റഷ്യ എന്ന കളിക്കളം

football-fans
SHARE

റഷ്യ. പേരുകേള്‍ക്കുമ്പോള്‍തന്നെ  മനസിലൊരു തണുപ്പാണ്. മരംപെയ്യുന്ന തെരുവുകള്‍ , മഞ്ഞുപുതച്ച മലനിരകള്‍ ‍, തണുത്തുറഞ്ഞ വോള്‍ഗ, കറുപ്പും കടുപ്പച്ചയുമുള്ള കോട്ടില്‍ അതിവേഗം നീങ്ങുന്ന മനുഷ്യര്‍‍.  നിശബ്ദമായ തെരുവുകളിലെ നിശ്വാസങ്ങള്‍ക്കും മഞ്ഞിന്റെ മൂടല്‍ . യൂണിയന്‍ ഒാഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്കില്‍നിന്ന് അടര്‍ന്നുമാറി ഇരുപത്തിയാറുവര്‍ഷങ്ങള്‍ .ലോകത്തെ ഏറ്റവും വലിയരാജ്യം.  ഇന്നത്തെ ഈ ഭൂവിശാലതയ്ക്കപ്പുറം സാഹിത്യവും വിപ്ളവവും കമ്യൂണിസവും കൊടിനാട്ടിയ ആ പഴയ സോവിയറ്റ് യൂണിയന്റെ പരിഛേദമായ റഷ്യ.ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറുമ്പോഴേക്കും ഇവിടെ റഷ്യ ഏറെ വായിക്കപ്പെട്ടിരുന്നു. 

ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്മാര്‍ മലയാളികളുടെ മനസില്‍ ചേക്കേറും മുന്‍‌പേ ലിയോ ടോള്‍സ്റ്റോയിയും ദസ്തേവ്സ്കിയും ആന്റണ്‍ ചെക്കോവുമൊക്കെ അതിര്‍ത്തികള്‍ താണ്ടി മലയാളികളില്‍ വസന്തംതീര്‍ത്തു.മലയാളത്തിലേക്ക് ഏറ്റവുമധികം  വിവര്‍ത്തനം ചെയ്യപ്പെട്ടതും റഷ്യന്‍ സാഹിത്യം തന്നെ. ബാലസാഹിത്യകൃതികളിലൂടെ  ഒരിക്കലും കാണാത്ത  റഷ്യയെക്കുറിച്ച് സ്വപ്നംകണ്ടവരില്‍ കുട്ടികളുമുണ്ടായി. കമ്യൂണിസ്റ്റ് വേരോട്ടമുള്ള ബംഗാളിലേക്കും ഒട്ടേറെ റഷ്യന്‍ സാഹിത്യകൃതികള്‍ വിവര്‍ത്തനംചെയ്യപ്പെട്ടു.അതിനെല്ലാമപ്പുറം ഒരു ഗ്ളോസിപേപ്പറില്‍ പതിഞ്ഞെത്തിയ സോവിയറ്റ് നാടിന്റെ ചിത്രങ്ങള്‍ ഗൃഹാതുരതയോടെ ഒാര്‍മകളില്‍പേറുന്നവരാണ് നാം മലയാളികള്‍ ‍. എം.കരുണാനിധി ആറുപതിറ്റാണ്ടുമുന്‍പ് സ്വന്തം മകന് സ്റ്റാലിന്‍ എന്നുപേരിട്ടതും ചരിത്രം.

ലെനിന്‍ ഗ്രാഡ് സെന്റ് പീറ്റേഴ്സ് ബര്‍ഗായി പരിണമിച്ചെങ്കിലും ലെനിനും സ്റ്റാലിനുമെല്ലാം തലമുറകള്‍ പിന്നിട്ട് സിരകളിലൊഴുകി.സമ്പന്നമായ രാഷ്ട്രീയ,സാമൂഹ്യ,സാഹിത്യ ലോകത്തിനുമപ്പുറം ഇതൊക്കെ മാറ്റിനിര്‍ത്തിയാലും ബാലെ, സര്‍ക്കസ്, ജിംനാസ്റ്റിക്സ് അങ്ങനെ ഒരു ശരാശരി മലയാളിക്ക് റഷ്യ പലതുമാണ്. ഗാരി കാസ്പറവും  മരിയ ഷറപ്പോവയുമാണ്. വോഡ്കയും അതിസുന്ദരിമാരായ പെണ്‍കൊടികളുമാണ്.  സാഹിത്യവും കലയും സ്പോര്‍ട്സുമെല്ലാം ഇഴയടുപ്പമിട്ട് നെയ്ത റഷ്യ. വോള്‍ഗയുടെയും ചെങ്കടലിന്റെയും തീരത്ത് ലോകകപ്പ് ആവേശമാകുമ്പോഴും ഫിഫയുടെ റാങ്കിങ്ങില്‍ റഷ്യന്‍ ടീം പിന്നിലാണ്. മരുന്നടിവിവാദങ്ങളുണ്ടായിട്ടും തളരാത്തതാണ് പക്ഷെ അവരുടെ കായികപാരമ്പര്യം. അതേക്കുറിച്ച് നാളെ. 

MORE IN SPORTS
SHOW MORE