ധോണി ഇതിഹാസതാരം; കോഹ്‌ലിയെ താനുമായി താരതമ്യം ചെയ്യണ്ട: കടുപ്പിച്ച് സച്ചിൻ

kohli-sachin-dhoni
SHARE

ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളും ഒറ്റയ്ക്ക് നെഞ്ചോട് ചേർത്ത ഇതിഹാസതാരമാണ് സച്ചിൻ രമേശ് തെണ്ടുൽക്കർ എന്ന കുറിയ മനുഷ്യൻ. ഇന്ത്യൻ ക്രിക്കറ്റെന്നാൽ സച്ചിൻ രമേശ് തെണ്ടുൽക്കറായിരുന്നു കാലഘട്ടമുണ്ടായിരുന്നു. സച്ചിന് വേണ്ടി കളികണ്ടവരും കളിക്കളത്തിൽ ഇറങ്ങിയവരും നിരവധി. സച്ചിൻ പുറത്താകുമ്പോൾ നിരാശയോടെ ടെലിവിഷൻ സെറ്റുകൾ ഓഫാക്കി. ക്രിക്കറ്റ് ഒരു മതമായിരുന്നെങ്കിൽ സച്ചിൻ രമേശ് തെണ്ടുൽക്കർ ദൈവമായിരുന്നു. 21 വർഷം കോടാനുകോടി ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ സച്ചിൻ പാഡണിഞ്ഞു. ആ പാഡഴിഞ്ഞപ്പോൾ ഇന്ത്യ ഒന്നാകെ കണ്ണീർ വാർത്തു. ക്രിക്കറ്റിലെ അതികായൻ ഡോൺ ബ്രാഡ്മാന് ശേഷം ലോകം വാഴ്ത്തിയ കളിക്കാരനായിരുന്നു സച്ചിൻ. സർ, ഡോൺ ബ്രാഡ്മാൻ. വിവിയൻ റിച്ചാർഡ്, എന്നി ഇതിഹാസതാരങ്ങളുമായിട്ടായിരുന്നു സച്ചിൻ താരതമ്യം ചെയ്യപ്പെട്ടിരുന്നത്. സാക്ഷാൽ കപിൽദേവും സുനിൽ ഗവാസകറും വരെ ആ പ്രതിഭയുടെ പുറകിൽ നിർത്തപ്പെട്ടു.

സച്ചിൻ പടുത്തുയർത്തിയ റെക്കോർഡുകളെല്ലാം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. സച്ചിനു ഒപ്പമോ അതിനു പകരമോ ആയി വിരാട് കോഹ്‌ലി എന്ന പുതിയ പ്രതിഭ ഉയർത്തപ്പെട്ടിരിക്കുന്നു. പലപ്പോഴും സച്ചിനുമായി കോഹ‌്‌ലി താരതമ്യം ചെയ്യപ്പെടുന്നു. എന്നാൽ ഈ താരതമ്യങ്ങളിൽ സച്ചിൻ അസ്വസ്ഥനാണ് എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ  സ്റ്റേഡിയത്തിൽ  നടന്ന ഒരു ചടങ്ങിൽ  പങ്കെടുക്കവെയാണ് സച്ചിൻ; ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

കോഹ‌്‌ലി ഇതിഹാസതാരമായി വളരുക തന്നെ െചയ്യും. ഇന്ത്യ കണ്ട ഇതിഹാസതാരങ്ങളുടെ പേരിൽ കോഹ‌്‌ലിയും ഉണ്ടാകും. ഇപ്പോൾ നിങ്ങൾ കോഹ്‌ലിയെ കുറിച്ച് പറയുന്നതു പോലെ ഞാൻ കളിച്ച 24 വർഷങ്ങളിലും ഞാൻ താരതമ്യങ്ങൾക്ക് വിധേയനായിരുന്നു. എന്നാൽ ഞാൻ അവയിൽ വിശ്വസിച്ചിട്ടില്ല. എനിക്കു മുൻപേ കളിച്ച ഇതിഹാസങ്ങളേക്കാൾ വലിയവനായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. ക്രിക്കറ്റ് ഓരോ കാലഘട്ടത്തിലും മാറികൊണ്ടിരിക്കുന്നു. ഓരോ തലമുറയിലും ക്രിക്കറ്റ് വ്യത്യസ്തമാണ്. നിയമങ്ങളിൽ മാറ്റം വന്നു. നിയന്ത്രണങ്ങൾ മാറി, പിച്ചുകളും മൈതാനങ്ങളും പന്തുകൾ വരെ മാറി. ഓരോ ദിവസവും മാറ്റമുണ്ട്. 1960, 1970, 1980 എന്നീ കാലഘട്ടങ്ങളിൽ ബൗളിങ് ഇതിഹാസങ്ങൾ തന്നെ നമുക്കുണ്ടായിരുന്നു. 

ഞാൻ കളിച്ചിരുന്ന കാലഘട്ടത്തിലുളള ബൗളർമാരല്ല നിയമങ്ങളല്ല ഇന്നുളളത് അതുകൊണ്ട് താരതമ്യം വേണ്ട. വ്യത്യസ്ത കാലഘട്ടങ്ങളിലുളള താരങ്ങളെ നമുക്ക് താരതമ്യം ചെയ്യാതിരിക്കാം. ക്രിക്കറ്റിനെ കുറിച്ച് നമുക്ക് സംസാരിക്കാം. കോഹ്‌ലി മിടുക്കനായ താരമാണ്. കുഞ്ഞിലെ മുതൽ അയാളിലെ പ്രതിഭയെ എനിക്കു വ്യക്തമായി അറിയാം.ഇതിഹാസതാരം തന്നെയാണ് അയാൾ. ഞാനുമായി അയാളെ താരതമ്യം ചെയ്യരുത്. നാളെ ലോകം സംസാരിക്കാൻ പോകുന്നത് അയാളെ കുറിച്ചാണ് സച്ചിൻ പറഞ്ഞു.

മോശം ഫോം തുടരുന്ന മഹേന്ദ്ര സിംഗ് ധോണിയെ വെസ്‌റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയയ്‌ക്കും എതിരായ ട്വന്റി-20 ടീമില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ സച്ചിനും രംഗത്തു വന്നു. “ടീമിന് വലിയ സംഭാവനകള്‍നല്‍കുന്ന താരമാണ് ധോണി. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ച ക്യാപ്‌റ്റന്‍കൂടിയാണ് അദ്ദേഹം. ഈ നേട്ടങ്ങളില്‍നില്‍ക്കുന്ന മഹിക്ക് എന്തു ചെയ്യണമെന്ന് അറിയാമെന്നാണ് ഞാന്‍വിശ്വസിക്കുന്നത്” - സച്ചിൻ പറഞ്ഞു.ധോണിയെ പുറത്തിരുത്തി എന്ത് പദ്ധതിയാണ് സെലക്‌ടര്‍മാര്‍ഒരുക്കുന്നതെന്ന് എനിക്കറിയില്ല.  അഭിപ്രായം പറഞ്ഞ് ആരെയെങ്കിലും സ്വാധീനിക്കാന്‍താല്‍പര്യമില്ലെന്നും സച്ചിന്‍തുറന്നു പറഞ്ഞു.

MORE IN SPORTS
SHOW MORE