പുത്തന്‍ ഫുട്ബോള്‍ പരീക്ഷണം; യുവേഫ നേഷന്‍സ് ലീഗ്: 76.25 മില്യന്‍ യൂറോ സമ്മാനത്തുക

യൂറോപ്പില്‍ പുത്തന്‍ ഫുട്ബോള്‍ സംവിധാനത്തിന് തുടക്കമിട്ട് യുവേഫ നേഷന്‍സ് ലീഗ്. യുവേഫയില്‍ അംഗങ്ങളായ  55 ടീമുകളാണ് ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ നടക്കുന്ന നേഷന്‍സ് ലീഗില്‍ മല്‍സരിക്കുന്നത്.  2013ല്‍ നോര്‍വീജിയന്‍ ഫുട്ബോള്‍ അസോസിയേഷനാണ് നേഷന്‍സ് ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്. 2014ല്‍  നടന്ന യുവേഫ കോണ്‍ഗ്രസില്‍ ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു. 

രാജ്യാന്തര സൗഹൃദമല്‍സരങ്ങള്‍ക്ക് പകരമായാണ് യുവേഫ നേഷന്‍സ് ലീഗ് മല്‍സരങ്ങള്‍ നടത്തുന്നത്. അര്‍ഥശൂന്യമായ രാജ്യാന്തര സൗഹൃദമല്‍സരങ്ങള്‍ക്ക് പകരം മല്‍സരബുദ്ധിയോടെ ടീമുകള്‍ പങ്കെടുക്കുന്നു എന്നതാണ് നേഷന്‍സ് ലീഗിന്റെ ഗുണമെന്ന് യുവേഫ വിശദീകരിക്കുന്നു. നേഷന്‍സ് ലീഗിലെ മികച്ച പ്രകടനം യൂറോ കപ്പിന് യോഗ്യത നേടാന്‍ ടീമുകളെ സഹായിക്കുമെന്നതും കളിയുടെ നിലവാരം ഉയര്‍ത്തുമെന്നാണ് യുവേഫ കരുതുന്നത്. 

ഫിഫ ലോകകപ്പിനുളള യൂറോപ്യന്‍ യോഗ്യതാ മല്‍സരമായും ഭാവിയില്‍ യുവേഫ നേഷന്‍സ് കപ്പ് മാറും‍. ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയും സെമിഫൈനല്‍, ഫൈനല്‍ , ലൂസേഴ്സ് ഫൈനല്‍ പോരാട്ടങ്ങള്‍ തൊട്ടടുത്ത വര്‍ഷം ജൂണിലുമാകും നടത്തുക. അതായത് രണ്ടു വര്‍ഷത്തിലൊരിക്കലാകും യുവേഫ നേഷന്‍സ് ലീഗ് ചാംപ്യന്മാരുണ്ടാവുക. 76.25 മില്യന്‍ യൂറോയാണ് ആകെ സമ്മാനത്തുക. 

മല്‍സരക്രമം ഇങ്ങനെ

55 ടീമുകളെ ലീഗ് എന്ന് വിളിക്കുന്ന നാലു ഡിവിഷനുകളിലായി വിഭജിക്കുന്നു. ലീഗ് എ, ലീഗ് ബി, ലീഗ് സി, ലീഗ് ഡി എന്നിങ്ങനെയാകും ഡിവിഷനുകള്‍ അറിയപ്പെടുക.  റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാകും ലീഗില്‍ ടീമുകളുടെ സ്ഥാനം. ഓരോ ലീഗിലും നാലു ഗ്രൂപ്പുകള്‍ ഉണ്ടാകും. ലീഗ് എയിലും ബിയിലും 12 ടീമുകളും ലീഗ് സിയില്‍ 15 ടീമുകളും ലീഗ് ഡിയില്‍ 16 ടീമുകളും ഉണ്ടാകും. ലീഗ് എയില്‍ നിന്നുള്ള ടീമുകള്‍ക്ക് മാത്രമായിരിക്കും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക. ലീഗ് എയിലെ നാലുഗ്രൂപ്പുകളിലെയും ഒന്നാംസ്ഥാനക്കാര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. അതേ സമയം അവസാനസ്ഥാനക്കാര്‍ ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെടും. 

മറ്റു ലീഗുകളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ തൊട്ടുമുകളിലത്തെ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടുകയും അവസാനസ്ഥാനക്കാര്‍ തരംതാഴ്ത്തപ്പെടുകയും ചെയ്യും.  നാലു ലീഗുകളിലെയും ഗ്രൂപ്പ് ജേതാക്കള്‍ക്ക്  2020 യൂറോ കപ്പ് യോഗ്യതയ്ക്കായുള്ള പ്ലേ ഓഫ് മല്‍സരങ്ങള്‍ കളിക്കാന്‍ അവസരം കിട്ടുകയും ചെയ്യും. ഇത് റാങ്കിങ്ങില്‍ താഴെയുള്ള ടീമുകള്‍ക്ക് യൂറോകപ്പിലേക്ക് യോഗ്യത നേടാന്‍ സഹായകമാവും.

ഗുണങ്ങളേറെ, വിമര്‍ശനങ്ങളും

യൂറോപ്പിലെ ടീമുകളുടെയും കളിക്കാരുടെയും ഗുണനിലവാരം ഉയര്‍ത്താന്‍ മല്‍സരബുദ്ധിയോടെയുള്ള ഈ ടൂര്‍ണമെന്‍റ് സഹായിക്കും. റാങ്കിങ്ങിലും ഗ്ലാമറിലും താഴെയുള്ള ടീമുകള്‍ക്ക് കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാനും ഈ ടീമുകളിലെ കളിക്കാര്‍ക്ക് തങ്ങളുടെ മിടുക്ക് പ്രകടിപ്പിക്കാന്‍‌ അവസരം ലഭിക്കുകയും ചെയ്യും. അതേസമയം റാങ്കിങ്ങില്‍ താഴെയുള്ള ടീമുകള്‍ നേഷന്‍സ് കപ്പ് വഴി യൂറോ ഫൈനല്‍ റൗണ്ടിലെത്തുന്നത് ഫുട്ബോളിന് ഗുണം ചെയ്യില്ലെന്ന വാദം വിമര്‍ശകര്‍ ഉയര്‍ത്തുന്നുണ്ട്.  കൂടാതെ നിരന്തരമായ മല്‍സരങ്ങള്‍ കളിക്കാരുടെ ജോലിഭാരം കൂട്ടുമെന്നും ശാരീരികക്ഷമതയെ ബാധിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സൗഹൃമല്‍സരങ്ങളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി യുവേഫ ഈ വിമര്‍ശനത്തെ തള്ളിക്കളയുകയാണ്.