ഫ്രാന്‍സിന്റെ ലോകകപ്പ് ഫുട്ബോള്‍ കിരീടനേട്ടത്തില്‍ ഇന്ത്യയ്ക്കും പങ്ക്; ആ മനുഷ്യൻ ഇതാ

joseph-mohan-1
SHARE

ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്കെന്തുകാര്യമെന്ന് ഇനി ചോദിക്കാനാവില്ല. ലോക കിരീടം ഉയര്‍ത്തിയ ഫ്രാന്‍സ് ടീമിന്റെ റൈറ്റ് ബാക് ബഞ്ചമിന്‍ പവാര്‍ഡിന്റെ ഏജന്‍റ് പുതുച്ചേരിക്കാരനായ ജോസഫ് മോഹനാണ്. റഷ്യ ലോകകപ്പില്‍ ഫ്രാന്‍സിനായി നിര്‍ണായക ഗോള്‍ ഉള്‍പ്പെടെ കരുത്തറ്റ പലനീക്കങ്ങളും നടത്തിയത് പവാര്‍ഡാണ്. ഒപ്പം എതിരാളികളുടെ ഗോള്‍ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാനും പവാര്‍ഡിനു സാധിച്ചു. എന്തിന് അര്‍ജന്റീനയ്ക്കെതിരായ പവാര്‍ഡിന്റെ സമനിലഗോള്‍ ലോകകപ്പിലെതന്നെ എണ്ണംപറഞ്ഞ ഗോളുകളില്‍ ഒന്നായി. 

ആരാണ് ജോസഫ് മോഹന്‍

പുതുച്ചേരിയില്‍ നിന്ന് നാലാം വയസില്‍ ഫ്രാന്‍സിലേക്ക് കയറിയതാണ് ജോസഫ് മോഹന്‍. അവിടെ ഫുട്ബോള്‍ കളിക്കാര്‍ക്ക് ദിശാബോധം നല്‍കുന്ന കാര്‍മെന്റ ഏജന്‍സിയുടെ ഭാഗമായി. ദേശീയതലത്തിലും ക്ലബ്ബ് തലത്തിലും കളിക്കാരെ പരുവപ്പെടുത്തിയെടുത്തു. യുറോപ്യന്‍ ഫുട്ബോളില്‍ ഇന്ത്യാക്കാര്‍ക്ക് വലിയ റോളില്ലാത്ത കാലത്താണ് ജോസഫ് മോഹന്റെ ഈ നേട്ടമെന്നത് എടുത്തുപറയേണ്ടതാണ്. 

പവാര്‍ഡിനെ എങ്ങനെകിട്ടി

ഫ്രാന്‍സിലെ രണ്ടാം ഡിവിഷന്‍ ടീമായ ലില്ലിയുടെ ഭാഗമായിരുന്ന ബഞ്ചമിന്‍ പവാര്‍ഡ് ഒരു ഏജന്റിനെ തേടുന്നുണ്ട് എന്ന വാര്‍ത്തയെതുടര്‍ന്നാണ് ജോസഫ് മോഹന്‍ പവാര്‍ഡിനെ സമീപിക്കുന്നത്. 17കാരനായ പവാര്‍ഡ് അപ്പോള്‍ ദേശീയ ടീമിലേക്കുള്ള വിളികാത്ത് കഴിയുന്ന സമയമായിരുന്നു. ലില്ലിയില്‍ നിന്ന് വിഎഫ്ബി സ്റ്റുട്ടഗര്‍ട്ടിലെത്തിയ പവാര്‍ഡിന്റെ കരാറുകള്‍ ജോസഫ് മോഹന്റെ നേതൃത്വത്തിലാണ് നടന്നത്. റഷ്യ ലോകകപ്പിന് 22കാരന്‍ പവാര്‍ഡിനെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ നാലേ നാലു രാജ്യാന്തരമല്‍സരം മാത്രമാണ് പവാര്‍ഡ് കളിച്ചിരുന്നത്. 

ലോകകപ്പിലെ എല്ലാ മല്‍സരങ്ങളിലും ബൂട്ടുകെട്ടിയ പവാര്‍ഡ് 20വര്‍ഷത്തിനുശേഷം ഫ്രാന്‍സ് ലോകകിരീടം ഉയര്‍ത്തുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു. അര്‍ജന്റീനയ്ക്ക് എതിരായ സൂപ്പര്‍ ഗോളോടെ പവാര്‍ഡിന്റെ താരമൂല്യം ഇരട്ടിയായി. അടുത്തവര്‍ഷം ബയേണ്‍ മൂനിക്കിന്റെ ജേഴ്സിയില്‍ പവാര്‍ഡിനെ പ്രതീക്ഷിക്കാമെന്നാണ് ജോസഫ് മോഹന്‍ പറയുന്നത്. ബയേണുമായുള്ള കാരാറിലേക്ക് പവാര്‍‍ഡിനെ നയിച്ചത് ജോസഫ് മോഹന്‍റെ കാര്‍മെന്റ തന്നെയാണ്. 

joseph-mohan-2

ഇന്ത്യയ്ക്ക് ഗുണം ലഭിക്കുമോ?

യൂറോപ്പില്‍ പ്ലയര്‍ ഏജന്‍സി നടത്തുന്ന ജോസഫ് മോഹന്‍ ഇന്ത്യയില്‍ നിന്ന് യുവതാരങ്ങളെ രാജ്യാന്തരതലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍. അണ്ടര്‍ 17ഫുട്ബോള്‍ ലോകകപ്പിലെയും അണ്ടര്‍ 16ഏഷ്യാകപ്പിലെയും പ്രകടനങ്ങളില്‍ ഇന്ത്യയുടെ ഭാവികാണുന്നു ജോസഫ് മോഹന്‍. അധികം വൈകാതെ ഇന്ത്യന്‍ താരങ്ങള്‍ യൂറോപ്യന്‍ ഫുട്ബോളില്‍ പന്തുതട്ടുന്നത് നമുക്ക് കാണാനാകും. 

MORE IN SPORTS
SHOW MORE