ഓപ്പൺ പോസ്റ്റിൽ ഗോളടിക്കാനില്ല; കട്ട് ചെയ്ത് ഗോളടിച്ച് ആര്യൻ റോബൻ; ഹീറോയിസം, വിഡിയോ

കളിക്കളത്തിലെ കൊടുങ്കാറ്റാണ് ആര്യൻ റോബൻ. ചടുലവേഗമുളള റോബന്റെ കുതിപ്പുകൾ കളി കാണുന്നവർക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലതാനും. കളിയുടെ ഗതി മൊത്തം തിരിക്കാൻ പോന്നതാണ് ആ വേഗത. അസാധ്യമായ ഡ്രിബ്ളിംഗാണ് അടുത്ത സവിശേഷത. ഏതു കഠിനമായ പ്രതിരോധനിരയിലും കയറിച്ചെല്ലാന്‍ കരുത്തുള്ള റോബന്റെ ഇടങ്കാലന്‍ ചലനങ്ങള്‍ ആരാധകരെ തെല്ലൊന്നുമല്ല ആനന്ദിപ്പിക്കുന്നത്. കൃത്യതയാര്‍ന്ന പാസ്, ചലനങ്ങൾ, ലക്ഷ്യബോധം... ഇവ മൂന്നിലും റോബനെ എതിരാളികൾ പോലും സമ്മതിക്കും. 

എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ ശേഷം ഗോൾ പോസ്റ്റിലേക്ക് വളഞ്ഞിറങ്ങുന്ന രീതിയിൽ തൊടുക്കുന്ന റോബന്റെ ട്രേഡ് മാർക്ക് ഷോട്ടുകൾ എന്നും കായികപ്രേമികൾക്ക് ആവേശമാണ്. ബുണ്ടസ് ലിഗയിലെ കഴിഞ്ഞ മത്സരത്തിലും സമാനമായ ഗോൾ പിറന്നു. ഓപൺ പോസ്റ്റിലേക്ക് പന്തു തട്ടിയിട്ട്  ഗോൾ നേടാൻ അവസരം ഉണ്ടായിട്ടും അതിന് തുനിയാതെ നാലു എതിരാളികൾക്കിടയിലൂടെ പോസ്റ്റിന്റെ മുകളിലെ മൂലയിലേക്ക് പന്ത് പായിക്കുകയായിരുന്നു. 2014 ലോകകപ്പിൽ സ്പെയിനിനെ തകർത്ത മത്സരത്തിൽ റോബൻ നേടിയ ഗോളിന്റെ തനിപ്പകർപ്പായിരുന്നു ഓസ്ബർഗിനെതിരായ ഗോളുമെന്ന് കളിപ്രേമികൾ ചൂണ്ടിക്കാണിക്കുന്നു. റോബന്റെ ഗോൾ അടിപൊളിയായിരുന്നെങ്കിലും പച്ചപിടിക്കാൻ ബയേണിനായില്ല. എൺപത്തിയാറാം മിനുട്ടിൽ തിരിച്ചടിച്ച ഓസ്ബർഗ് സമനില നേടി.