തോൽവിയിലും ബ്രസീലിനെ വിറപ്പിച്ച ഹീറോ; ഇത് കെയ്‍ലര്‍ നവാസ്

keylor-navas
SHARE

ബ്രസീല്‍ കോസ്റ്ററിക്ക മല്‍സരത്തില്‍ താരമായത് കോസ്റ്ററിക്കന്‍ ഗോളി കെയ്‍ലര്‍ നവാസാണ്. ഗോളെന്നുറപ്പിച്ച കാനറികളുെട ഒട്ടേറെ അവസരങ്ങള്‍ തട്ടിയകറ്റിയ കോസ്റ്ററിക്കന്‍ ക്യാപ്റ്റന്‍ 90 മിനിറ്റിന് ശേഷമാണ് ഗോള്‍ വഴങ്ങിയത്. അപരാജിതമായ തൊണ്ണൂറ് മിനിറ്റുകള്‍.. കാനറികള്‍ ഏറ്റുമുട്ടിയത് അയാളോട് മാത്രമായിരുന്നു. നിധികാക്കുന്ന ഭൂതത്തെപ്പോലെ ആ മനുഷ്യന്‍ ഗോള്‍ വല കാത്തു. കെട്ടിപ്പടുത്ത പ്രതിരോധക്കോട്ട പിളര്‍ന്ന് വെടിയുണ്ട നേര്‍ക്കുവന്നപ്പോള്‍ സധൈര്യം അയാള്‍ തട്ടിയകറ്റി. 

നെയ്മറുടെ ഗോളെന്നുറച്ച ബുള്ളറ്റ് ഷോട്ട്... പക്ഷേ കെയ്‌ലര്‍ നവാസെന്ന ഉരുക്കുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താനായില്ല. 56 ാം മിനിറ്റില്‍ വീണ്ടും ഇരുവരും ഒരിക്കല്‍ കൂടി കണ്ടു. അപ്പോഴും ജയം കോസ്റ്ററിക്കന്‍ തലവനൊപ്പം. ബ്രസീലിയന്‍ സ്ട്രൈക്കര്‍മാര്‍ ഒന്നാകെ ഗോള്‍ മുഖത്ത് തമ്പടിച്ചിട്ടും നവാസ് പതറിയില്ല. 88 ാം മിനിറ്റില്‍ സേവ് ചെയ്യുന്നതിനിടെ എതിര്‍താരവുമായി കൂട്ടിയിടിച്ച് നവാസിന് പരുക്കേറ്റു. അതുവരെ പിടിച്ചു നിന്ന ആ യോദ്ധാവ് അതോടെ തളര്‍ന്നു. കൈകള്‍ ചോര്‍ന്നു. ആദ്യം കുടീഞ്ഞോ... പിന്നെ നെയ്മറും നിറയൊഴിച്ചു. 2014– ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെ ഒരുഗോള്‍ മാത്രമാണ് കെയ്‌ലര്‍ നവാസ് വീഴ്ത്തിയത്. ഈ മിന്നും പ്രകടനമാണ് ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ റയലിന്റെ ഗോള്‍ മുഖത്തേക്ക് എത്തിച്ചത്.

MORE IN SPORTS
SHOW MORE