അത് ബാങ്കോക്ക് എഫ്സിയല്ല; ബ്ലാസ്റ്റേഴ്സ് വാദം പൊളിച്ച് തായ് ക്ലബ്ബ്; നാണക്കേടെന്ന് ആരാധകർ

തായ്‌ലാൻഡ് പര്യടനത്തിൽ ആദ്യമത്സരത്തിൽ ബാങ്കോക്ക് എഫ്സിയെ നേരിട്ടെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ വാദം പൊളിഞ്ഞു. ബ്ലാസ്റ്റേഴ്സ് തങ്ങൾക്കെതിരെയല്ല കളിച്ചത് എന്ന് വെളിപ്പെടുത്തി ബാങ്കോക്ക് എഫ്സി തന്നെ രംഗത്തെത്തി.

ബാങ്കോക്ക് എഫ്സിയെ 4-1ന് തോൽപ്പിച്ചെന്ന വാദവുമായി ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾക്കുതാഴെയാണ് ക്ലബ്ബ് മറുപടിയുമായി രംഗത്തെത്തിയത്. ആഭ്യന്തരലീഗിൽ കളിക്കുന്ന ക്ലബ്ബിനെപ്പോലുമല്ല ബ്ലാസ്റ്റേഴ്സ് നേരിട്ടത് എന്ന് ഇതോടെ വ്യക്തമായി. 

ബാങ്കോക്ക് തോൻബൂരി എന്ന യൂണിവേഴ്സിറ്റി ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ നേരിട്ടത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 

ലോഗോയും പോസ്റ്റും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും ബാങ്കോക്ക് എഫ്സി ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ആരാധകർ ആവശ്യപ്പെട്ടിട്ടും തായ് ക്ലബ്ബിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇതോടെ ടീമിനെതിരെ  പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തി. 

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലബ്ബിന് പ്രീ സീസൺ‌ പര്യടനത്തിൽ തായ്‍ലാൻഡിലെ ഒരു സർവകലാശാല ടീമാണോ എതിരാളികളായി വരേണ്ടത് എന്ന് ആരാധകർ ചോദിക്കുന്നു. സത്യമെന്താണെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ വെളിപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

നേരത്തെ ജംഷഡ്പൂർ എഫ്സിയും സമാനരീതിയിൽ ക്ലബ്ബിന്റെ പേരുമാറി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ തെറ്റ് ചൂണ്ടിക്കാണിച്ചയുടൻ പോസ്റ്റ് നീക്കം ചെയ്ത് ക്ലബ്ബ് ഖേദപ്രകടനം നടത്തിയിരുന്നു.