11 റൺസ് മാത്രം മതിയായിരുന്ന രോഹിത് നാല് റൺസെടുത്ത് പുറത്തായി. കീമോ പോൾ ആണ് രോഹിത്തിനെ മടക്കിയത്. അതേസമയം മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ എല്ലാ മത്സരവും ജയിച്ച് രണ്ടുതവണ പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യൻ നായകനെന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കി. താത്്ക്കാലികമായി മാത്രം ടീമിനെ നയിച്ചാണ് അപൂർവ്വ നേട്ടം രോഹിത് സ്വന്തം പേരിൽ കുറിച്ചത്.