കേരള ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി; ക്യാപ്റ്റൻ അഹങ്കാരിയും സ്വാർഥനും; കൂട്ടപരാതി

കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ താരങ്ങളുടെ കൂട്ടപരാതി. പുതിയ സീസൺ തുടങ്ങുന്നതിനുമുൻപ് സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് 13 താരങ്ങൾ ഒപ്പിട്ട കത്ത് കെസിഎക്ക് കൈമാറി. ചരിത്രത്തിലാദ്യമായി കേരള ടീം രഞ്ജി ട്രോഫി ക്വാർട്ടറിലെത്തിയത് സച്ചിന്റെ നേതൃത്വത്തിലായിരുന്നു.

സച്ചിൻ അഹങ്കാരിയും സ്വാർഥനുമാണെന്ന് സഹതാരങ്ങൾ കത്തിൽ ആരോപിക്കുന്നു. ഏകാധിപതിയെപ്പോലെയാണ് സച്ചിന്റെ പെരുമാറ്റം. ടീം ജയിക്കുമ്പോൾ ക്രെഡിറ്റ് സ്വന്തമാക്കുകയും തോൽക്കുമ്പോൾ താരങ്ങളെ പഴിക്കുകയും ചെയ്യുന്നു. ടീമിലെ എല്ലാ താരങ്ങളും ക്യാപ്റ്റന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരാണെന്നും കത്തില്‍‌ പറയുന്നു. 

താരങ്ങളെപ്പറ്റി അവരുടെ അസാന്നിധ്യത്തിൽ മോശമായി സംസാരിക്കുന്നു. ക്യാപ്റ്റന്റെ പെരുമാറ്റത്തിൽ അസ്വസ്ഥരായാണ് ചില യുവതാരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കുവേണ്ടി കളിക്കാൻ പോയതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. 

രഞ്ജി ട്രോഫി ക്വാർട്ടറിലെത്തിയത് താരങ്ങളുടെയും പരിശീലകരുടെയും കഠിനപ്രയത്നം കൊണ്ടുമാത്രമാണ്. 

പുതിയ സീസണിനെ ഒട്ടേറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. എല്ലാ ടൂർണമെന്റുകളിലും സെമിക്കപ്പുറമെത്താൻ കഴിയുന്ന മികച്ച ടീമാണിത്. അതിനാൽ പ്രൊഫണൽ സമീപനമുള്ള മികച്ച ക്യാപ്റ്റനെ നിയോഗിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

കെസിഎ സെക്രട്ടറിക്ക് നൽകിയ കത്തിൽ അഭിഷേക് മോഹൻ, കെ സി അക്ഷയ്, കെ എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി എ ജഗദീഷ്, മൊഹമ്മദ് അസ്‌ഹറുദ്ദീൻ, എംഡി നിധീഷ്, വി.ജി റൈഫി, രോഹൻ പ്രേം. സന്ദീപ് വാര്യർ, സഞ്ജു സാംസൺ. സൽമാൻ നിസാർ സിജോമോൻ എന്നിവരാണ് ഒപ്പുവെച്ചത്. കത്തിൽ പേരുണ്ടെങ്കിലും പി രാഹുലും വിഷ്ണു വിനോദും ഒപ്പുവെച്ചിട്ടില്ല.

ബംഗളുരുവിൽ നടക്കുന്ന ക്യാപ്റ്റൻ തിമ്മയ്യ മെമ്മോറിയൽ ട്രോഫി ടൂര്‍ണമെന്റിന് ശേഷം തീരുമാനമെടുക്കുമെന്ന് കെസിഎ വ്യക്തമാക്കി.