സെഞ്ചുറി കണ്ടിട്ട് ഒന്നരവർഷം; ഫോം കണ്ടെത്താന്‍ ധോണി ആഭ്യന്തരക്രിക്കറ്റ് കളിക്കണോ?

ms-dhoni-2
SHARE

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനോട് ഏകദിനത്തില്‍ പതിനായിരത്തിലേറെ റണ്‍സ് നേടിയ ധോണിയോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഉപദേശിക്കേണ്ട കാര്യമില്ല. എന്നാല്‍ ആ ബാറ്റില്‍ നിന്നൊരു അര്‍ധസെഞ്ചുറി കണ്ടിട്ട് ഒന്‍പത് മാസമായി, ഒരു സെഞ്ചുറി കണ്ടിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. 2018ല്‍ 14മല്‍സരങ്ങളിലെ ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് നേടിയത് 189റണ്‍സ് മാത്രം, ഉയര്‍ന്ന സ്കോര്‍ 42റണ്‍സുമാണ്. അതുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം വീണ്ടെടുക്കാന്‍ ഉപദേശിക്കുന്നത്. 

ഫോം മങ്ങി

ധോണി 326 ഏകദിനങ്ങളില്‍ നിന്ന് 10087റണ്‍സ് (ഏഷ്യകപ്പ് ഫൈനലിന് മുമ്പുള്ള കണക്ക്). ഇതില്‍ പത്ത് സെഞ്ചുറിയും 67 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഫിനിഷറായ ധോണിയുടെ ബാറ്റില്‍ നിന്നൊരു സെഞ്ചുറി അവസാനമായി പിറന്നത് 2017 ജനുവരി 19നാണ്. കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 134റണ്‍സായിരുന്നു അത്. 2017ല്‍ 29മല്‍സരങ്ങളില്‍ നിന്ന് നേടിയത് 788റണ്‍സാണ്. എന്നാല്‍ 2018ല്‍ 14മല്‍സരങ്ങള്‍ പിന്നിട്ടിട്ടും ആ ബാറ്റ് ഗര്‍ജ്ജിച്ചിട്ടില്ല. 

എന്തുകൊണ്ട് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം

ഫോമിലുള്ളപ്പോഴും ധോണിക്ക് സ്കോറിങ് തുടങ്ങാന്‍ കുറച്ചു സമയം വേണമായിരുന്നു. ആദ്യം കുറച്ച് പന്തുകള്‍  നഷ്ടമാകുമ്പോഴും, ഇന്നിങ്സ് പുരോഗമിക്കുമ്പോള്‍ ധോണിയുടെ സ്ട്രൈക്ക് റേറ്റ് ഉയരും. അതിനാല്‍തന്നെ  ആദ്യംനഷ്ടപ്പെടുത്തിയ പന്തുകളെക്കുറിച്ചോര്‍ത്ത് നിരാശവേണ്ടിവരില്ല. എന്നാലിപ്പോള്‍ ആ മികവ് ധോണിക്കില്ല. അതിനാലാണ് ആഭ്യന്തരക്രിക്കറ്റിലെ ചതുര്‍ദിനമല്‍സരങ്ങള്‍ കളിക്കാന്‍ നിര്‍ദേശം ഉയരുന്നത്. കളിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നതിനൊപ്പം കാലുകളുടെ മസിലുകള്‍ക്ക് കരുത്തുകൂടും. അങ്ങനെ ഫോം വീണ്ടെടുക്കാനാകും. ഒപ്പം ആഭ്യന്തരക്രിക്കറ്റിലെ യുവതാരങ്ങള്‍ക്ക് ധോണിയെപ്പോലെ മികച്ചഒരുതാരത്തിന്റെ നിര്‍ദേശങ്ങളും സഹായങ്ങളും ലഭിക്കും. 2019ലെ ലോകകപ്പ് ക്രിക്കറ്റിന് തയാറെടുക്കുന്ന ടീം ഇന്ത്യയ്ക്ക് ധോണിയുടെ സേവനം ഉറപ്പാക്കണമെങ്കില്‍ ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. 

എന്തുകൊണ്ട് ധോണി

2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ എന്തുകൊണ്ട് ധോണി, എന്ന ചോദ്യത്തിന് മൂന്ന് കാരണങ്ങളാണുള്ളത്. 

ഒന്ന്–മധ്യഓവറുകളില്‍ സിംഗിളുകള്‍ ഓടിയെടുക്കുന്നതിലും റണ്‍സ് നേടുന്നതിലും ധോണിക്കുള്ള മികവ്.

രണ്ട്–ഫീല്‍ഡര്‍മാരെ അണിനിരത്തുന്നതില്‍ ധോണിയുടെ പരിചയസമ്പത്തും, ബോളര്‍മാര്‍ക്ക് ധോണിനല്‍കുന്ന പ്രചോദനവും

മൂന്ന്–ഡിആര്‍എസ് സംവിധാനം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ധോണിയുടെ അനുഭവസമ്പത്തും ഉള്‍ക്കാഴ്ചയും ഗുണംചെയ്യും.

MORE IN SPORTS
SHOW MORE