ജാഡകളില്ല; ടാറ്റൂവില്ല, ജെല്‍പുരട്ടിയ തലമുടിയില്ല: മോഡ്രിച്ച്, നീയാണ് പോരാളി

luka-modric-4
SHARE

ടാറ്റൂ, ജെല്‍പുരട്ടിയ തലമുടി, വര്‍ണങ്ങള്‍ വാരിവിതറിയ മുടിവെട്ട്, വമ്പന്‍ സ്പോണ്‍സര്‍മാരുടെ നിര... ഇതൊക്കെയാണ് ഒരു സൂപ്പര്‍താരത്തിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ ക്രൊയേഷ്യയുടെ ലോക ഫുട്ബോളര്‍ ലൂക്കാ മോഡ്രിച്ചില്‍ ഇതൊന്നും കാണാനാകില്ല. മിതഭാഷി, വെല്ലുവിളികളില്ല, എന്നാല്‍ സ്വതസിദ്ധമായ കീ പാസുകള്‍പോലെ കുറിക്കുകൊള്ളുന്ന വാക്കുകളാല്‍ എതിരാളിയെ പിടിച്ചുകെട്ടും. 

കളത്തിലെ ഈ ‘ബിഗ് ബോസിനെ’  കണ്ടാല്‍  പ്രാചീനയുഗത്തിലെ കളിക്കാരനാണെന്ന് തോന്നും. അതുകൊണ്ട് ഈ പുരസ്കാരം ഒരു യുഗപ്പിറവിയുടേതല്ല, എന്നാല്‍ നിശബ്ദ വിപ്ലവത്തിന്റെ പര്യവസാനവും മാറ്റങ്ങളുടെ തുടക്കവുമാണ്. കാരണം ലോക ഫുട്ബോളറായ ലൂക്കാ മോഡ്രിച്ച് ആ പദവിയിലേക്ക് എത്തിയത് ഒരു ദശാബ്ദമായി ഫുട്ബോള്‍ ലോകം അടക്കിവാണ റൊണാള്‍‍ഡോയെയും മെസിയെയും പിന്തള്ളിയാണ്.   

ഗോളടി വീരനല്ല, പക്ഷെ ഗോളടിപ്പിക്കുന്നതിനായി എല്ലുമുറിയെ മധ്യനിരയില്‍ പണിയെടുക്കും. പുറമെ ശാന്തന്‍, പക്ഷെ ഉള്ളം നിറയെ വംശവെറിയുടെ നെരിപ്പോട് പേറുന്നവന്‍. വോള്‍ഗയുടെ തീരത്ത് നിറഞ്ഞാടിയ ലോകപന്താട്ടത്തില്‍ ടീമിനെ ആദ്യമായി ഫൈനലിലെത്തിച്ചതോടെയാണ് ലൂക്കാ മോഡ്രിച്ചെന്ന ക്രൊയേഷ്യക്കാരനെ കായികപ്രേമികള്‍ നെഞ്ചോട് ചേര്‍ത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോയിലും ലിയോണല്‍ മെസിയിലും നെയ്മറിലും മുഹമ്മദ് സാലയിലും ചുറ്റിപ്പറ്റിനിന്ന ആരാധക ഗ്രഹങ്ങള്‍ അങ്ങനെ 33കാരന്‍ മോഡ്രിച്ചിനു ചുറ്റും കറങ്ങാന്‍ തുടങ്ങി.  

luka-modric-croatia

ക്രൊയേഷ്യയ്ക്ക് വേണ്ടി കളിക്കുമ്പോഴും റയല്‍ മഡ്രിഡിനുവേണ്ടി കളിക്കുമ്പോഴും ലൂക്കാ മോഡ്രിച്ചിനെക്കാള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് അതത് ടീമുകളിലെ ഗോളടി വീരന്മാരെയാണ്. 12വര്‍ഷം റയല്‍ മഡ്രിഡില്‍ റൊണാള്‍ഡോയ്ക്ക് ഒപ്പം കളിച്ചിട്ടും മോഡ്രിച്ച് ആരാധിച്ചത് റയലിന്റെ എതിരാളി ബാര്‍സിലോനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ ആണ്. കളത്തില്‍ മെല്ല തുടങ്ങി, കയറ്റിറക്കങ്ങളിലൂടെ മോഡ്രിച്ച് നടത്തുന്ന പന്താട്ടം മൈതാനത്തിന്റെ ഓരോ മൂലയിലേക്കും ഒഴുകിയെത്തും.  മധ്യനിരയിലെ സ്ഥിരതയുള്ള പ്രകടനം, ഓരോ മല്‍സരത്തിലും ശരാശരി 69 പാസുകള്‍, ഓരോ മല്‍സരത്തിലും നല്‍കുന്ന ശരാശരി കീ പാസുകള്‍ പത്ത്. ആ നിശബ്ദ പോരാട്ടമാണ് ലോക ഫുട്ബോളര്‍ പദവിലേക്കുള്ള മല്‍സരത്തിലും കണ്ടത്.   

  

ഗോളടിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കല്ലാതെ ബാലണ്‍ ഡി ഓര്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്. 2006ല്‍ ഇറ്റിലിയുടെ ഫാബിയോ കന്നവാരോയ്ക്കും 2010ല്‍ സ്പെയിനിന്റെ ഇനിയെസ്റ്റയ്ക്കും ബാലണ്‍ ഡി ഓര്‍ ലഭിച്ചിട്ടുണ്ട്.  ഇപ്പോഴിതാ ലൂക്കാ മോഡ്രിച്ചും. ഇതൊരു പോരാട്ടത്തിന്റെ കഥയാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.