കേരള ബ്ലാസ്റ്റേഴ്സിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ സിറ്റി ഉടമകൾ?

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഉടമകൾ കേരള ബ്ലാസ്റ്റേഴ്സിനെ നോട്ടമിടുന്നതായി റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ വലിയൊരു ശതമാനം ഓഹരി സിറ്റി ഫുട്ബോൾ ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നതായാണ് സൂചന. 

അബൂദബിയിലെ അതിസമ്പന്നരായ വ്യവസായികളാണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടമകൾ. മാഞ്ചസ്റ്റർ സിറ്റി, മെൽബൺ സിറ്റി എഫ്സി എന്നീ ക്ലബ്ബുകളുടെ ഉടമകളായ ഗ്രൂപ്പിന്, ന്യൂയോർക്ക് സിറ്റി, ലാലിഗയിലെ ജിറോണ എന്നീ ക്ലബ്ബുകളിൽ വലിയ ഓഹരി പങ്കാളിത്തവുമുണ്ട്. ഇന്ത്യ,ചൈന എന്നിവിടങ്ങളിലെ ചില ക്ലബ്ബുകളിൽ കൂടി സാന്നിധ്യമറിയിക്കാനാണ് സിറ്റി ഗ്രൂപ്പിന്റെ നീക്കം. 

ലാലിഗ വേൾഡ് പ്രീസീസൺ ഫുട്ബോൾ ടൂർണമെന്റ് കൊച്ചിയിൽ നടക്കാനാരിക്കെയാണ് പുതിയ നീക്കവും. ടൂർണമെന്റിൽ സിറ്റി ഗ്രൂപ്പിന്റെ രണ്ടുടീമുകൾക്കൊപ്പം ബ്ലാസ്റ്റേഴ്സും കളത്തിലിറങ്ങും. മൂന്ന് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് മെൽബൺ എഫ്സി, ജിറോണ എഫ്സി, ബ്ലാസ്റ്റേഴ്സ് എന്നിവർ ഏറ്റുമുട്ടും. 

കേരളത്തിലെത്തുന്നതോടെ സച്ചിൻ ടെൻഡുൽക്കർ സഹഉടമയായ ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെൻറുമായി കൂടുതൽ ചർച്ചകൾ നടത്താമെന്നാണ് സിറ്റി ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. 

അതേസമയം വാര്‍ത്തകളെ ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനേനി തള്ളി. ബ്ലാസ്റ്റേഴ്സുമായി സിറ്റി ഗ്രൂപ്പ് ചർച്ചകളൊന്നും നടത്തിയിട്ടില്ല. ഇന്ത്യയിലെ ചില ക്ലബ്ബുകളെ അവർ നോട്ടമിട്ടിട്ടുണ്ടെന്നത് ശരിയാണ്. കഴിഞ്ഞ ഐഎസ്എൽ സീസൺ മത്സരങ്ങൾ കാണാൻ സിറ്റി ഗ്രൂപ്പ് സിഇഒ ഇന്ത്യയിലെത്തിയിരുന്നു. അത്തരത്തിലൊരു ഓഫർ വന്നാൽ‌ ആലോചിച്ച് തീരുമാനമെടുക്കുമെന്നും വരുൺ പ്രതികരിച്ചു.

''ഐഎസൽ ഖ്യാതി യൂറോപ്പിലുമെത്തിയിട്ടുണ്ട്. ചില യൂറോപ്യൻ ക്ലബ്ബുകൾ ലീഗിനെക്കുറിച്ചും ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും അന്വേഷിച്ചതായി അറിഞ്ഞു. ക്ലബ്ബിലേക്കും ആരാധകരിലേക്കും ആഗോളശ്രദ്ധ ക്ഷണിക്കാൻ പറ്റിയ അവസരമാണിത്'', വരുൺ പറഞ്ഞു.