തോറ്റാലും ജയിച്ചാലും ‘ഭംഗിയുള്ള’ ആ നേട്ടം ഫ്രാൻസിനു സ്വന്തം

mbappe-pogba
SHARE

ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ഫ്രാന്‍സിന്റെ കിരീടത്തില്‍ ഇക്കുറി മറ്റൊരു പൊന്‍തൂവല്‍ കൂടിയുണ്ടാകും. ലോകകപ്പിലേക്ക് ഏറ്റവും കൂടുതല്‍ താരങ്ങളെ സംഭാവന ചെയ്ത രാജ്യമെന്ന നേട്ടമാണ് ഒന്ന്. മറ്റൊന്ന് സ്വന്തം ടീമില്‍ ഏറ്റവും കൂടുതല്‍ അന്യനാട്ടുകാരെ ഉള്‍പ്പെടുത്തിയെന്നതും. ഫ്രാന്‍സില്‍ ജനിച്ച്, അവിടെ നിന്ന് ഫുട്ബോളിന്‍റെ അടവുകള്‍ പഠിച്ചിറങ്ങിയ അന്‍പതുപേരാണ് പല രാജ്യങ്ങളെ പ്രതിനിധീകരിച്ച്  ഇത്തവണ റഷ്യയില്‍ കളിച്ചത്. മൊറോക്കോ, പോര്‍ച്ചുഗല്‍, ടുണീഷ്യന്‍ ടീമുകളിലായിരുന്നു ഇൗ അംഗസംഖ്യ കൂടുതല്‍. ഇത്രയേറെ അന്യനാട്ടുകാരുടെ ഫുട്ബോള്‍ ഗുരുകുലമായി ഫ്രാന്‍സ് മാറിയ കാരണമറിയണമെങ്കില്‍ കുറച്ചു ചരിത്രം പഠിക്കേണ്ടിവരും. 

രണ്ടാംലോകമഹായുദ്ധം കഴിഞ്ഞകാലം. തകര്‍ന്നുതരിപ്പണമായ ഫ്രാന്‍സിന്  സ്വയം കെട്ടിപ്പടുക്കാന്‍ വീണ്ടും ഒന്നില്‍നിന്ന് തുടങ്ങണം. നിര്‍മാണജോലിക്കുപോലും തൊഴിലാളികളെ കിട്ടാനില്ല. വടക്കെ ആഫ്രിക്കയിലെ ഫ്രാന്‍സിന്‍റെ മുന്‍ കോളനികളില്‍ നിന്നും തൊഴിലാളികളെ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ ആഫ്രിക്കന്‍ നാടുകള്‍ക്ക് അന്ന് ഫ്രാന്‍സ് ഒരു സ്വപ്നഭൂമിയായിത്തീര്‍ന്നു. തൊഴില്‍ തേടി  ഫ്രാന്‍സിലേക്ക് കുടിയേറിയവര്‍ക്ക് കയ്യും കണക്കുമില്ലായിരുന്നു. ഫ്രാന്‍സിന്‍റെ വളര്‍ച്ചയ്ക്കൊപ്പം കായികമേഖലയും പച്ചപിടിച്ചു. 1960 പിന്നിടുമ്പോഴേക്കും ഫ്രാന്‍സ് പഴയപ്രതാപത്തിലേക്കെത്തി. 

kylian-mbappe

കായികമേഖലയില്‍ പ്രത്യേകിച്ച് ഫുട്ബോളില്‍ പുതിയ തലമുറയ്ക്ക് നല്‍കിയ മികച്ച പരിശീലനത്തിന്‍റെ ഗുണഫലം അനുഭവിച്ചതിലേറെയും കുടിയേറ്റക്കാരുടെ മക്കളായിരുന്നു. ഇൗ കറുപ്പിന്‍റെ കരുത്തിലേറിയായിരുന്നു കായികമേഖലയില്‍ ഫ്രാന്‍സിന്‍റെ കുതിപ്പ്. അവരില്‍ പലരും ദേശീയ ടീമിലെത്തി. രാജ്യാന്തര താരങ്ങളായി വളര്‍ന്നു. ഫ്രാന്‍സിന്‍റെ ഇതിഹാസതാരം സിനദീന്‍ സിദാന്‍ അള്‍ജീരിയയില്‍നിന്നും മിഡ്ഫീല്‍ഡ‍ര്‍ പാട്രിക് വിയേര സെനഗലില്‍ നിന്നുമാണ്. ഇരുവരും വളരെച്ചറുപ്പത്തില്‍ പാരീസിലേക്ക് കുടിയേറിയവര്‍.

ഫ്രാന്‍സിനെ കിരീടത്തിനരികിലെത്തിക്കാന്‍ മുഖ്യപങ്കുവഹിച്ച കൈലിയന്‍ എംബാപെയും പോള്‍ പോഗ്ബയും ആ പാരമ്പര്യം പിന്തുടരുന്നവരാണ്. എംബാപ്പെയുടെ അമ്മ അള്‍ജീരിയക്കാരി, പിതാവ് കാമറൂണ്‍ വംശജനും. ഗിനിയന്‍ ദമ്പതിമാരുടെ മൂന്നുമക്കളില്‍ ഇളയ മകനായ  പോള്‍ പോഗ്ബെ പാരീസിലാണ് ജനിച്ചത്. പോഗ്ബെയുടെ ഇരട്ടകളായ മൂത്ത സഹോദരങ്ങളും അറിയപ്പെടുന്ന ഫുട്ബോള്‍ താരങ്ങള്‍ തന്നെ. തീര്‍ന്നില്ല. ഇക്കുറി ഫ്രഞ്ച് ലോകകപ്പ് ടീമിലെ 23 പേരില്‍ 9 പേരും ജന്‍മം കൊണ്ട് അന്യനാട്ടുകാരാണ്. ചുരുക്കത്തില്‍ റഷ്യന്‍ ലോകകപ്പില്‍ കളിച്ച താരങ്ങളില്‍ ഏറ്റവുമധികം പേരുടെ ഗുരുകുലമായ പാരീസിനെ എങ്ങനെ വിശേഷിപ്പിക്കണം. ആഗോള ഫുട്ബോളിന്‍റെ തറവാടെന്നായാലും തെറ്റില്ല. 

MORE IN SPORTS
SHOW MORE