ധോണി ജീവിക്കുന്ന ഇതിഹാസം; ഇങ്ങനെ ആക്ഷേപിക്കരുത്: തുറന്നടിച്ച് ഗാംഗുലി

മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഉണർവ് നൽകിയ ഇതിഹാസതാരം. ഇന്ത്യയ്ക്ക് ഏകദിന, ട്വൻടി 20 ലോകകപ്പുകളിൽ മുത്തമിടാൻ ഭാഗ്യം ഒരുക്കി കൊടുത്ത പ്രതിഭാധനനായ താരം. ബെസ്റ്റ് ഫിനിഷറെന്ന് ലോകം വാഴ്ത്തിയ ഇതിഹാസ താരം നാണക്കേടിന്റെ വക്കിലാണ്. മെല്ലെപ്പോക്ക് ശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വഴി തെളിയിക്കുന്നു. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കി ചരിത്ര മൽസരത്തിൽ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്റ്റേഡിയം വിടേണ്ട ഗതികേടിലായിരുന്നു ഇതിഹാസതാരം.  

വിമർശനങ്ങൾക്കും കളിയാക്കലുകൾക്ക് ഇടയിലാണ് ഒരു കാലത്ത് ആരാധകർ നെഞ്ചോട് ചേർത്ത വച്ച് ഇന്ത്യയുടെ അഭിമാന താരം. ഗൗതം ഗംഭീർ അടക്കമുളള താരങ്ങൾ ധോണിക്കെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.ഇംഗ്ലണ്ടിനെതിരായ രണ്ടു ഏകദിനത്തിലും ധോണിയുടെ പ്രകടനം മോശമായിരുന്നു. രണ്ടാം ഏകദിനത്തിൽ 37 ബോളിൽനിന്നും 59 റൺസും മൂന്നാം ഏകദിനത്തിൽ 66 പന്തിൽനിന്നും 42 റൺസുമായിരുന്നു ധോണിയുടെ സമ്പാദ്യം. ഈ രണ്ടു മൽസരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പരമ്പരയും നഷ്ടമായിരുന്നു.ണ്ടാം ഏകദിനത്തിൽ ധോണിയുടെ മെല്ലപ്പോക്ക് കണ്ടുകൊണ്ട് ഇന്ത്യൻ ആരാധകർ നിരാശയോടെയാണ് ഗ്യാലറിയിൽ ഇരുന്നത്. നിറഞ്ഞ കയ്യടിയോടെ വരവേറ്റ ആരാധകർ ധോണി പുറത്തായപ്പോൾ കൂവിയും പരിഹസിച്ചും യാത്രയാക്കുകയായിരുന്നു. 

ആരാധകരും താരങ്ങളും കൈവിട്ടപ്പോൾ ധോണിക്കു വേണ്ടി ശബ്ദമുയർത്തി രംഗത്തു വന്നിരിക്കുകയാണ് മറ്റൊരു ഇതിഹാസ താരം സൗരവ് ഗാംഗുലി. ധോണിയുടെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരാളും ചെയ്യാരുതാത്ത കാര്യമാണ് ലോർഡ്സിൽ നടന്നതെന്ന് ഗാംഗുലി തുറന്നടിച്ചു ധോണി അത് അർഹിക്കുന്നില്ല.. ധോണിയെ പോലെ ഒരു കളിക്കാരനെ സമീപഭാവിയിൽ നമുക്ക് കണ്ടെടുക്കാൻ സാധിക്കുമോയെന്ന് പോലും സംശയമാണ്. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് അയാൾ. ബാറ്റിങ്ങിൽ ബുദ്ധിമുട്ട് നേരിടുന്ന ധോണിക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിയുന്നില്ല. ധോണി സ്വന്തമായ ശൈലിയിൽ കളിക്കുക, അതാണ് അദ്ദേഹത്തിന് നല്ലത്– ഗാംഗുലി പറഞ്ഞു. 

2005 ൽ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന മാസ്മരികത 2018 ൽ അദ്ദേഹത്തിന് പുറത്തെടുക്കാൻ കഴിയുമോയെന്ന് സംശയിക്കുന്നവരാണ് നമ്മൾ.  പക്ഷേ അദ്ദേഹം അങ്ങനെ കളിക്കുന്നതിനു മുൻപ് നിങ്ങൾക്ക് അയാളുടെ കളിയെ സംശയിക്കാനാവില്ല. സിക്സറുകൾ ഉയർത്തി കളിച്ചാൽ മാത്രമേ അയാൾക്ക് സിംഗിൾ എടുക്കുന്നതിനുളള ആത്മവിശ്വാസം കിട്ടൂ. 

ടീം മാനേജ്മെന്റ് ധോണിക്കൊപ്പം ഇരുന്ന് അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. നിങ്ങൾ ആറാമതായിട്ടാണ് കളിക്കുന്നതെന്നും അങ്ങനെ നിങ്ങൾക്ക് ചാൻസ് കിട്ടി ക്രീസിലെത്തുമ്പോൾ ആക്രമിച്ച് കളിക്കണമെന്നും പറഞ്ഞു കൊടുക്കണം–ഗാംഗുലി പറഞ്ഞു. ലീഡ്‌സില്‍നടന്ന അവസാന മത്സരത്തിലും ധോണിക്ക് ഫോമിലെത്താന്‍സാധിച്ചിരുന്നില്ല. 66 ബോളുകള്‍നേരിട്ട ധോണിക്ക് 42 റണ്‍സാണ്  നേടാന്‍സാധിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിലാണ് ഇന്ത്യൻ നായകനെ ആരാധകർ കൂവി വിട്ടത്. ഏകദിനത്തിൽ 10,000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ധോണിയെന്നതും ശ്രദ്ധേയം. 59 പന്തുകൾ നേരിട്ട ധോണി രണ്ടു ബൗണ്ടറി ഉൾപ്പെടെ 37 റൺസെടുത്താണ് പുറത്തായത്. ഈ മെല്ലെപ്പോക്കാണ് ആരാധകരെ ധോണിക്ക് എതിരാക്കിയത്.

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനം ധോണിയുടെ ഇംഗ്ലണ്ടിലെ അവസാന പര്യടനമാകുമെന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇംഗ്ലണ്ടിനോട് കഴിഞ്ഞ ദിവസം പരാജയപ്പെട്ട ശേഷം പവലിയനിലേക്ക് പോകവെ മത്സരത്തിനുപയോഗിച്ച പന്ത് അംപയറുടെ കൈയില്‍നിന്ന് വാങ്ങിയ ധോണിയുടെ ദൃശ്യങ്ങള്‍പങ്കുവെച്ചാണ് സോഷ്യല്‍മീഡിയയില്‍വീണ്ടും ധോണിയുടെ വിരമിക്കല്‍ചര്‍ച്ചയാകുന്നത്.