പെനല്‍റ്റി ബോക്സിലെ ബസ് പാര്‍ക്കിങ് പൊളിഞ്ഞു തുടങ്ങി; മറുതന്ത്രങ്ങളുമായി ടീമുകൾ

messi-iceland-2
SHARE

പെനല്‍റ്റി ബോക്സിനു മുന്നില്‍ ‘ബസ് പാര്‍ക്കിങ്’ നടത്തുന്ന ടീമുകളുടെ തന്ത്രം മറികടക്കാന്‍ വഴികള്‍ പലതുണ്ട്.  ‘പാര്‍ക്കിങ് ദ് ബസ്’ കുറ്റകരമായ ഒന്നല്ല. ചെറുടീമുകളാണ് ബസുമായി മൈതാനത്ത് ഇറങ്ങാറുള്ളത്. വമ്പന്‍ടീമുകളെ പെനല്‍റ്റി ബോക്സിനുമുന്നിലെ ബസില്‍ കയറ്റിനിര്‍ത്തി ഗോള്‍ തടയുകയാണ് ഈ ടീമുകളുടെ ലക്ഷ്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും ബുന്ദസ് ലീഗിലും സെറി എയിലും കുഞ്ഞന്‍ ടീമുകളാണ് ബസുമായി ആദ്യം ഇറങ്ങിയത്. 

ചെല്‍സിയും ആഴ്സനലും ഇന്റര്‍മിലാനും അത്്ലറ്റികോ മഡ്രിഡുമെല്ലാം ലീഗുകളിലും ചാംപ്യന്‍സ് ലീഗിലുമെല്ലാം ബസ് ഇട്ട് പ്രതിരോധിച്ചവരാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരെ ഐസ്്ലന്‍ഡ് വോള്‍വോ ബസിട്ടപ്പോഴാണ് ഇത് വലിയതോതില്‍ ചര്‍ച്ചയായത്. ഫുട്ബോളിന്റെ രസം കൊല്ലുന്ന ഏര്‍പ്പാട്, ഇത് അനുവദിച്ചുകൂടാ എന്നൊക്ക വാദങ്ങള്‍ ഉണ്ടായി. ക്ലബ്ബ് തലത്തില്‍ ക്ലീന്‍ ഷീറ്റിനുവേണ്ടിയും തരംതാഴ്ത്തലില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയും ആണ് പരിശീലകര്‍ ടീമിനെ ബസ് പാര്‍ക്ക് ചെയ്യാന്‍ പഠിപ്പിച്ചത്. പിന്നീട് അത് യൂറോകപ്പിലും ഇപ്പോഴിതാ ലോകകപ്പിലേക്കും എത്തി. 

എങ്ങനെയാണ് ബസ് പാര്‍ക്ക് ചെയ്യുന്നത്?

ഹോസെ മൗറീഞ്ഞോ ഒരിക്കല്‍ 8–1–1 എന്ന രീതിയില്‍ വരെ പെനല്‍റ്റി ബോക്സിനു മുന്നില്‍ ചെല്‍സിയെക്കൊണ്ട് ബസ് പാര്‍ക്ക് ചെയ്യിച്ചിട്ടുണ്ട്. 5–3–2, 5–4–1 , 4–5–1എന്നിങ്ങനെയെല്ലാം പ്രതിരോധം തീര്‍ക്കും. എതിര്‍ ടീം മധ്യവരെ കടക്കുമ്പോഴേക്കും പെനല്‍റ്റി ബോക്സിനു മുന്നില്‍ ബസ് വന്നു നില്‍ക്കും. മൈതാനത്തിന്റെ ഇരുവശങ്ങളിലേക്കും നീണ്ടുനില്‍ക്കുന്നതരത്തിലാവും ഗോളിക്ക് മുന്നിലായി ഈ ബസ് വന്നുനല്‍ക്കുക. ഒരാള്‍മാത്രം ബോക്സിനു പുറത്ത് കാവല്‍ നില്‍ക്കുന്നുണ്ടാവും  പന്ത് റാഞ്ചി പ്രത്യാക്രമണത്തിലേക്ക് കുതിക്കുകയാണ് ഇയാളുടെ ദൗത്യം. അയാള്‍ മുന്നേറുമ്പോള്‍ ബസില്‍ നിന്ന് മറ്റുള്ളവര്‍ ഇറങ്ങി അകമ്പടി പോകും. എതിരാളിയുടെ കാലില്‍ പന്ത് കിട്ടിയാല്‍ വീണ്ടും പെനല്‍റ്റി ബോക്സിലേക്കെത്തി ബസ് വട്ടമിടും. എതിരാളിയെ സ്കോര്‍ ചെയ്യാന്‍ അനുവദിക്കാരിക്കുക, ക്ലീന്‍ ഷീറ്റുമായി പോയിന്റ് പങ്കുവയ്ക്കുക, ഇതാണ് ബസുടമകളുടെ തന്ത്രം.

iceland-nigeria-1

ഈ ബസിനെ എങ്ങനെ മാറ്റും?

ഈ ബസിനെ പെനല്‍റ്റി ബോക്സിനു മുന്നില്‍ നിന്ന് മാറ്റുവാന്‍ പ്രധാനമായും മൂന്നുതരത്തിലുള്ള വഴികളാണ് ടീമുകള്‍ പ്രയോഗിക്കുന്നത്. ബയേണ്‍ മ്യൂനിക്, ലിവര്‍ പൂള്‍, ഫ്രാന്‍സ്, നൈജീരിയ തുടങ്ങിയ ടീമുകള്‍ ബസിട്ടവരെ വിരട്ടിയോടിച്ച ചരിത്രമുണ്ട്. 

തന്ത്രം ഒന്ന്

ഇരുവിങ്ങുകളിലൂടെയും അതിവേഗത്തില്‍ കുതിക്കുന്ന രണ്ടുതാരങ്ങളെ ഉപയോഗിച്ച് ബയേണ്‍ മ്യൂനിക് , ആര്‍സനലിനെ വീഴ്ത്തിയ തന്ത്രമാണ് ഇതില്‍ പ്രധാനം. വിങ്ങുകളിലൂടെ എതിരാളികള്‍ കുതിച്ചെത്തുമ്പോള്‍ ബസിന്റെ മധ്യഭാഗത്തെ വാതില്‍ തുറക്കും, ഈ പഴുതിലൂടെ അകത്തുകയറി ഗോളടിക്കാം. ലോബ് ക്രോസുകളും ഈ ഘട്ടത്തില്‍ പ്രയോഗിക്കാം. ഫ്രാന്‍സ് യൂറോകപ്പില്‍ ഐസ്്‌ലന്‍ഡിനെതിരെ 3–2ന്റെ വിജയം ഇങ്ങനെയായിരുന്നു, 

തന്ത്രം രണ്ട്

എതിരാളി ബസ് പാര്‍ക്ക് ചെയ്യുന്നതിനു മുമ്പേ തന്നെ ഗോളടിക്കുക എന്നതാണിത്. കളിയുടെ ആദ്യമിനിറ്റുകളില്‍ തന്നെ ഗോള്‍ വീണാല്‍ ബസിട്ടു പിടിക്കാനുള്ള നീക്കം പാളും. ഒന്നിനു പിറകെ ഒന്നായി ആക്രമിച്ച് കയറുന്നതും ബസിന്റെ നിയന്ത്രണം നഷ്ടമാക്കും. ആ പഴുതിലൂടെ അകത്തുകയറാനാകും. 

തന്ത്രം മൂന്ന് 

ഇരയിട്ടു മീന്‍ പിടിക്കുന്നതുപോലെയാണിത്. ബസില്‍ നില്‍ക്കുന്നവരെ സ്വന്തം ഹാഫിലേക്ക് ആകര്‍ഷിക്കുക എന്ന തന്ത്രം. എതിരാളി കയറി വരുമ്പോള്‍ വഴിയിലിട്ട് പിടിക്കുകയാണ് ഈ അവസരത്തില്‍ ടീമുകള്‍ ചെയ്യുന്നത്. ഇതിനായി വേഗത്തില്‍ കുതിക്കുന്ന മധ്യനിരപോരാളികളെ ചുമതലപ്പെടുത്തണം. പക്ഷെ ഇത് കുറച്ച് സാഹസികമാണ്.

team-brazil-1

ഈ ലോകകപ്പില്‍ കണ്ട ചില ബസുകളും മറുപടികളും

ഐസ്്‌ലന്‍ഡ് ബസ് പാര്‍ക്ക് ചെയ്ത് നിന്നപ്പോള്‍ അര്‍ജന്റീനയ്ക്ക് പെനല്‍റ്റി ബോക്സില്‍ കയറാനായില്ല. അതിവേഗത്തില്‍ കുതിക്കുന്ന വിങ്ങര്‍മാരുടെ അഭാവവും ക്രിയാത്മകമല്ലാത്ത മധ്യനിരയും ആണ് അര്‍ജന്റീനക്ക് തിരിച്ചടിയായത്. എന്നാല്‍ നൈജീരിയയുടെ അതിവേഗക്കുതിപ്പില്‍ ഐസ്‌ലന്‍ഡിന്റെ ബസ് തകര്‍ന്ന് തരിപ്പണമാകുന്നത് കണ്ടു. കോസ്റ്റാറിക്ക ഇട്ട ബസ് ബ്രസീല്‍ പൊളിച്ചത് നിരന്തരമായ ആക്രമണത്തിനുശേഷമാണ്. 

ഇറാന്‍ സ്പെയിെനതിരെ ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയത് ബസ് പാര്‍ക്കിങ്ങിലൂടെയാണ്. എന്നാല്‍ ഇതേ തന്ത്രം മറ്റൊരു തരത്തില്‍ അവതരപ്പിച്ചത് ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലാണ്. ആദ്യമിനിറ്റില്‍ തന്നെ ലീഡെടുത്ത ശേഷം മൊറോക്കോയെ പോര്‍ച്ചുഗല്‍ ബസ് വട്ടമിട്ടാണ് പിടിച്ചുകെട്ടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കാണുന്ന ഈ ബസ് പാര്‍ക്കിങ് നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ടീമുകള്‍ക്ക്് ഗുണം ചെയ്യില്ല. അതിനാല്‍ കൂടുതല്‍ ആക്രമണ ഫുട്ബോള്‍ നോക്കൗട്ടില്‍ പ്രതീക്ഷിക്കാം. 

MORE IN SPORTS
SHOW MORE