ഹൃദയത്തിലെ കിരീടം ക്രൊയേഷ്യയ്ക്ക്; തോറ്റെങ്കിലും തല ഉയരെയെന്ന് മോഡ്രിച്ച്

croatia-fanlove
SHARE

ലോക കിരീടം ഫ്രാന്‍സിനായിരിക്കും, പക്ഷെ ലോക ജനതയുടെ ഹൃദയം കവര്‍ന്നത് ക്രൊയേഷ്യയും. എംബാപ്പെയുടെ കൗമാരക്കുതിപ്പില്‍ ഫുട്ബോള്‍ ലോകം തരിച്ചിരുന്നു. ആന്റോയിന്‍ ഗ്രീസ്മാന്റെ കണിശതയിലും കൗശലത്തിലും ലോകം അതിശയപ്പെട്ടു, ആവേശത്തിലായി. അപ്പോഴൊക്കെയും ക്രൊയേഷ്യയുടെ സുവര്‍ണതലമുറ തലയുര്‍ത്തി മടങ്ങണമെന്ന് ഓരോ ഫുട്ബോള്‍ പ്രേമിയും ആഗ്രഹിച്ചു. 

ക്രൊയേഷ്യയെ വീഴ്ത്തിയ സെറ്റ് പീസുകള്‍ വിവാദത്തില്‍

ആദ്യപകുതിയില്‍ കളിച്ചതും ഗോളിലേക്കുള്ള ഷോട്ടുതിര്‍ത്തതും ക്രൊയേഷ്യ. ഒരു ഗോള്‍ ഷോട്ടുപോലും ആദ്യ പകുതിയില്‍ ഉതിര്‍ക്കാതിരുന്ന ഫ്രാന്‍സ് രണ്ടെ ഒന്നിന് ലീഡ് ചെയ്തു. 18ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കും പെനല്‍റ്റിയുമാണ് ചര്‍ച്ചയായത്. ഫ്രീകിക്കിലേക്ക് നീങ്ങും മുമ്പേ പോഗ്ബ ഓഫ്സൈഡായിരുന്നുവെന്നും ഇത് റഫറി കണ്ടില്ലെന്നും ഓഫ്സൈഡ് വിളിച്ചിരുന്നെങ്കില്‍ ആ ഫ്രീ കിക്ക് അവിടെ ഉണ്ടാകുമായിരുന്നില്ല. 

team-croatia-1

ഗ്രീസ്മാന്റെ  ഫ്രീകിക്ക് മരിയോ മന്‍സുകിച്ചിന്റെ തലയിലൂടെ ഊര്‍ന്നിറങ്ങിയപ്പോഴും ക്രൊയേഷ്യയുടെ പോരാട്ടക്കാര്‍ തളര്‍ന്നില്ല. പത്തുമിനിറ്റിനകം തിരിച്ചടിച്ചു, അതും ഒരു സൂപ്പര്‍ ഷോട്ടിലൂടെ , പെരിസിച്ച് അതിജീവനത്തിന്റെ ശ്വാസം ഉതിര്‍ത്തു. വീണ്ടും പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്രൊയേഷ്യന്‍ പെനല്‍റ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ പെരിസിച്ചിന്റെ കൈ പന്തിന്റെ ഗതി തിരിച്ചത്, മല്‍സരത്തിന്റെ ഗതി തിരിക്കലായി. വിഎആറിന്റെ സഹായത്തോടെ അര്‍ജന്റീനക്കാരന്‍ റഫറി നെസ്റ്റര്‍ പിറ്റാന പെനല്‍റ്റി വിളിച്ചത് ശരിയല്ലെന്നാണ് ഒരുവാദം. പെനല്‍റ്റി വിളിക്കാനുള്ള ‘ക്രൈം’ അതിലില്ല എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. 

തളര്‍ന്ന ക്രൊയേഷ്യ

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യ അതിവേഗനീക്കങ്ങള്‍ നടത്തി. ഈ പോക്കില്‍ പ്രതിരോധത്തിന്റെ വാതിലുകള്‍ തുറന്നു. വാതിലടക്കാതെയാണ് ഫ്രഞ്ച്പടയുടെ മുന്‍നിരയിലേക്ക് ഓടുന്നതെന്നത് വസ്രാല്‍ക്കോയും സ്റ്റിരിനിച്ചും മറന്നു. ഇത് മനസിലാക്കിയ ഗ്രീസ്മാനും എംബാപ്പെയും ജിറൂഡും പോഗ്ബയും ഓടിക്കയറി. അതിന്റെ ഫലമായിരുന്നു മൂന്നും നാലും ഗോളുകള്‍. 

france-croatia-fans

ഇടയ്ക്ക് ഗോളി ലോറിസിന്റെ അമിത ആത്മവിശ്വാസത്തെ പെരിസിച്ച് വലയിലാക്കിയപ്പോള്‍ ക്രൊയേഷ്യ യി‍ല്‍ നിന്ന് അത്ഭുതം പ്രതീക്ഷിച്ചു. എന്നാല്‍ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും അധികസമയത്തേക്കും നീണ്ട മല്‍സരം കളിച്ച മോഡ്രിച്ചിനും മന്‍സുകിച്ചിനും റാക്കിട്ടിച്ചും പെരിസിച്ചിനും ഊര്‍ജം കുറവായിരുന്നു. ക്വാര്‍ട്ടറില്‍ പരുക്കേറ്റ ഗോളി സുബാസിച്ചിന് ഉയര്‍‌ന്നുചാടുന്നതിനും മുഴുനീളെ ഡൈവിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. 

തലയുര്‍ത്തി മുന്നോട്ട്

‘തോറ്റതില്‍ ഞങ്ങള്‍ക്ക് ദുഃഖമില്ല. ഫ്രാന്‍സ് നന്നായി കളിച്ചു. അര്‍ഹിച്ച വിജയം അവര്‍ നേടി. ഞങ്ങള്‍ മടങ്ങുന്നത് തലയുയര്‍ത്തി തന്നെ...’ നായകന്‍ മോഡ്രിച്ചിന്‍റെ വാക്കുകള്‍. സുവര്‍ണതലമുറ ചരിത്രം കുറിച്ചാണ് റഷ്യയുടെ വിപ്ലവ മണ്ണ് വിട്ടത്. 1998ലെ ആദ്യ ലോകകപ്പില്‍ സെമിയിലെത്തിയ ക്രൊയേഷ്യ ഇക്കുറി സുവര്‍ണ തലമുറയിലൂടെ ആദ്യ ഫൈനല്‍ കളിച്ചു. ലോക ഫുട്ബോളിന്റെ വരുനാളുകളില്‍ ക്രൊയേഷ്യയുണ്ടാകും.  2022ലെ ലോകകപ്പാവുമ്പോഴേക്കും 34 ഉം 38 ഉം 36ഉം പിന്നിടുന്ന മോഡ്രിച്ചും സുബാസിച്ചും  റാക്കിട്ടിച്ചും മന്‍സുകിച്ചും ഉണ്ടാകില്ല. എങ്കിലും ലോക ഫുട്ബോളില്‍ ക്രൊയേഷ്യ കോരിയിട്ട തീപ്പൊരി കത്തി ജ്വലിക്കും. 

croatia
MORE IN SPORTS
SHOW MORE