സാംപോളി ‘വട്ടോളി’ ആയോ; കോച്ചിന് എന്തുംപറയാമല്ലോയെന്ന് അഗ്യൂറ; പൊട്ടിത്തെറി?

argentina-special
SHARE

ഫുട്ബോളിലെ ഏറ്റവും സര്‍ഗാത്മക കളി കാഴ്ചവയ്ക്കുന്ന, വിപ്ലവ ഗാഥകളെ നെഞ്ചേറ്റിയ അര്‍ജന്റീന കളത്തിലെയും പുറത്തെയും തെറ്റായ സാമൂഹ്യനീതികളുടെ അതിര്‍വരമ്പുകളെ ഭേദിക്കാന്‍ ആഗ്രഹിച്ച വലിയൊരുകൂട്ടം ആ ടീമിന്റെ വിജയത്തിനായി ദാഹിച്ചു. വിപ്ലവത്തിന്റെ നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം ഉയര്‍ത്തണമെന്ന് അതിയായി ആഗ്രഹിച്ചു. എന്നാല്‍ അവരെല്ലാം ചിലകാര്യങ്ങള്‍ മറന്നു. മെസിയല്ല അര്‍ജന്റീനയുടെ പരിശീലകന്‍, മെസിയല്ല അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍, മെസിയുടെ സ്ഥാനം പ്രതിരോധനിരയിലുമല്ല. ഫുട്ബോളില്‍ ‘സിംഗിള്‍സ്’ ഗെയിമിന് സ്ഥാനമില്ല എന്ന വലിയ സത്യവും.  

സാംപോളി ‘വട്ടോളി’ ആയോ?

ഒളിംപ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായ കോച്ച്  വട്ടോളി പൊറിഞ്ചുവിന്റെ വീരവാദങ്ങളും തന്ത്രങ്ങളും പോലെയായി ഹോര്‍ഗെ സാംപോളിയെന്ന പരിശീലകന്‍ അര്‍ജന്റീനയ്ക്കായി കാട്ടിക്കൂട്ടിയത്. പതിവ് ശൈലിയായ 4–2–3–1 എന്ന രീതിയില്‍ നിന്ന് 3–4–3 എന്ന ശൈലിയിലേക്ക് മാറ്റി. എഞ്ചല്‍ ഡി മരിയയെയും റോജോയെയും ബിഗ്ലിയെയും പുറത്തിരുത്തി ആദ്യ ഇലവനെ ഇറക്കി. 

പ്രതിരോധക്കോട്ടയുടെ പ്രധാനവാതിലുകള്‍ അടച്ചിട്ട് ഇരുവശങ്ങളിലെയും വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടായിരുന്നു ക്രൊയേഷ്യയ്ക്കെതിരെ അര്‍ജന്റീന കളിച്ചത്. ഓട്ടമെന്‍ഡിയും മെര്‍ക്കാര്‍ഡോയും പന്തിന്റെ ഗതി വായിച്ചെടുക്കുന്നതില്‍ അമ്പേ പരാജയമായി. ക്രൊയേഷ്യ ആക്രമണത്തിന് വരുമ്പോള്‍ വശങ്ങളില്‍ തുറന്നിട്ട കോട്ടവാതിലുകള്‍ കൊട്ടിയടക്കണമെന്നത് മറന്നു. പ്രധാന സ്ട്രൈക്കറായി അഗ്യൂറോയെ പിന്‍വലിക്കുക എന്ന മണ്ടത്തരവും സാംപോളി നടത്തി. കളിയുടെ ശൈലി മാറ്റിയെങ്കിലും തന്ത്രം മെസിയെ കേന്ദ്രീകരിച്ചുതന്നെയായിരുന്നു. മെസിയിലേക്ക് പന്തെത്തിക്കുക എന്ന സാംപോളിയുടെ തന്ത്രം ഐസ്്ലന്‍ഡ് പൊളിച്ചടുക്കിയിട്ടും പഠിച്ചില്ല. ഈ തന്ത്രം മനസിലാക്കിയ ക്രൊയേഷ്യ മെസിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. അതുകൊണ്ടു തന്നെ മെസിയുടെ കാലില്‍ നിന്ന് ഒരു ഷോട്ടെത്തിയത് 64ാം മിനിറ്റിലാണ്. മധ്യനിരയില്‍ ആസൂത്രണമോ ഭാവനസമ്പനമായ നീക്കമോ നടന്നില്ല. പൗലോ ഡിബാലയെന്ന യുവ സ്ട്രൈക്കറെ സാംപോളി വിശ്വാസത്തിലെടുത്തില്ല. 

മെസി മാത്രമോ കുറ്റക്കാരന്‍

അര്‍ജന്റീനയെന്നാല്‍ മെസി എന്ന ചിന്തമാറിയാലേ ആ ടീം മുന്നേറൂ. റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെപ്പോലെ പരിശീലനത്തിലും ആസൂത്രണത്തിലും അര്‍ജന്റീന ഏഴയലത്ത് എത്തില്ല. ഇപ്പോള്‍ മെസിയെ പഴിക്കുന്നവര്‍ റഷ്യയില്‍ അര്‍ജന്റീന കളിച്ചത് മെസി മൂലമാണെന്ന് മറക്കുന്നു. മെസി കളിക്കാത്ത എട്ട് യോഗ്യതാ മല്‍സരങ്ങളില്‍ നിന്ന് അര്‍ജന്റീന നേടിയത് വെറും ഏഴുപോയിന്റ് മാത്രം. എന്നാല്‍ മെസി കളിച്ച പത്ത് മല്‍സരത്തില്‍ നിന്ന് നേടിയത് 21പോയിന്റും. മെസിയുടെ ഗോളടി മികവിലാണ് ഇക്വഡോറിനെയും മറികടന്ന് ടീം റഷ്യയിലേക്ക് കുതിച്ചത്.  

തിരിച്ചുവരാന്‍ മനോധൈര്യം ബാക്കിയുണ്ടോ?

വികാരജീവികളാണ്, തോല്‍വി അവരെ നിരാശപ്പെടുത്തും. അതുകൊണ്ടുകൊണ്ടു തന്നെ ഇനിയൊരു തിരിച്ചുവരവ് ഏറെ ശ്രമകരമാണ്. 1958ല്‍ ചെക്കോസ്ലാവ്യക്കയോട് 1–6നു തോറ്റശേഷം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന നേരിടുന്ന വലിയ തോല്‍വിയാണ് ക്രൊയേഷ്യയോട് നേരിട്ടത്. 44 വര്‍ഷത്തിനുശേഷം ഇതാദ്യമാണ് അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മല്‍സരത്തില്‍ നിന്ന് ജയം നേടാതെ നില്‍ക്കുന്നത്. 

argentina-chance

2002ലെ ലോകകപ്പിലെ പോലെ പ്രീക്വാര്‍ട്ടര്‍ കാണാതെ ടീം പുറത്താകുമോ എന്നതാണ് ഇപ്പോഴത്തെ ഭയം. ഐസ്്ലന്‍ഡ്, നൈജീരിയ ടീമുകളെ പ്രകടനത്തെ ആശ്രയിച്ചാവും മുന്നോട്ടുള്ള പ്രയാണം. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ നൈജീരിയയെ തോല്‍പിച്ചാല്‍ മാത്രംപോരാ ഐസ്്‌ലന്‍ഡിന്റെ തോല്‍വിക്കായി കാത്തിരിക്കണം. താന്‍ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ തന്റെ ഗെയിം പ്ലാന്‍ ചില കളിക്കാര്‍ക്ക് മനസിലായില്ലെന്ന് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തശേഷവും കോച്ച് സാംപോളി പറഞ്ഞത് കാര്യങ്ങള്‍ വഷളാക്കും. 

കോച്ചിന് എന്തുംപറയാമല്ലോ എന്ന അഗ്യൂറോയുടെ പ്രതികരണം വരാനിരിക്കുന്നതിന്റെ സൂചനയായി കാണാം. കൂടുതലൊന്നും പറയാനില്ലെന്നും അഗ്യൂറ കൂട്ടിച്ചേര്‍ത്തതും അസ്വസ്ഥകളുടെ പ്രകടസൂചനയാകുന്നു

argentina-croatia-t
MORE IN SPORTS
SHOW MORE