മെസി പുറത്ത്; റൊണാള്‍ഡോയും വീഴുമോ? ബാലണ്‍ ഡി ഓറില്‍ ഇനി മോഡ്രിച്ചോ..?

Modric
SHARE

വമ്പന്‍ സ്പോണ്‍സര്‍മാരില്ല, കാണാന്‍ അത്ര സ്റ്റൈല്‍ ഇല്ല, സ്ട്രൈക്കറുമല്ല, ഗോളടിപ്പിക്കുന്നതിനായി എല്ലുമുറിയെ മധ്യനിരയില്‍ പണിയെടുക്കും. പുറമെ ശാന്തന്‍, പക്ഷെ ഉള്ളം നിറയെ വംശീയ വിവേചനത്തിന്‍റെ നെരിപ്പോട് ആ നെഞ്ചിലെരിയുന്നു. ലോക പന്താട്ടത്തില്‍ ടീമിനെ ആദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിച്ചതോടെയാണ് ലൂക്കാ മോഡ്രിച്ചെന്ന ക്രൊയേഷ്യക്കാരനെ ഫുട്ബോള്‍ പ്രേമികള്‍ നെഞ്ചോട് ചേര്‍ത്തത്. 

christiano-ronaldo

റൊണാള്‍‍ഡോയിലും ലിയോണല്‍ മെസിയിലും നെയ്മറിലും മുഹമ്മദ് സാലയിലും ചുറ്റിപ്പറ്റിനിന്ന ആരാധക ഗ്രഹങ്ങള്‍ അങ്ങനെ മോഡ്രിച്ചിനു ചുറ്റും കറങ്ങാന്‍ തുടങ്ങി. ഇതോടെ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്ത പത്തുപേരുടെ പട്ടികയില്‍ മോഡ്രിച്ച് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചെത്തി.

ആരവങ്ങളില്ല, ഗ്ലാമറില്ല

ക്രൊയേഷ്യയ്ക്ക് വേണ്ടി കളിക്കുമ്പോഴും റയല്‍ മഡ്രിഡിനുവേണ്ടി കളിക്കുമ്പോഴും ലൂക്കാ മോഡ്രിച്ചിനെക്കാള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് അതത് ടീമുകളിലെ ഗോളടി വീരന്മാരെയാണ്. ആരധകനെ ത്രസിപ്പിക്കുന്നത് എപ്പോഴും ഗോളടിക്കുന്നവര്‍ ആയിരിക്കും. അവരെ ചുറ്റിപ്പറ്റിയാണ് കളി രൂപപ്പെടുന്നത്, എതിരാളികള്‍ തന്ത്രം ഒരുക്കുന്നത്.  റയല്‍ മഡ്രിഡിനായി മധ്യനിരയില്‍ കളി മെനയുന്ന മോഡ്രിച്ചാണ് റൊണാള്‍ഡ‍ോയുടെയും ബെയ്്ലിന്റെയും കാലുകളിലേക്കും തലകളിലേക്കും ഗോളടിക്കാന്‍ പാകത്തില്‍ പന്തിനെ എ ത്തിക്കുന്നത്. 

messi-neymar

ഭാവസാന്ദ്രമായ ഒരു ഗാനം പോലെയാണ് മോഡ്രിച്ചിന്റെ പന്താട്ടം. മെല്ല തുടങ്ങി, കയറ്റിറക്കങ്ങളിലൂടെ ആ പന്താട്ടം മൈതാനത്തിന്റെ ഓരോ മൂലയിലേക്കും ഒഴുകിയെത്തും. റയലിനായി 116 മല്‍സരങ്ങളില്‍ നിന്ന് ഒന്‍പത് ഗോളടിച്ചിട്ടുണ്ട്. 2006 മുതല്‍ ക്രൊയേഷ്യയുടെ ദേശീയ ടീമില്‍ കളിക്കുന്ന മോഡ്രിച്ച് , ക്രൊയേഷ്യയുടെ ജേഴ്സിയിലും ഇതേ മാന്ത്രിക നീക്കങ്ങള്‍ നടത്തുന്നു. 113 മല്‍സരങ്ങളില്‍ നിന്ന് 14 ഗോള്‍ നേടി. ലോകകപ്പില്‍ ക്രൊയേഷ്യയുടെ ചരിത്രക്കുതിപ്പില്‍ 32കാരനായ മോഡ്രിച്ചിന്റെ രണ്ട് ഗോളുകളുമുണ്ട്.  

താളത്തില്‍ മുന്നോട്ട്

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പുള്ള ബാലണ്‍ ഡി ഓര്‍ സാധ്യതപട്ടികയില്‍ അഞ്ചുതവണ കിരീടം നേടിയിട്ടുള്ള റൊണാള്‍ഡോയ്ക്കും മെസിക്കും ഏറെപ്പിന്നിലായിരുന്നു. ആദ്യ അഞ്ചില്‍പ്പോലുമുണ്ടായില്ല. എന്നാല്‍ ക്രൊയേഷ്യയുടെ കുതിപ്പിനനുസരിച്ച് മോഡ്രിച്ചും പട്ടികയില്‍ മുന്നോട്ടുകയറി. അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ വീണത് മെസിക്ക് തിരിച്ചടിയായപ്പോള്‍ പരുക്ക് മുഹമ്മദ് സാലക്ക് തിരിച്ചടിയായി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് ഉള്‍പ്പെടെ നാലു ഗോള്‍ നേടിയ റൊണാള്‍ഡോ പട്ടികയിലെ ആദ്യസ്ഥാനത്ത് തുടരുകയാണ്. മെസി നാലാം സ്ഥാനത്തേക്ക് പോയപ്പോള്‍ സാല അഞ്ചാംസ്ഥാനത്തായി. ആദ്യ ലോകകപ്പ് ഫൈനലിലേക്ക് ക്രൊയേഷ്യയെ എത്തിച്ച മോഡ്രിച്ച് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചു. പെലെയ്ക്ക് ശേഷം ഫുട്ബോളിന് ലഭിക്കുന്ന കൗമാരതാരം കിലിയന്‍ എംബാപ്പെ മൂന്നാംസ്ഥാനത്തേക്കുമെത്തി. 

modric-mbappe

മോഡ്രിച്ചിന് കിട്ടുമോ?

ഗോളടിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കല്ലാതെ ബാലണ്‍ ഡി ഓര്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്. 2006ല്‍ ഇറ്റിലിയുടെ ഫാബിയോ കന്നവാരോയ്ക്കും 2010ല്‍ സ്പെയിനിന്റെ ഇനിയെസ്റ്റയ്ക്കും ബാലണ്‍ ഡി ഓര്‍ ലഭിച്ചിട്ടുണ്ട്. 2008മുതല്‍ റൊണാള്‍ഡോയും മെസിയും ബാലണ്‍ ഡി ഓര്‍ നേടാന്‍ മല്‍സരിക്കുന്നതാണ് കാണുന്നത്. ലോകകപ്പിലെ പ്രകടനം മാത്രമല്ല മോഡ്രിച്ചിനെ പരിഗണിക്കുന്നതിനു പിന്നില്‍. 

മൈതാനത്ത് കൂടുതല്‍ ഓടിയെത്തിയ താരം, മധ്യനിരയിലെ സ്ഥിരതയുള്ള പ്രകടനം, ഓരോ മല്‍സരത്തിലും ശരാശരി 69 പാസുകള്‍, ഓരോ മല്‍സരത്തിലും നല്‍കുന്ന ശരാശരി കീ പാസുകള്‍ പത്ത്. കൂടുതല്‍ ദൂരം ഓടിയ കളിക്കാരനും മറ്റാരുമല്ല, 63 കിലോമീറ്റര്‍. ക്രൊയേഷ്യയെ ആദ്യ ഫൈനലിലെത്തിച്ച മോഡ്രിച്ച് റയല്‍ മഡ്രിഡിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം ചൂടി.  ആ നിശബ്ദ പോരാട്ടത്തിന് റൊണാള്‍ഡോയുടെ ഗ്ലാമര്‍ മറികടക്കാനാവുമോ എന്നാണ് ഇനിയറിയേണ്ടത്. 

MORE IN SPORTS
SHOW MORE