ക്രൊയേഷ്യ ആദ്യമായി ഫൈനലിലെത്തുമ്പോൾ പൊട്ടികരഞ്ഞ് നിക്കൊളാ കാലിനിച്ച്

Kalinic
SHARE

ലോകകപ്പില്‍ ക്രൊയേഷ്യ ആദ്യമായി ഫൈനലിലെത്തുമ്പോള്‍ ഏറ്റവും വലിയ നഷ്ടം നിക്കൊളാ കാലിനിച്ചിനാകും. ലോകകപ്പിനിടെ അച്ചടക്കലംഘനത്തെത്തുടര്‍ന്ന്  കാലിനിച്ചിനെ ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

അറിയാം, ലോകമെമ്പാടുമുള്ള ക്രോട്ടുകള്‍ ആഹ്ലാദനൃത്തം ചവിട്ടുമ്പോള്‍ നീ മാത്രം പൊട്ടിക്കരയുകയാകുമെന്ന്.ക്ലബുകള്‍ക്കായ് നീ നേടിയ  ഗോളുകള്‍ക്കൊന്നും നിന്റെ ഹൃദയത്തിനേറ്റ മുറിവ് ഉണക്കാനാകില്ല. ഞങ്ങള്‍ ഫുട്ബോള്‍ പ്രേമികള്‍ക്കുറപ്പുണ്ട് ആ ദുര്‍നിമിഷത്തെയോര്‍ത്ത് നീ നിന്നെ തന്നെ പഴിക്കുകയാണെന്ന്. 

എന്തിനായിരുന്നു നൈജീരിയയ്ക്കെതിരായ മല്‍സരത്തന്റെ 85 ാം മിനിറ്റില്‍ പകരക്കാരനായിറങ്ങാന്‍ വിമുഖത കാണിച്ചത്. എ.സി മിലാന്‍ എന്ന സ്റ്റാര്‍ ക്ലബിന്റെ സ്ട്രൈക്കര്‍ പദവിയായിരുന്നോ നിന്നെ ഇങ്ങനെ ചിന്തിപ്പിച്ചത്. ആ ഒരു നിമിഷമില്ലായിരുന്നെങ്കില്‍, നിന്റെ ദുരഭിമാനം നീ വെടിഞ്ഞിരുന്നെങ്കില്‍ സ്ലാട്ടോ ഡാലിച്ച് നിന്നെ പറഞ്ഞയക്കുമായിരുന്നില്ല. ക്ഷമയോടെ നീ കാത്തിരുന്നുവെങ്കില്‍ തുടക്കം മുതല്‍ ഒടുക്കം വരെ കളിക്കാന്‍ ഡാലിച്ച് നിനക്കും അവസരം തരുമായിരുന്നു. നീ എടുത്തു ചാടിയിരുന്നില്ലായിരുന്നെങ്കില്‍ മോസ്കോയില്‍ ചരിത്രനിമിഷം ആഘോഷിക്കാന്‍ നീയും ഉണ്ടാകുമായിരുന്നു. ലുഷ്നിക്കിയില്‍ പന്തുരുളുമ്പോള്‍ നിനക്കുവേണ്ടിയും ആരവം മുഴക്കാന്‍ ദൂരത്തെത്തോല്‍പ്പിച്ച് നിന്റെ നാട്ടുകാര്‍ എത്തുമായിരുന്നെന്ന് എനിക്കുറപ്പുണ്ട്. എന്തിനായിരുന്നു ആ ദുര്‍വാശി. ഇന്ന് നിനക്ക് ഓര്‍ത്തുവയ്ക്കാന്‍ ബാക്കിയുള്ളത് കയ്പേറിയ അനുഭവങ്ങള്‍ മാത്രം. പെരിസിച്ചിനും മാന്‍സൂക്കിച്ചിനുമൊപ്പം കാലിനിച്ചെന്ന പേരും മുഴങ്ങിക്കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ക്യാമറക്കണ്ണുകളും ആവരങ്ങളുമില്ലാതെ ഒരു ടിവിയിലിരുന്ന് നിന്റെ കൂട്ടുകാര്‍ പന്ത് തട്ടുന്നത് കാണേണ്ടിവന്ന നീ ഈ ലോകകപ്പിന്റ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരേടായി മാറിയല്ലോ...

MORE IN SPORTS
SHOW MORE