ജൂനിയർ തെൻഡുൽക്കറിന് മികവ് ബൗളിങ്ങിൽ; ഗുജറാത്തിന്റെ നട്ടല്ലൊടിച്ച് വിക്കറ്റ് വേട്ട

വിനു മങ്കാദ് ട്രോഫിയില്‍ മികച്ച പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍  തെൻഡുൽക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈയും ഗുജറാത്തും തമ്മിലുള്ള മത്സരത്തിലായിരുന്നു ജൂനിയർ തെൻഡുൽക്കർ മികച്ച പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിൽ  അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് അര്‍ജുന്‍ തന്റെ വരവറിയിച്ചത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ദേശീയ ജഴ്‌സിയണിഞ്ഞ അര്‍ജുന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഗുജറാത്തിനെതിരെ പുറത്തെടുത്തത്. 8.2 ഓവറില്‍ ഒരു മെയ്ഡനടക്കം 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ജുന്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

അര്‍ജുന്റെ ബൗളിംഗ് മികവില്‍ ഗുജറാത്ത് 142 റണ്‍സിന് പുറത്തായി. വര്‍ധമാന്‍ ദത്തേഷ് സാഹ (0), പ്രിയേഷ് (1), എല്‍.എം കോച്ചര്‍ (8), ജയമീത് പട്ടേല്‍ (26), ധ്രുവംഗ് പട്ടേല്‍ (6) എന്നിവരെയാണ് അര്‍ജുന്‍ പുറത്താക്കിയത്. 143 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ സുവേന്‍ പര്‍ക്കാര്‍ 67 റണ്‍സും ദിവ്യാഞ്ച് 45 റണ്‍സുമെടുത്തു ഒന്നാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ദിവ്യാഞ്ച് പുറത്തായശേഷം 27 റണ്‍സെടുത്ത കാന്‍പില്ലേവാറിനെ കൂട്ടുപിടിച്ച് പര്‍ക്കാര്‍ മുംബൈയെ ജയത്തിലേക്ക് നയിച്ചു.

ശ്രീലങ്കയ്ക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അര്‍ജുന്‍ ഇടം നേടിയിരുന്നു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടി അര്‍ജുന്‍ അന്ന് വരവറിയിക്കുകയും ചെയ്തു.