ഫ്രാന്‍സിന്‍റെ കിരീടനേട്ടം കോച്ചിന്‍റെ ഈ പ്രസംഗം കേട്ട്; കിരീടം സ്വന്തമായി: വിഡിയോ

didier-deschamps-2
SHARE

കരിം ബെന്‍സേമയെപ്പോലുള്ള മഹാമേരുക്കളെ പുറത്തിരുത്തിയാണ് ലോകവേദിയിലേക്കുള്ള ഫ്രാന്‍‌സിന്റെ കാല്‍പ്പന്താട്ടക്കാരെ പരിശീലകന്‍ ദിദയര്‍ ദെഷാം പ്രഖ്യാപിച്ചത്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും യുവത്വവും പ്രതിഭയും നിറഞ്ഞ ടീം. 1998ല്‍ ഫ്രാന്‍സിന് ആദ്യ ലോക കീരിടം നേടിക്കൊടുത്ത നായകന്‍ കൂടിയായ പരിശീലകന് അറിയാമായിരുന്നു  എങ്ങനെയാണ് ടീമിനെ ഒരുക്കേണ്ടതെന്നും പരുവപ്പെടുത്തേണ്ടതെന്നും. 

2012 മുതല്‍ ടീമിന്റെ പരിശീലകനായ ദെഷാം ഓരോ കളിക്കാരന്റെയും ശക്തിദൗര്‍ബല്യങ്ങള്‍‌ മനസിലാക്കിയാണ് ടീമിനെ രൂപപ്പെടുത്തിയത്. മുന്നേറ്റത്തില്‍  ഒളിവര്‍ ജിറൂ‍ഡിനെ ഒറ്റക്ക് നിര്‍ത്തിയ തന്ത്രം മതി ദെഷാമിന്റെ അടവുകള്‍ മനസിലാക്കാന്‍. ഒടുവില്‍ ഫ്രാന്‍സിനെ ലോകഫുട്ബോളിന്റെ രാജാക്കന്മാരാക്കിയത് ഫൈനല്‍ പോരാട്ടത്തിന്റെ ഇടവേളയില്‍ കോച്ച് ദിദയര്‍ ദെഷാം നടത്തിയ പ്രചോദന വാക്കുകളായിരുന്നു.

ഇടവേളയില്‍ കോച്ച് പറഞ്ഞതെന്ത്?

വീറുറ്റ പോരാട്ടങ്ങള്‍ കാഴ്ചവച്ച് കലാശപ്പോരിന്‍റെ പന്താട്ടത്തില്‍ അതിവേഗ നീക്കങ്ങളിലൂടെ ഫ്രാന്‍സിനെ ഞെട്ടിച്ച് ക്രൊയേഷ്യ മുന്നേറി. പക്ഷെ മല്‍സരഗതിക്ക് വിപരീതമായി ഫ്രാന്‍സ് 2–1ന്റെ ലീഡെടുത്താണ് ആദ്യപകുതി പിന്നിട്ട് കളിക്കാര്‍ ഡ്രസിങ് റൂമിലെത്തിയത്. അവിടെ കാത്ത് നിന്ന അവരുടെ കളിയാശാന്‍ പറഞ്ഞു, ‘നിങ്ങള്‍ ശ്രദ്ധിച്ചോ? അവര്‍ കൈമുട്ടുകളും ശരീരവും കളത്തില്‍ പ്രയോഗിക്കുന്നത് കണ്ടോ? അവര്‍ ആക്രമണോത്സുകരായിട്ടാണ് വന്നിരിക്കുന്നത്, പക്ഷെ നിങ്ങള്‍ ഭയപ്പേടേണ്ട, നിങ്ങള്‍ നിങ്ങളുടെ സ്വാഭാവിക കളി നടത്തുക.’ 

കോച്ച് ദിദയര്‍ ദെഷാം ഇങ്ങനെ സംസാരിക്കുമ്പോള്‍ പോഗ്ബയും ജിറൂഡും ഗ്രീസ്മാനും എംബാപ്പെയും വരാനെയും നായകന്‍ ലോറിസുമെല്ലാം തലകുമ്പിട്ടും തലയുര്‍ത്തിയും സാകൂതം ശ്രദ്ധിക്കുന്നത് കാണാം. ഒപ്പം അവരില്‍ ചിലര്‍ പരസ്പരം പ്രചോദിപ്പിക്കുന്നതും കാണാം. എതിര്‍നിരയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് മരിയോ മന്‍സുകിച്ചിനെയാണെന്നും കോച്ച് പറഞ്ഞു. രണ്ടാം പകുതിയിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളാണ് തുടര്‍ന്ന് കോച്ച് പറയുന്നുത്. ‘മന്‍സുകിച്ച് പന്തുമായി എത്തുമ്പോള്‍ ആശങ്കപ്പെടേണ്ട, അവന്റെ തലക്കും കാലിനും പാകത്തിന് പന്ത് ലഭിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം’.

ഇനി 45 മിനിറ്റ് ശ്രദ്ധിച്ചാല്‍ കിരീടം നേടാം

രണ്ടാം പകുതിയിലേക്ക് ഇറങ്ങുന്ന ടീമിനോടായി കോച്ച് പറഞ്ഞതാണ് കൂടുതല്‍ നിര്‍ണായകം. രണ്ടേ ഒന്നിന് ലീഡ് ചെയ്ത് നില്‍ക്കുകയാണെങ്കിലും പ്രതിരോധ ഫുട്ബോള്‍ കളിക്കാനല്ല പറഞ്ഞത്. ബെല്‍ജിയത്തിനെതിരായ സെമിയില്‍ പ്രതിരോധ ഫുട്ബോള്‍ കളിച്ചെന്ന ആക്ഷേപം കേട്ട ഫ്രാന്‍സിന് അത് മായ്ക്കേണ്ടിയിരുന്നു. രണ്ടാം പകുതിയിലേക്കായി പറ‍ഞ്ഞ തന്ത്രങ്ങള്‍ ഇതാണ്, ‘ സ്വാഭാവിക കളി പുറത്തെടുക്കുക, പന്ത് കിട്ടിയാല്‍ എത്രയും വേഗം അടുത്ത ആളിലേക്ക് കൈമാറുക, വേഗത്തില്‍ തന്നെ എംബാപ്പെക്ക് നല്‍കുക, അവന്റെ അതിവേഗ നീക്കങ്ങള്‍ ഗുണംചെയ്യും’. 

ഗ്രീസ്മാനായി പ്രത്യേക ഉപദേശം നല്‍കാനും മറന്നില്ല, ‘ പ്രത്യാക്രമണത്തിനായി എപ്പോഴും തയാറെടുത്തു നില്‍ക്കുക, അത് വേഗത്തിലാക്കുക’ ഇതാണ് ഗ്രീസ്മാന് നല്‍കിയ നിര്‍ദേശം. അപ്പോഴേക്കും ഇടവേള കഴിയാറായി, ഓരോരുത്തരും എഴുന്നേറ്റു, ചിലര്‍ ഡെസ്കിലടിച്ച് പ്രോത്സാഹിച്ചപ്പോള്‍ ചിലര്‍ ,കയ്യടിച്ചു, പോഗ്ബ പറഞ്ഞു, ‘ ബി പോസിറ്റീവ്’. പ്രതിരോധനിര താരം വരാനെ പറഞ്ഞു , ‘ പന്ത് കൈവശം വയ്ക്കുന്നതില്‍ അധികം ശ്രദ്ധിക്കേണ്ട, അതിവേഗത്തില്‍ പാസുകള്‍ തീര്‍ക്കാം’.

തലയുര്‍ത്തി മുന്നോട്ട്

ഇടവേള കഴിഞ്ഞ് നായകന്‍ ഹ്യൂഗോ ലോറിസിന്റെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ തലയുര്‍ത്തി, ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങി. പന്തു കിട്ടുമ്പോള്‍ എതിരാളിയെ സമ്മര്‍ദത്തിലാക്കുക ഇതായിരുന്നു തന്ത്രം. ഒടുവില്‍ 4–2ന് ഫ്രാന്‍സ് കാല്‍പന്ത് പോരിലെ രാജാക്കന്മാരായി.  

MORE IN SPORTS
SHOW MORE