മെസി ‘മിന്നല്‍ സൈമണ്‍’ ആയി; തലയെടുപ്പോടെ അര്‍ജന്റീന; റോഹോയെ ക്ഷണിച്ചത് മെസി

messi-2
SHARE

അതിജീവനത്തിന്റെ കളി അര്‍ജന്റീന ഉജ്വലമാക്കി. ജയിച്ചാല്‍ മാത്രം പോരായിരുന്നു, ഐസ‌്‌ലന്‍ഡ് തോല്‍ക്കണമായിരുന്നു, മെസിക്ക് ഗോളടിക്കണമായിരുന്നു, വിശ്വാസമര്‍പ്പിച്ച  ആരാധകരോട് നീതിപുലര്‍ത്തണമായിരുന്നു. അങ്ങനെ ആത്മസംഘര്‍ഷങ്ങളുടെ രാവിലാണ് മെസിയും കൂട്ടരും സെന്റ് പീറ്റേഴ്സ് ബര്‍ഗിലിറങ്ങിയത്.  കളിനടന്നത് മോസ്കോയിലാണെങ്കിലും ബ്യൂനോസ് ഐറിസാണോ റോസാരിയോ ആണെന്ന് തോന്നി, അത്രയ്ക്കേറെയായിരുന്നു നീലയും വെള്ളയും വരകളുള്ള ജേഴ്സി അണിഞ്ഞെത്തിയ ആരാധകക്കൂട്ടം. അവര്‍ നല്‍കിയ ഊര്‍ജത്തിന് നന്ദി പറഞ്ഞാണ് മെസി മൈതാനം വിട്ടത്.  

മെസി ‘മിന്നല്‍ സൈമണ്‍’ ആയി

ഐസ്്‌ലന്‍ഡിനെതിരെയും ക്രൊയേഷ്യയ്ക്കെതിരെയും ഇറങ്ങിയപ്പോള്‍ മെസിയുടെ മുഖത്ത് ആത്മവിശ്വാസം കണ്ടില്ല. എന്നാല്‍ നൈജീരിയയ്ക്കെതിരെ ആത്മവിശ്വാസത്തോടെ നായകന്റെ തലയെടുപ്പോടെ ഇറങ്ങി. ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ സാംപോളിയുടേതിനെക്കാള്‍ മെസിയുടെ തന്ത്രത്തോടെയാകും. കാരണം ക്രൊയേഷ്യയ്ക്കെതിരെ തോറ്റപ്പോള്‍ കോച്ചിനെ മാറ്റാന്‍ ടീമിലെ ഭൂരിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്. തല്‍ക്കാലം കോച്ചിനെ മാറ്റേണ്ടതില്ല എന്ന തീരുമാനം വന്നപ്പോള്‍ കളിക്കാര്‍ വച്ച നിര്‍ദേശം പ്ലയിങ് ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ കോച്ച് ഇടപെടരുത് എന്നായിരുന്നു. അത് ശരിവയ്ക്കുന്നതായിരുന്നു നൈജീരയ്ക്കെതിരായ മല്‍സരം. സാംപോളിയുടെ പതിവ് 3–5–2 ശൈലിയില്‍ നിന്ന് മാറി 4–4–2ശൈലിയിലാണ് ടീം ഇറങ്ങിയത്. മധ്യനിരയില്‍ നിന്ന് മെസിയിലേക്ക് പന്ത് എത്തുന്ന വിധത്തില്‍ കളിമാറി. 

കഴിഞ്ഞ രണ്ട് മല്‍സരത്തില്‍ ആകെ 36മിനിറ്റ് മാത്രം കളിച്ച എവര്‍ ബനേഗ മുഴുവന്‍ സമയം കളിച്ചത് വലിയ മാറ്റമായി. മെസിയിലേക്ക് പന്തെത്തി, ബനേഗ നല്‍കിയ ലോങ് ബോള്‍ ഒരു പ്രാവിനെ കയ്യിലെടുക്കും പോലെ മെസി കാല്‍മുട്ടില്‍ തഴുകി വലംകാലില്‍ നിന്ന് ആഫ്രിക്കയുടെ വലയിലേക്കിട്ടത് മെസിയുടെ മാത്രമല്ല അര്‍ജന്റീനയുടെയും ആശ്വാസ നിമിഷമായിരുന്നു. പിന്നീട് കണ്ട മെസി, കവി ഉദ്ദേശിച്ചതില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മിന്നല്‍ സൈമണ്‍ എന്ന കഥാപാത്രത്തെ പോലെയായിരുന്നു. സഹതാരങ്ങളെ പ്രചോദിപ്പിച്ച്, നിര്‍ദേശങ്ങള്‍ നല്‍കി ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

messi-3

 റോഹോയുടെ വീര്യം

പ്രായം തളര്‍ത്തുന്ന റോഹോയെ പുറത്തിരുത്തേണ്ടതാണെന്ന വാദങ്ങളെ തകര്‍ത്തെറിഞ്ഞാണ് പ്ലയിങ് ഇലവനിലേക്ക് മെസി, റോഹോയെ ക്ഷണിച്ചത്. അതിനു മറുപടിയായിരുന്നു ആ ഗോള്‍. 86 മിനിറ്റില്‍ മെര്‍ക്കാര്‍ഡോയുടെ ക്രോസില്‍ നിന്ന് റോഹോ തൊടുത്തത് ലോകമെങ്ങുമുള്ള അര്‍ജന്റീന ആരാധകരുടെ വികാരമായിരുന്നു. കരുത്തോടെ അത് നൈജീരിയയുടെ വലയിലെത്തിയപ്പോള്‍ റോഹോ മെസിയെ ചുമലിലേറ്റിയത് നന്ദി സൂചകമായിരുന്നു. 

ഈ കളിപോരാ

ആദ്യപകുതിയിലെ താളവും ആക്രമണവും രണ്ടാം പകുതിയില്‍ കണ്ടില്ല. മഷരാനോയുടെ അനാവശ്യ ഫൗള്‍ ഒരുക്കിയ പെനല്‍റ്റി, തുറന്നിട്ട നൈജീരിയന്‍ കോട്ട കയറിയിലേക്ക് അനായാസം ആക്രമണം അഴിച്ചുവിട്ടതുപോലെ കരുത്തന്മാരോട് ഏറ്റുമുട്ടുമ്പോള്‍ സാധിക്കില്ല. ഇത് ഐസ്‌ലന്‍ഡിനെതിരെയും ക്രൊയേഷ്യയ്ക്കെതിരെയും കണ്ടതാണ്.  അവസാന പതിനാറില്‍ മധ്യനിര ശക്തമായ ഫ്രഞ്ച് പടയെ മെരുക്കാന്‍ ഈ കളി പോരാ. 

MORE IN SPORTS
SHOW MORE