സച്ചിന്റെ ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഗാംഗുലി; ആരുമറിയാ സൗഹൃദക്കഥ

sachin-ganguly
SHARE

ഒരുമിച്ച് ക്രിക്കറ്റ് കളിച്ചവര്‍, ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തവര്‍, ഒരുമിച്ച് ഡ്രസിങ് റൂം പങ്കിട്ടവര്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ തെന്‍ഡുല്‍ക്കറും. ഈ ഇതിഹാസങ്ങള്‍ ഒട്ടേറെ വിജയങ്ങള്‍ ഇന്ത്യയ്ക്കായി നേടിത്തന്നു. എന്നാല്‍ കളത്തിനുപുറത്തെ ഇവരുടെ സൗഹൃദത്തെക്കുറിച്ച് അധികമറിയില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് ഒരു യൂ ട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദാദ മനസ് തുറന്നത്. 

സച്ചിന്‍ ‘സ്വപ്ന സഞ്ചാരി’

ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന സ്വഭാവം പണ്ട് സച്ചിനുണ്ടായിരുന്നുവെന്ന് സൗരവ് ഗാംഗുലി. കരിയറിന്റെ ആദ്യ കാലഘട്ടത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സച്ചിന്റെ സ്വപ്ന സഞ്ചാരം ആദ്യം കണ്ടതെന്ന് സൗരവ് ഗാംഗുലി പറയുന്നു. അന്ന് സച്ചിനും ദാദയും ഒരു മുറിയിലാണ് കിടന്നിരുന്നത്. ‘ഒരു ദിവസം അര്‍ധരാത്രിയില്‍ സച്ചിന്‍ മുറിയിലൂടെ എഴുന്നേറ്റു നടക്കുന്നതു കണ്ടു, പാതി ഉറക്കത്തിലായിരുന്നതിനാല്‍ സച്ചിന്‍ ബാത്ത്റൂമില്‍ പോകുവാന്‍ എഴുന്നേറ്റതാണെന്നു കരുതി വീണ്ടും ഉറങ്ങി. എന്നാല്‍ പിറ്റേ ദിവസവും ഇതേ പോലെ കണ്ടപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ നോക്കി, കുറച്ചു സമയം നടന്ന ശേഷം സച്ചിന്‍ കസേരയില്‍ ഇരുന്നു, പിന്നീട് എന്റെ അടുത്തുവന്ന് കിടന്നു.’ ഇതാണ് സ്വപ്ന സഞ്ചാരത്തെക്കുറിച്ച് സൗരവ് ഗാംഗുലി ഓര്‍ത്തെടുത്തത്. പിറ്റേന്ന് ദാദ സച്ചിനോട് ചോദിച്ചു, ‘സുഹൃത്തേ എന്തിനാണ് എന്നെ ഇങ്ങനെ രാത്രിയില്‍ പേടിപ്പിക്കാനായി എഴുന്നേറ്റ് നടക്കുന്നത്.? അപ്പോഴാണ് സച്ചിന്‍ തന്റെ സ്വപ്ന സഞ്ചാരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഉറക്കത്തിനിടയില്‍ എഴുന്നേറ്റു നടക്കുന്ന ശീലം ഉണ്ടെന്ന് സച്ചിന്‍ ദാദയോട് പറഞ്ഞു.   

വെള്ളത്തില്‍ മുക്കിയ കുസൃതി‌

14വയസുള്ളപ്പോള്‍ നടന്ന ഒരു ദേശീയ ക്യാംപിനിടെയുണ്ടായ രസകരമായ സംഭവം സൗരവ് ഗാംഗുലി അഭിമുഖത്തിനിടെ ഓര്‍ത്തെടുത്തു. ഇന്‍‍ഡോറിലെ ക്യാംപിനിടയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീണുകിട്ടിയ അവധി ഗാംഗുലി ഉറങ്ങിത്തീര്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഉറങ്ങി , വൈകിട്ട് അഞ്ചുമണിക്ക് എഴുന്നേറ്റ ദാദ കണ്ടത് മുറിയില്‍ നിറയെ വെള്ളം ആണ്. ബാത്ത്റൂമിലെ പൈപ്പ് പൊട്ടിയതാണോ എന്നറിയാന്‍ ഓടിപ്പോയി നോക്കിയപ്പോള്‍ അവിടെ കുഴപ്പമൊന്നും കണ്ടില്ല. വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സച്ചിന്റെയും കാംബ്ലിയുടെയും കുസൃതി ദാദക്ക് മനസിലായത്. ദാദയുടെ ഉറക്കം കളയാന്‍ സച്ചിനും കാംബ്ലിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നു ‘വെള്ളം തളി’.  ടെന്നിസ് ബോള്‍ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കാന്‍ ആളെക്കൂട്ടാനാണ് അവര്‍ അങ്ങനെ ചെയ്തെന്ന് പിന്നീട് പറഞ്ഞെന്നും ദാദ ഓര്‍ത്തെടുക്കുന്നു.

ദാദയുടെ ബാറ്റ് കടം വാങ്ങി

1992ലെ ലോകകപ്പിനുള്ള ടീമില്‍ അവസരം ലഭിക്കാതെ നിരാശനായി മടങ്ങിയപ്പോഴാണ് സൗരവ് ഗാംഗുലിയുടെ ബാറ്റ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആവശ്യപ്പെട്ടത്.  അങ്ങനെ നിരാശനായി മടങ്ങുമ്പോള്‍ മറ്റ് കളിക്കാര്‍ തന്നെ ആശ്വസിപ്പിച്ചുവെന്നും അടുത്ത പര്യടനത്തിനുണ്ടാവണം എന്നും പറഞ്ഞുവെന്ന് ദാദ ഓര്‍ക്കുന്നു. എന്നാല്‍ സച്ചിന്‍ ചോദിച്ചത് ‘എനിക്ക് ആ ബാറ്റ് തരുമോ?’ എന്നായിരുന്നുവെന്നും ദാദ ഓര്‍ത്തെടുക്കുന്നു. ബാറ്റിങ്ങില്‍ പരാജയപ്പെടുമ്പോഴെല്ലാം സച്ചിന്‍ പുതിയ ബാറ്റുകള്‍ തേടുക പതിവായിരുന്നു.  1992ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാതിരുന്ന സച്ചിന്‍ പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് പരിശീലനം നടത്തുന്നത് കണ്ടിട്ടുണ്ടെന്നും ദാദ പറയുന്നു.  

MORE IN SPORTS
SHOW MORE