ഏഷ്യൻ ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കം; കാത്തിരിപ്പ് ഇന്ത്യ പാക്ക് പോരാട്ടത്തിന്

TOPSHOT-CRICKET-ENG-IND-T20
SHARE

ഭുഖണ്ഡത്തിലെ ക്രിക്കറ്റ് രാജാവിനെ നിശ്ചയിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിന് നാളെ അബുദാബിയില്‍ തുടക്കമാകും. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടനമല്‍സരം. ബുധനാഴ്ചയാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരം. അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങുമാണ് ടൂര്‍ണമെന്റിലെ കുഞ്ഞന്‍ സംഘങ്ങള്‍. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. 

കിരീടം ആര്‍ക്കെന്ന ആകാംക്ഷയേക്കാള്‍ വലുതാണ് ഇന്ത്യ– പാക്ക് ക്രിക്കറ്റ് പോരിനായുള്ള കാത്തിരിപ്പ്. ഷാര്‍ജ കപ്പ് കണ്ട് കോരിത്തരിച്ചിട്ടുള്ള ക്രിക്കറ്റ് ആരാധകര്‍ അബുദാബിയിലെ സ്റ്റേഡിയത്തെ നിറയ്ക്കുമെന്ന കാര്യം ഉറപ്പ്. നായകനില്ലെങ്കിലും വീര്യത്തില്‍ ഇന്ത്യ തന്നെ മുന്‍പന്തിയില്‍. 13 ഏഷ്യ കപ്പുകളില്‍ ആറിലും ഇന്ത്യയ്ക്കായിരുന്നു കിരീടം. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പരയിലെ മികവ് തുടരുമെന്നാണ് പ്രതീക്ഷ. രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം അബുദബിയല്‍ ലാന്‍‍ഡ് ചെയ്തു. രണ്ട് മാസം നീണ്ട ഇംഗ്ലണ്ട് പര്യടനത്തിന്റെ ക്ഷീണം മാറിയിട്ടില്ല ഭൂരിഭാഗം താരങ്ങള്‍ക്കും. ഏകദിന റാങ്കിങ്ങില്‍ രണ്ടാമതുള്ള ഇന്ത്യ കഴിഞ്ഞാല്‍ അഞ്ചാമതുള്ള പാക്കിസ്ഥാനാണ് കരുത്തര്‍. 

നാളുകളായി യുഎഇയില്‍ ഹോംമല്‍സരങ്ങള്‍ കളിക്കുന്ന പാക്കിസ്ഥാന് സാഹചര്യങ്ങള്‍ അനുകൂലമാണ്. പഴയ പ്രതാപം കൈവിട്ടെങ്കിലും ശ്രീലങ്കയേയും ഏഴുതിത്തള്ളുന്നില്ല ക്രിക്കറ്റ് പ്രേമികള്‍. വിന്‍ഡീസിനെതിരെ പരമ്പര നേടിയ ആത്മവിശ്വാസവുമായെത്തുന്ന ബംഗ്ലദേശ് ഏതു കൊമ്പനേയും അട്ടിമറിക്കാന്‍ പോന്നവര്‍. രണ്ടു ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തുമെന്നതിനാല്‍ 28ന് നടക്കുന്ന ഫൈനലില്‍ ആരൊക്കെയെന്നറിഞ്ഞാല്‍ മതി. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.