ഗെയിംസ് വേദിയില്‍ ആദ്യമായി രണ്ട് ത്രിവര്‍ണം ഒരുമിച്ചുയര്‍ന്നു; 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്

800-mtr-race
SHARE

ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. അപ്രതീക്ഷിത കുതിപ്പ് നടത്തിയ മന്‍ജിത് സിങ് സ്വര്‍ണം നേടിയപ്പോള്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണാണ് വെള്ളി. സ്വര്‍ണമെഡല്‍ നഷ്ടമായതില്‍ നിരാശയില്ലെന്ന് ജിന്‍സണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍  800 മീറ്ററില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിക്കുന്നത്.

800 മീറ്റര്‍ ഫൈനലിന് ട്രാക്കൊരുങ്ങിയപ്പോള്‍ ചക്കിട്ടപ്പാറക്കാരന്‍ ജിന്‍സണിലേക്കായിരുന്നു ശ്രദ്ധയത്രയും. റേസ് ആരംഭിച്ചതും പ്രതീക്ഷിച്ചപോലെ തന്നെ ഒപ്പത്തിനൊപ്പം ഓടി ഭൂഖണ്ഡത്തിന്റെ താരങ്ങള്‍. അവസാന 150 മീറ്ററിലേക്കെത്തിയതും മറ്റൊരു ഇന്ത്യന്‍ കുതിപ്പാണ് ഏഷ്യ കണ്ടത്. കരുതി വച്ച് ഊര്‍ജം മുഴുവനുപയോഗിച്ച് മന്‍ജിത് സിങ്ങ് മുന്നിലേക്ക് കയറാന്‍ തുടങ്ങി. ഒരു മിനിറ്റ് 46.15 സെക്കന്‍ഡിലാണ് മന്‍ജിത് ഫിനിഷ് ചെയ്തത്. പോയിന്റ് 2 സെക്കന്‍ഡ് പിന്നിലായി ജിന്‍സണും. അങ്ങനെ ഗെയിംസ് വേദിയില്‍ ആദ്യമായി രണ്ട് ത്രിവര്‍ണം ഒരുമിച്ചുയര്‍ന്നു.ഒറ്റക്കെട്ടായി പ്രളയത്തെ അതിജീവിച്ച മലയാളികള്‍ക്കാണ് ജിന്‍സണ്‍ മെഡല്‍ സമര്‍പ്പിക്കുന്നത്. 1500 മീറ്ററിലും മെഡല്‍തേടി ജിന്‍സണ്‍ ഇറങ്ങും.

MORE IN SPORTS
SHOW MORE