പ്രായം മൊർത്താസയ്ക്ക് മുൻപിൽ തോറ്റു; പറക്കും ക്യാച്ചിന് കയ്യടി: വിഡിയോ

mashrafe-mortaza
SHARE

മഷ്റഫി മൊര്‍ത്താസ പോരാളിയുടെ പേരാണിത്. ബംഗ്ലാദേശ് ക്രിക്കറ്റിന് കരുത്തുറ്റ മുഖം സമ്മാനിച്ച കളിക്കാരൻ. പ്രതിസന്ധിയിലും തളരാത്ത പോരാളിയായ നായകൻ. പാക്കിസ്ഥാനെ മുട്ടുകുത്തിച്ച കളിയിലും താരമാകുകയാണ് മൊർത്താസ. മാലിക്കിനെ വീഴ്ത്തിയ അത്ഭുത ക്യാച്ചിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. ഫൈനലിലേയ്ക്കുളള സ്വപ്നകുതിപ്പിൽ നിർണായകമായിരുന്നു ആ പറക്കും ക്യാച്ച്. 

തുടക്കത്തിലെ തകര്‍ച്ചക്കുശേഷം പാക്കിസ്ഥാന്‍ ഷൊയൈബ് മാലിക്കിലൂടെയും ഇമാമുള്‍ ഹഖിലൂടെയും കരകയറുമ്പോഴായിരുന്നു 21-ാം ഓവറില്‍ റൂബല്‍ ഹൊസൈന്റെ പന്തില്‍ മൊര്‍ത്താസയുടെ പറക്കും ക്യാച്ച് പിറന്നത്.മിഡ്‌വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടാനുള്ള മാലിക്കിന്റെ ശ്രമം പറന്ന് വീണ് മൊർത്താസ കൈപ്പിടിയിലൊതുക്കി. 30 റൺസെടുത്ത മാലിക്ക് പുറത്ത്. നിരവധി പേരാണ് മൊർത്താസയുടെ ഈ ക്യാച്ചിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. ഏതൊരു യുവതാരത്തേയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു മുപ്പത്തിനാലുകാരനായ മൊർത്താസയുടെ ക്യാച്ചെന്നാണ് ആരാധകർ പറയുന്നത്.

സൂപ്പർ ഫോറിലെ അവസാന കളിയിൽ പാക്കിസ്ഥാനെ 37 റൺസിനു കീഴടക്കിയ ബംഗ്ലദേശ് ഫൈനലിൽ പ്രവേശിച്ചിരുന്നു. സ്കോർ: ബംഗ്ലദേശ് 48.5 ഓവറിൽ 239നു പുറത്ത്; പാക്കിസ്ഥാൻ 50 ഓവറിൽ ഒൻപതിന് 202.  ഫൈനലിൽ‍ ബംഗ്ലദേശ് ഇന്ത്യയെ നേരിടും. മുഷ്ഫിഖർ റഹിമിന്റെയും (99), മുഹമ്മദ് മിഥുന്റെയും (60) ഇന്നിങ്ങ്സുകളാണ് ബംഗ്ലദേശിനു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഇമാമുൽ ഹഖ് (83) തിളങ്ങിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. 43 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത മുസ്തഫിസുർ റഹ്മാനാണ് പാക്കിസ്ഥാനെ പിടിച്ചിട്ടത്. മികച്ച ഫോമിൽ ബാറ്റു ചെയ്തിരുന്ന ശുഐബ് മാലിക്കിനെ (30) മടക്കിയ ക്യാപ്റ്റൻ മുർത്താസയുടെ ഡൈവിങ് ക്യാച്ചാണു കളിയുടെ ഗതി മാറ്റിയത്. നേരത്തേ നാല് ഓവറിൽ 12 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ബംഗ്ലദേശിനെ മുഷ്ഫിഖർ– മിഥുൻ സഖ്യമാണു രക്ഷപെടുത്തിയത്. നാലാം വിക്കറ്റിൽ 144 റൺസ് ചേർത്താണു സഖ്യം വേർപിരിഞ്ഞത്. ഹസൻ അലിയെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിനിടെ റിട്ടേൺ ക്യാച്ച് നൽകി മിഥുൻ മടങ്ങി. 

MORE IN SPORTS
SHOW MORE